Home » ന്യൂസ് & വ്യൂസ് » ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് അറിയിച്ചു. എന്നാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) ഇന്നലെ രാത്രി പതിനൊന്നരയോടെ വെട്ടേറ്റ് മരിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവസമയത്ത് സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും ബേബിയുടെ മീത്തലെപീടികയിലെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ രക്തംവാര്‍ന്ന് മരണം സംഭവിച്ചിരുന്നു.കൊലപാതകം നടത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു. ബിജെപി അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റാണ് സന്തോഷ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ധര്‍മടം അണ്ടല്ലൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

Leave a Reply