മതാനുഷ്ഠാനങ്ങളോ ആചാരങ്ങളോ ഇല്ലാതെ രണ്ടു പേര് വിവാഹിതരായി. വിവാഹ വസ്ത്രങ്ങളോ ആഭരണങ്ങളോ അണിയാതെ കോഴിക്കോട് തിക്കോടി സ്വദേശി സനലും മലപ്പുറം രാമനാട്ടുകര സ്വദേശി അമൃതയും ആണ് ചടങ്ങുകളുടെ അകമ്പടിയില്ലാതെ വിവാഹിതരായത്. വിവാഹിതയെന്ന് സൂചിപ്പിക്കുന്ന താലി മാലയോ സിന്ദൂരമോ അമൃത ധരിച്ചിരുന്നില്ല. വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കും സൽക്കാരത്തിനും പകരമായി സനലും അമൃതയും ചേർന്ന് വൃക്ഷതൈ നട്ടു.
സനലിന്റെയും അമൃതയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനായ അനിൽ ചേലേമ്പ്ര നവദമ്പതികളെ ആശംസിച്ചു. വളരെ ലളിതമായി വിവാഹം കഴിക്കാൻ ഇരുവരും ചേർന്നെടുത്ത തീരുമാനത്തെ അനിൽ ചേലേമ്പ്ര അനുമോദിച്ചു. തുടർന്ന് അമൃതയുടെ കവിതാസമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു.