ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്ത്തകന് അനീബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ രൂക്ഷമായി പ്രതികരിക്കുന്നു.
മഫ്തിയിലായിരുന്ന പോലീസുകാരെ ഉപദ്രവിച്ചു എന്ന പേരില്‍ അനീബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ആണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടറായിരുന്ന ശ്രീജിത്ത് ദിവാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍, കോഴിക്കോട് കലക്ടറുടെ അധികാര പരിധിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ താങ്കള്‍ക്ക് കഴിയില്ലേ എന്ന ചോദ്യത്തിന് നീതി നിര്‍വ്വഹണത്തിലെ ചട്ടപ്പടികള് വിശദീകരിച്ചുകൊണ്ട് കോഴിക്കോടിന്റെ ‘ജനകീയ’ കലക്ടര്‍ പ്രശാന്ത് നായര്‍ മറുപടി നല്കി.
ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എങ്ങനെയാണ് മഫ്ടിയിലുള്ള പോലീസുകാരെ തിരിച്ചറിയുക? സീരിയസായ സംശയമാണ്. മഫ്ടിയിലുള്ള പോലീസുകാര്‍ക്ക് ക്രമസമാധാനത്തില്‍ ഇടപെടാന്‍ പറ്റുമോ? യൂണിഫോമിട്ട പോലീസുകാര്‍ക്ക് വരെ, പ്രതിയാണെന്ന് അവര്‍ കരുതുന്ന ആളുകളെ മര്ദ്ദിക്കാനൊന്നും നിയമ പ്രകാരം അവകാശമില്ല. പക്ഷേ ഈ നാട്ടില്‍ കോടതിയും ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ‘ പോലീസുകാര്‍ക്ക് എന്തുമാകാം’ എന്ന അവകാശം നല്‍കിയിട്ടുണ്ട്. ആരെങ്കിലും അത് ചോദ്യം ചെയ്താല്‍ പോലീസുകാര്‍ക്ക് (പട്ടാളക്കാര്‍ക്കും) മാത്രമുള്ള ‘മൊറൈല്’ എന്നൊരു കുന്തത്തിന് കേടുപാട് പറ്റും.
അതല്ല പറഞ്ഞ് വന്നത്. മഫ്തിയിലുള്ള പോലീസുകാരേയും ക്രിമിനലുകളേയും എങ്ങനെ വേര്‍തിരിച്ചറിയും? അവര്‍ വഴിയില്‍ ഭിന്നശേഷിയുള്ളയാളെ മര്‍ദ്ദിക്കുന്നത് കണ്ടാല്‍ നിങ്ങള്‍ തൊഴില്‍ രഹിത/നാണങ്കിലും, ഏതു മേഖലയിലെ തൊഴിലാളി, മുതലാളിമാരാണേലും ഇടപെടില്ലേ? അത് ചെയ്താല്‍ ജയിലിലടയ്ക്കപ്പെടുമോ? മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കപ്പെടുമോ? ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഭീകര മര്‍ദ്ദനത്തിന് വിധേയരാക്കപ്പെടുമോ?
ബഹുമാനപ്പെട്ട കോഴിക്കോട് കളക്റ്റര്‍, താങ്കളുടെ ജൂറിസ്ഡിക്ഷനകത്തുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ താങ്കള്‍ക്ക് കഴിയില്ലേ? ഒരു പ്രദേശത്തിനെ വികസനം എന്നത് അവിടത്തെ സാമൂഹ്യ നീതിയുടെ സന്തുലനാവസ്ഥ കൂടിയല്ലേ?
അനീബ് സുഹൃത്താണ്, സഹപ്രവര്‍ത്തകനാണ്. പക്ഷേ അനീബിനെ വിട്ടയച്ചത് കൊണ്ട് മാത്രം നീതി ഉറപ്പ് വരുത്താനാകില്ല. ഹനുമാന് സേന, വാനര സേന തുടങ്ങിയ പേരിട്ട് തെരുവുകളില്‍ അഴിഞ്ഞാടുന്ന ക്രിമിനലുകള്‍ക്കെതിരെ, അവരോട് കൈകോര്‍ക്കുന്ന പോലീസ് സേനയിലെ ഗുണ്ടകള്‍ക്കെതിരെ, ഭിന്നശേഷിയുള്ളവരെയടക്കം സിവില്‍ ഡ്രസില്‍ വന്ന് മര്‍ദ്ദിച്ച പോലീസ് ക്രിമിനലിനെതിരെ, അനീബിനെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലിലടക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സോ കോള്‍ഡ് നിയമ പാലകര്‍ക്കെതിരെ നടപടിയുണ്ടാകണം. അവരൊന്നും ഇനി നമ്മുടെ നികുതിപ്പണം കൂട്ടി വച്ച് നല്കുന്ന ശമ്പളം പറ്റി ഗുണ്ടാ പണി ചെയ്യരുത്.
ഇത് അനീബിന് വേണ്ടി മാത്രമല്ല, എനിക്കും കൂടി വേണ്ട നീതിയാണ്.
കലക്ടര്‍ പ്രശാന്ത് നായരുടെ മറുപടി:
പോലീസ് കമ്പ്ലൈന്റ് അഥോറിറ്റി അംഗം എന്ന നിലയില്‍ പറയട്ടെ, ഒരു തുണ്ട് കടലാസില്‍ പരാതിക്കാരന് രണ്ട് വരി കോറി തരട്ടെ. (പലര്‍ക്കും ഈ മാര്‍ഗ്ഗത്തിലൂടെ ഫലം കാണാം എന്നറിയില്ല) ഔദ്യോഗികമായും നിയമപരമായും ഇതില്‍ ഇടപെടാനുള്ള മാര്‍ഗ്ഗവും ഇതാണ്.
ഡി ധനു സുമോദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അനീബിനെ കുറച്ചു ജ്യോതിഷം പഠിപ്പിക്കേണ്ടതായിരുന്നു. മഫ്റ്റിയിലെ പോലീസിനെ തിരിച്ചറിയാന്‍ പിന്നെ പാവം ചെയ്യും. ഹനുമാന് സേനയുടെ ഒപ്പം നിന് സ്ത്രീകളെ തല്ലുന്നവരെ കാണുമ്പോള്‍ ചിലപ്പോള്‍ കൈതരിച്ചുപോയാല് ‘മാധ്യമ പ്രവര്ത്തകന് ആണ്, ഇതൊക്കെ കൈയും കെട്ടി നോക്കി നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതൊക്കെയാണ് മാധ്യമ ധര്‍മം`എന്ന് `മണ്ടന്‍`അറിഞ്ഞില്ല. വേറൊരു മണ്ടന്‍ ഇതിനടുത്ത് തന്നെ രണ്ടു പേരെ രക്ഷിക്കാന്‍ മാന്‍ഹോളിലേക്ക് എടുത്തു ചാടിയപ്പോള്‍ പുകഴ്ത്തിയവര്‍ അനീബിനെ തള്ളി പറയുകയും ചെയ്തു. ഏതായാലും നമ്മള് ഡെല്ഹിക്കാര് അനീബിനെ കട്ടയ്ക്ക്പിന്തുണയ്ക്കാന് തീരുമാനിച്ചു. പ്രശാന്ത് രഘുവംശം ആഭ്യന്തര മന്ത്രിയെ വിളിച്ചു പ്രതിഷേധം അറിയിച്ചു. സുപ്രീം കോടതിയിലെ പ്രശസ്തനായ അഭിഭാഷകന് രഞ്ജിത് മാരാര്‍ നിയമ സഹായം നല്കുന്നു എന്നതാണ് മറ്റൊരു സന്തോഷ വാര്‍ത്ത.
എം ഉണ്ണികൃഷ്ണന്റെ പോസ്റ്റ്:
ചില സേട്ടന്മാരുണ്ട്; മുഖ്യ ഉപദേഷ്ടാക്കളുടെ വേഷത്തിലാണ് ലോഞ്ച് ചെയ്യുക. വാതില്‍ ചവിട്ടി പൊളിച്ചാല്‍ പോലും നിലവിളിക്കാത്തത്രയും ആഴത്തിലുള്ള മൗനത്തില്‍ ആയിരിക്കും. എങ്കിലും ആരേലും സംസാരിക്കുന്നത് കണ്ടാല്‍ സാരോപദേശങ്ങളുമായി രംഗപ്രവേശം ചെയ്യും. സ്വന്തം തടി കേടാകാതിരിക്കാനുള്ള ദീര്ഘസുഷുപ്തിയിലാണവര്.
മറ്റു ചില സേട്ടന്മാരാകട്ടെ മേലുനോവില്ലെന്ന് ഉറപ്പുള്ള മനുഷ്യാവകാശലംഘനങ്ങളെ പറ്റി വാതോരാതെ സംസാരിക്കും, പോസ്റ്റും, ട്വീറ്റും, ചര്ച്ചിക്കും. ഫേസ് ബുക്കില്‍ നിറം മാറ്റും.
ഇനിയും ചിലരുണ്ട് അവര്‍ക്ക് ഒന്നും വിഷയമല്ല, വീട് കത്തുമ്പോള്‍ മേല്‍ക്കൂരയിലെ തീജ്വാലയെ പറ്റി അവര്‍ കാല്പനിക കവിതയെഴുതി ലൈക്കെണ്ണും.
ഇനിയുമിനിയുമേറെപ്പേരുണ്ട് കംഫര്‍ട്ട് സോണിന്റെ നാലതിരുകളില്‍ ആലുനട്ട് അതിന്റെ സുഖശീതളിമയില്‍ ഇളം മയക്കത്തിലായവര്.
ഇടയ്ക്കെങ്കിലും ഇവരിലേതെങ്കിലും ഒരാളാകാനുള്ള അപകടകരമായ സാധ്യതയെ ഓര്‍മ്മിപ്പിക്കുന്ന ആ ഒരാള്‍ ഉളളില്‍ ജീവിച്ചിരിക്കാത്ത ചിലര്‍ കൂടിയുണ്ട് , അവര്‍ക്ക് ജീവന് ഉണ്ടെന്ന് അവര്‍ക്കു തന്നെ ഓര്‍മ്മകളുണ്ടാകട്ടെ.
മേല്പറഞ്ഞ ചില അവസ്ഥകളുമായി ‘ജീവിച്ചിരിക്കുന്നതോ’ മരിച്ചവരോ ആയ ഏതെങ്കിലും സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ സംഘടനകള്‍ക്കോ സാദൃശ്യമുണ്ടെങ്കില്‍ അത് തീര്‍ത്തും സാന്ദര്ഭികം മാത്രമല്ല
കെ എ ഷാജിയുടെ പോസ്റ്റ്:
അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്. മഫ്ടിയില് വന്ന് ഭിന്നശേഷിയുള്ളവരെ മര്‍ദ്ദിക്കാനുള്ള പോലീസുകാരുടെ അവകാശങ്ങളെ നമ്മള് എന്ത് വില കൊടുത്തും സംരക്ഷിക്കും. മാധ്യമപ്രവര്ത്തകന് വേണമെങ്കില്‍ ദൂരെ മാറി നിന്ന് മുന്നൂറ്റമ്പത് വാക്കില്‍ വിലാപകാവ്യം എഴുതാം. അല്ലാതെ സഹജീവിയെ തല്ലുന്നവരെ ചെറുത്ത് ആക്ടിവിസം നടത്തരുത്. പോലീസിന് വിധേയമായ വികസിത ഗുമസ്തപ്പണിയാകണം മാധ്യമ പ്രവര്‍ത്തനം. പിന്നെ അടിമുടി നിഷ്പക്ഷം ആകണം. വേണേല്‍ മര്‍ദ്ദകരോടു പക്ഷം ചേരാം. മര്‍ദ്ദിതര്‍ പോയി തുലയട്ടെ. പ്രതിഷേധ പ്രസ്താവന കണ്ടു. എന്റമ്മോ! എന്തോരം കണ്ടീഷണല്‍ ക്ലോസ്സുകള്‍. ജയ് പോലീസ് രാജ്.
ബി ദിലീപ് കുമാറിന്റെ പോസ്റ്റ്:
മാധ്യമ പ്രവര്ത്തകനെന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് ആരും ഇതുവഴി വരേണ്ട. നെറികേടിനെതിരെ പ്രതികരിക്കാന്‍ മാധ്യമപ്രവര്ത്തകന് എന്ന മേലങ്കിയും വേണ്ട. കോഴിക്കോട്ടെ ചുംബന സമരത്തിനിടെ വഴിയിരികിലുണ്ടായിരുന്ന നിരപരാധിയെ ക്രൂരമായി തല്ലുന്നത് ചോദ്യം ചെയ്തതിനാണ് അറസ്റ്റും കൊടിയ മര്‍ദനവും. അറസ്റ്റിലാകുന്ന കൊടും ക്രിമിനലുകളെ വരെ വാന്‍ തടഞ്ഞും വഴി തടഞ്ഞും സ്റ്റേഷന് വളഞ്ഞും മേലാവില്‍ നിന്ന് വിളിച്ചു പറഞ്ഞും വിട്ടയപ്പിക്കുന്ന നേതാക്കളുളള നാടാണിത്. ഇവിടെത്തന്നെയാണ് അനീബിനായി വേണ്ടത്ര ശക്തിയില്‍ ശബ്ദമുയരാത്തതും.
ഓ… അത് ശ്രദ്ധിച്ചില്ല. സുഹൃത്ത് ടി.കെ ഹരീഷിന്റെ പോസ്റ്റ് കണ്ടപ്പോഴാണത് മനസിലുടക്കിയത്. നിന്റെ പേര് അനീബ്, പത്രം തേജസ്. അപ്പോ ഭരണകൂടത്തിന് അകത്തിടാന്‍ വേണ്ടത്രയായി. അനീബിന് ഐക്യദാര്‍ഢ്യം അനീബിനെ വിട്ടയക്കുക.