Home » ന്യൂസ് & വ്യൂസ് » അരിവില കുതിച്ചുകയറ്റം തടയാന്‍ സര്‍ക്കാര്‍ അരിക്കടകള്‍ തുറക്കുന്നു

അരിവില കുതിച്ചുകയറ്റം തടയാന്‍ സര്‍ക്കാര്‍ അരിക്കടകള്‍ തുറക്കുന്നു

പൊതുവിപണിയില്‍ അരിവില കുതിച്ച് കയറുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഭക്ഷ്യവകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന അരിക്കട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. തിരുവന്തപുരം മണക്കാട്ട് നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

ആദ്യഘട്ടത്തില്‍ തിരുവന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് കടകള്‍ ആരംഭിക്കുന്നത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതേ നിരക്കിലായിരിക്കും അരി വിതരണം ചെയ്യുക. ഇതിനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കെയില്‍ സ്‌കീം പ്രകാരം അരി വാങ്ങും. എഫ്.സി.ഐയില്‍ നിന്ന് 1400 ടണ്‍ അരിയാണ് സര്‍ക്കാര്‍ വാങ്ങിയിട്ടുള്ളത്. ചില സിവില്‍ സപൈഌ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് അരി മറിച്ചുവില്‍ക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കടകള്‍ ആരംഭിക്കുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

പൊതുവിപണിയില്‍ ഇടപെടുന്നതിനായി സഹകരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നേതൃത്വം നല്‍കുന്ന 100കോടി രൂപയുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസില്‍ ചേര്‍ന്ന കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും 25 പ്രാഥമിക സഹകരണസംഘം ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.

തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളിലെ അരി ഉല്‍പാദനകേന്ദ്രങ്ങളില്‍ നേരിട്ട് പോയി അരിവാങ്ങും. സഹകരണസംഘങ്ങളുടെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും അരിക്കടകളിലൂടെ സബ്‌സിഡി നിരക്കില്‍ അരി വിതരണം നടത്താനാണ് പദ്ധതി. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സഹകരണസംഘങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് വാങ്ങി അരിയാക്കി വില്‍ക്കാനും യോഗത്തില്‍ ആലോചിച്ചു.

Leave a Reply