Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » നടൻ സുധാകരൻ അന്തരിച്ചു

നടൻ സുധാകരൻ അന്തരിച്ചു

കോഴിക്കോടൻ നാടക വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സുധാകരന്‍ (73) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുധാകരന്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. സിനിമാ താരം സുധീഷ് മകനാണ്.   ട്ടെ
ചിറ്റേടത്ത് മാധവന്‍ മേനോക്കിയുടെയും തട്ടാലത്ത് ജാനകിയമ്മയുടെയും മകനായി 1943 സെപ്തംബര്‍ 28ന് കോഴിക്കോട്ട് ജനിച്ച സുധാകരന്‍ നാടകവേദികളിലൂടെയാണ് അഭിനയ ലോകത്തേക്കെത്തിയത്. 1957ല്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അക്കിത്തത്തിന്റെ ‘ഈ ഏടത്തി നൊണയേ പറയൂ’ എന്ന നാടത്തിലൂടെയാണ് അരങ്ങേറ്റം.  പിന്നീട് നാടകവേദിയില്‍ സജീവമായി. 1964ല്‍ കുതിരവട്ടം പപ്പു ഒരുക്കിയ ‘ചിരി അഥവാ കുറ്റിച്ചൂല്‍’ എന്ന നാടകത്തില്‍ സുധാകരന്‍ അവതരിപ്പിച്ച വേഷത്തിന് മികച്ച ഹാസ്യനടനുള്ള വെള്ളിമെഡല്‍ ലഭിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സുധാകരന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച എക്‌സിബിഷന്‍ നാടകമത്സരത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
1969ല്‍ സുധാകരനും കെ ആര്‍ മോഹന്‍ദാസും ചേര്‍ന്ന് ‘അണിയറ’ എന്ന നാടക സമിതി രൂപീകരിച്ചു. സുധാകരന്‍ സ്വന്തമായി ‘ചെന്താര തിയറ്റേഴ്‌സ്’ എന്ന പ്രൊഫഷണല്‍ നാടക സമിതിയും രൂപീകരിച്ചു.
റവന്യു വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സുധാകരന്‍ 1995ല്‍ വയനാട് ഡെപ്യൂട്ടി കളക്ടറായാണ് വിരമിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ അടക്കം അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. ഐന്‍ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. സൂര്യപ്രഭയാണ് ഭാര്യ, ധന്യ മരുമകള്‍.

Leave a Reply