പ്രസിദ്ധമായ ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മാതൄകയിൽ കേരളത്തിലും സാഹിത്യോത്സവം ഒരുങ്ങുന്നു. ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ കോഴിക്കോട്ടാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2016 എന്ന പേരില്‍ രാജ്യാന്തര സാഹിത്യോത്സവം. മുന്‍നിര പ്രസാധകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന ഡി സി കിഴക്കെമുറിയുടെ സ്മരണാര്‍ത്ഥമുള്ള ഡി സി കിഴക്കെമുറി ഫൗണ്ടേഷനാണ് സാഹിത്യോത്സവം ഒരുക്കുന്നത്.
കോഴിക്കോട് ബീച്ച് പരിസരത്ത് (ഡിടിപിസിയുടെ സ്ഥലത്ത്) പ്രശസ്ത ശില്പിയും കൊച്ചി-മുസിരിസ് ബിനാലെ കോര്‍ഡിനേറ്ററുമായ റിയാസ് കോമു രൂപകല്പന ചെയ്യുന്ന അഞ്ച് പവലിയനുകളിലായിട്ടാണ് ‘ലിറ്റ് ഫെസ്റ്റ്’ നടക്കുക. പ്രശസ്ത കവി കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഫൗണ്ടേഷന് സെക്രട്ടറി രവി ഡി സിയാണ് ചീഫ് കോര്‍ഡിനേറ്റര്‍.
കേരളത്തിന്റെ ആദ്യ സാഹിത്യോത്സവം
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ എല്ലാ വര്‍ഷവും ഇത്തരം സാഹിത്യോത്സവങ്ങള്‍ നടക്കുന്നുന്നുണ്ട്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ഹെ ഫെസ്റ്റിവല്‍, ചെന്നൈ ബാംഗ്ലൂര്‍ ഫെസ്റ്റിവലുകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സാഹിത്യോത്സവങ്ങള്‍ എന്നിവ ഉദാഹരണം. ഭാഷയുടെ പരിമിതികളെ മറികടന്ന് പ്രാദേശിക സാഹിത്യം ലോകശ്രദ്ധ നേടുന്നതും ഇത്തരം സാഹിത്യോത്സവങ്ങളിലൂടെയാണ്.
എന്നാല്‍ മലയാളത്തില്‍ ഇങ്ങനെ വിപുലമായ സാഹിത്യോത്സവങ്ങള്‍ ഇതുവരെ നടന്നിട്ടില്ല. ഈ കുറവ് പരിഹരിക്കാനാണ് ‘ലിറ്റ് ഫെസ്റ്റ്’. 2016 മുതല്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സാഹിത്യോത്സവം നടത്താനാണ് ആലോചിക്കുന്നത്.
രാജ്യാന്തരപ്രശസ്തരായ അതിഥികൾ
തസ്ലിമ നസ്റിന്, അശോക് വാജ്പേയ്, ഗീത ഹരിഹരന്, രാമകൃഷ്ണ കമ്പാര്‍, എംടി വാസുദേവന്‍ നായര്‍, എം മുകുന്ദന്, ലീന മണിമേഖല, മീന കന്ദസ്വാമി, ടി.എം.കൃഷ്ണ തുടങ്ങി രാജ്യത്തിനകത്തും പുറത്തുനിന്നുമായി 130 പ്രമുഖ സാഹിത്യ പ്രതിഭകള്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.
പുസ്തകോത്സവമോ പുസ്തക പ്രദര്‍ശനമോ ഇല്ല
പുസ്തകോത്സവമോ പുസ്തക പ്രദര്‍ശനമോ ഇല്ലാതെ, എഴുത്തുകാരും വായനക്കാരും തമ്മിലുള്ള പരസ്പരവിനിമയമാണ് ലക്ഷ്യം. പ്രിയപ്പെട്ട എഴുത്തുകാരുമായി വായനക്കാര്‍ക്കും സാഹിത്യ തത്പരര്‍ക്കും ആശയ വിനിമയം നടത്താനുള്ള വേദിയായിരിക്കും ഇത്. എന്നും പ്രിയപ്പെട്ട കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ച എഴുത്തുകാരെ നേരില്‍ കണ്ട് സംവദിക്കാനും, അവരുടെ എഴുത്തനുഭവങ്ങള്‍ പങ്കുവെക്കുവാനും, പുതിയ രചനകൾ പരിചയപ്പെടാനും വായനക്കാര്‍ക്ക് അസുലഭാവസര൦ ഒരുക്കുകയാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷൻ.
വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി സാഹിത്യകാരന്മാര് പങ്കെടുക്കുന്ന സെമിനാറുകളും സംവാദങ്ങളും ഫെസ്റ്റിവലിൽ ഉണ്ടാകും. സാഹിത്യകാരന്മാര്ക്ക് പുറമെ സിനിമാ താരങ്ങള്‍, പ്രമുഖ പെര്‍ഫോമിംഗ് ആര്‍ടിസ്റ്റുകളും ഫെസ്റ്റിവലില്‍ പങ്കെടുക്കും. മാറുന്ന സാഹിത്യാഭിരുചികളും അതിനനുസരിച്ച് മാറുന്ന സാഹിത്യവും സിനിമയും ഇവിടെ ചര്‍ച്ചയാവും.
മേയര്‍ വി.കെ.സി.മമ്മദ് കോയ ചെയര്‍മാനും എ.കെ. അബ്ദുള്‍ ഹക്കിം ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സ്വാഗതസംഘമാണ് ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നത്. പ്രശസ്ത ചിത്രകാരന് റിയാസ് കോമുവാണ് ഫെസ്റ്റിവല്‍ ലോഗോ രൂപകല്പന ചെയ്തത്.