Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » മഞ്ഞുകാലമാഘോഷിക്കാന്‍ ദേശാടനപ്പക്ഷികള്‍ കടലുണ്ടിയില്‍

മഞ്ഞുകാലമാഘോഷിക്കാന്‍ ദേശാടനപ്പക്ഷികള്‍ കടലുണ്ടിയില്‍

കടലുണ്ടിയുടെ മഞ്ഞുകാലത്തിന് കൂട്ടിരിക്കാൻ ദേശാതിർത്തികൾ മുറിച്ചുപറന്ന് അതിഥിപ്പക്ഷികൾ എത്തി. ഇതുവരെ കാണാത്ത വംശക്കാരുമുണ്ട് ഹിമാലയസാനുക്കൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളിൽ ഇക്കുറി.

വൃശ്ചിക-ധനു-മകര മാസങ്ങളിലെ മഞ്ഞും തണുപ്പും കൊള്ളാനാണ് ദേശാടനപക്ഷികള്‍ ഹിമാലയ അതിര്‍ത്തികള്‍ കടന്നെത്തിയിരിക്കുന്നത്. കടലുണ്ടി പക്ഷിസങ്കേതത്തിലാവും ഇവരുടെ മഞ്ഞുകാലം.

കുറിത്തലയന്‍, മംഗോളിയന്‍ മണല്‍ക്കോഴി, തവിട്ടുതലയന്‍ കടല്‍കാക്ക എന്നീ ഇനത്തില്‍പ്പെട്ട ദേശാടനപക്ഷികളാണ് ഇവിടേക്ക് കുടിയേറിയിരിക്കുന്നത്. കുറിത്തലയന്‍ വാത്ത ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇതാദ്യമായാണ് കടലുണ്ടിയിലെത്തുന്നത്. എന്നാല്‍ തവിട്ടുതലയന്‍ കടല്‍കാക്കകള്‍ മുന്‍പ് വന്നിരുന്നെങ്കിലും ആദ്യമായാണ് ഇത്രയുമധികം ഈ പക്ഷികളെ ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ആകാശത്തില്‍ മറ്റൊരു ജീവിക്കും എത്തിപ്പെടാന്‍ പറ്റാത്ത അത്രയും ഉയരത്തില്‍ പറക്കുന്ന പക്ഷികളില്‍പ്പെട്ടതാണ് കുറിത്തലയന്‍.

കാലാവസ്ഥാ വ്യതിയാനമാണ് പുതിയ പക്ഷികളെ ഇങ്ങോട്ടടുപ്പിച്ചതെന്ന് കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠന വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ എം നാസര്‍ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ കടലുണ്ടിയിലേക്കെത്തിയ ഈ പക്ഷികള്‍ അടുത്ത തവണയും ഇവിടേക്കെത്തിച്ചേരണമെന്നില്ലെന്ന് പക്ഷിശാസ്ത്രജ്ഞന്‍ കെ എം ആരിഫ് പറയുന്നു.

Leave a Reply