കലിംഗ തിയ്യറ്റേഴ്സിനെകുറിച്ച് അറിയാത്ത നാടക പ്രേമികള്‍ കോഴിക്കോട് ഉണ്ടാവില്ല. അരങ്ങിനെ സ്നേഹിച്ചവര്‍ക്കെല്ലാം കലിംഗ തിയറ്റേഴ്സിനെ അറിയാമെന്ന് ചുരുക്കം. പക്ഷെ ഇന്ന് കലിംഗ എന്ന പേര് കേട്ടാല്‍ സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖം സിനിമാ താരം ശശി കലിംഗയുടേതാണ്. കലിംഗ തിയറ്റേഴ്സുമായി യാതൊരു ബന്ധവുമില്ലാത്ത കുന്നമങ്ങലംകാരന് ശശി സിനിമയിലെത്തിയപ്പോള്‍ ശശി കലിംഗയായി മാറി.
സിനിമയില്‍ പറ്റിയ ഒരു തെറ്റാണ് തന്റെ ഭാഗ്യമായ കലിംഗ എന്നാണ് ശശി കലിംഗ പറയുന്നത്. കോഴിക്കോട് കലിംഗ തിയറ്റേഴ്സില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല. രഞ്ജിത്ത് ചിത്രമായ പാലേരി മാണിക്യത്തില്‍ അഭിനയിക്കുമ്പോഴാണ് ആ പേര് ശശിയുടെ കൂടെ കൂടിയത്. ആ സെറ്റില്‍ ഒന്നിലധികം ശശിമാരുണ്ടായിരുന്നു. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ശശി എന്ന നടന്റെ പേരിനൊപ്പം കലിംഗ എന്ന് എഴുതി ചേര്‍ത്തു. പിന്നീട് അത് തിരുത്താന്‍ സാധിച്ചില്ല. അങ്ങനെ കലിംഗ എന്ന പേര് ശശിയ്ക്കൊപ്പം കൂടി. കലിംഗ എന്ന പേര് തന്റെ ഭാഗ്യമായാണ് നാടകവേദിയില്‍ നിന്നും വെള്ളിത്തിരയിലെത്തിയ ശശി പറയുന്നത്. കുന്നമങ്ങലംകാരനാണെങ്കിലും കലിംഗയെയും കോഴിക്കോടിനെയും താന്‍ സ്നേഹിക്കുന്നുവെന്നും ശശി കലിംഗ പറയുന്നു.