Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » ഏപ്രില്‍ ഒന്നു മുതല്‍ കലക്ടറേറ്റ് പൂര്‍ണമായും ഇലക്ട്രോണിക് ഫയലിങ്ങിലേക്ക്

ഏപ്രില്‍ ഒന്നു മുതല്‍ കലക്ടറേറ്റ് പൂര്‍ണമായും ഇലക്ട്രോണിക് ഫയലിങ്ങിലേക്ക്

ഏപ്രില്‍ ഒന്നു മുതല്‍ പേപ്പറും ഫയലും കലക്ടറേറ്റിലെ വിവിധ വിഭാഗങ്ങളില്‍ നിന്നു പടിയിറങ്ങും. കലക്ടറേറ്റ് പൂര്‍ണമായും ഇലക്ട്രോണിക് ഫയലിങ്ങിലേക്കു മാറും. ഇ ഓഫിസ് എന്ന സോഫ്റ്റ്വെയര്‍ വഴിയായിരിക്കും ഇനി കലക്ടറേറ്റിലെ ഫയല്‍ ഇടപാടുകള്‍. സജീവമായിരിക്കുന്ന ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. ആറു വിഭാഗങ്ങള്‍ പൂര്‍ണമായും ഇ ഫയലുകളിലേക്കു മാറിക്കഴിഞ്ഞു.

ഇ ഓഫിസ് ജോലികള്‍ 90 ശതമാനം പൂര്‍ത്തിയായി. ശേഷിക്കുന്ന ചില വിഭാഗങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ ഇലക്ട്രോണിക് ഫയലിങ്ങിലേക്കു മാറും. ഇനി മേല്‍ ഫയലുകള്‍ കുന്നുകൂടി മേശയില്‍ കിടക്കില്ല. പൊടിപിടിച്ച ഫയലും ചുവപ്പു നാടയും ഒഴിയും. ഫയലുകള്‍ ഇ ഓഫിസില്‍ സുരക്ഷിതമായിരിക്കും. ഫയലുകളിന്മേലുള്ള നടപടി കംപ്യൂട്ടറില്‍ നടക്കും. ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ ഒപ്പുകള്‍ തയാറായിക്കഴിഞ്ഞു.

നിലവിലെ ഫയലുകള്‍ ഡിജിറ്റലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്‍കി. ഇതിനോടകം മൂവായിരത്തോളം ഫയലുകള്‍ ഇ ഓഫിസില്‍ കയറിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക സഹായം നല്‍കാന്‍ രണ്ട് എന്‍ജിനീയര്‍മാരുടെ സേവനം കലക്ടറേറ്റില്‍ മുഴുവന്‍ സമയം ലഭ്യമാണ്. ഇ ഗവേണന്‍സ് സൊസൈറ്റി കലക്ടറേറ്റിലെ പുതിയ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. എന്‍ഐസി, ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി 31ന് അകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Leave a Reply