Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ആമിനയുടെ ആടുജീവിതം, ചുരുക്കി പറഞ്ഞാല്‍ ഒരു വടക്കന്‍ വീരഗാഥ

ആമിനയുടെ ആടുജീവിതം, ചുരുക്കി പറഞ്ഞാല്‍ ഒരു വടക്കന്‍ വീരഗാഥ

കോഴിക്കോട് സ്വദേശി ആമിനയുടേത് ഒരു ആടുജീവിതമാണ്. മണലാരണ്യങ്ങളില്‍ ഉരുകി തീര്‍ന്ന നജീബിന്റെ അസഹനീയമായ ആടുജീവിതമല്ല. ആമിനയുടേത് ഒരു വടക്കന്‍ വീരഗാഥ എന്ന് വിശേഷിപ്പിക്കാവുന്ന ആടു ജീവിതമാണ്. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശുവിനെ പോലെ അഞ്ച് ആടുകളിലൂടെ സാമ്പത്തിക വിജയം നേടിയ ആടുജീവിതമാണ് ആമിനയുടെത്.
പുതുപ്പാടി സ്വദേശി ആമിന ആടിനെ വളര്‍ത്തല്‍ ആരംഭിച്ചത് കുടുംബശ്രീ നടപ്പിലാക്കിയ ആടുഗ്രാമം പദ്ധതിയുടെ ഭാഗമായാണ്. അഞ്ച് ആടുകളെ വളര്‍ത്തി ആരംഭിച്ച ചെറുകിട കൃഷി ഇപ്പോള്‍ വികസിച്ച് 25 ആടിലെത്തി നില്‍ക്കുന്നു. ബാങ്ക് വായ്പയായി 30000 രൂപയും പഞ്ചായത്ത് സബ്‌സിഡിയായി ലഭിച്ച 10000 രൂപയും ഉപയോഗിച്ചാണ് ആമിന ആടു വളര്‍ത്തല്‍ ആരംഭിച്ചത്. മാസങ്ങള്‍ക്കുള്ളില്‍ ചെലവായ തുക തിരിച്ച് പിടിക്കാനും ആട് വളര്‍ത്തല്‍ വിപുലീകരിക്കാനും സാധിച്ചു എന്നതാണ് പ്രധാന നേട്ടം.
കുടുംബശ്രീ നടത്തിയ ആട് ചന്തയിലാണ് ആദ്യമായി ആമിന ആടുകളെ വില്‍പന നടത്തിയത്. വളര്‍ത്താനുള്ള അഞ്ച് ആടുകളെ മാറ്റി നിര്‍ത്തി ബാക്കിയെല്ലാം വില്‍പന നടത്തി. ആമിനയടക്കം അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ക്കും 80000 രൂപയുടെ ആടുകളെ വില്‍പന നടത്താനായി. ആമിനയ്ക്ക് മാത്രം ലഭിച്ചത് 38000 രൂപയാണ്. വളര്‍ത്താന്‍ മാറ്റിയ ആടുകള്‍ പ്രസവിച്ച് ഇപ്പോള്‍ ആരു കുട്ടികളും 19 വലിയ ആടുകളുമുണ്ട്. ഇതിനെയും വില്‍പന നടത്തി ആടു കൃഷി വിപുലീകരിക്കാനാണ് ആമിനയുടെ ശ്രമം. സര്‍ക്കാര്‍ വിഭാവനം ചെയ്ത ആടുഗ്രാമം പദ്ധതി നൂറ് ശതമാനം വിജയമായില്ലെങ്കിലും അത് വിഫലമായില്ലെന്ന് മനസിലാക്കാന്‍ ആമിനയെപ്പോലുള്ള ചിലരുടെ വിജയത്തിനെങ്കിലും ചെവികൊടുത്താല്‍ മതി.

Leave a Reply