Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » നൂറോളം സര്‍ക്കാര്‍ സേവനങ്ങൾ ഉള്‍പ്പെടുത്തികൊണ്ട് എം കേരള ആപ്പ്

നൂറോളം സര്‍ക്കാര്‍ സേവനങ്ങൾ ഉള്‍പ്പെടുത്തികൊണ്ട് എം കേരള ആപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ ഭീം ആപ്പിനെ കടത്തിവെട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ് വരുന്നു. എം കേരള എന്നു പേരിട്ടിരിക്കുന്ന ആപ്പില്‍ തുടക്കത്തില്‍ നൂറോളം സര്‍ക്കാര്‍ സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിന്റെ സുരക്ഷാ പരിശോധനകള്‍ നടക്കുന്നുണ്ട്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയതെങ്കില്‍ പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനായും ആപ്പിലൂടെ നല്‍കാനാണ് എം കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ്. ഫോണുകള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് തയ്യാറാക്കിയിരിക്കുന്നത്. സ്മാര്‍ട്‌ഫോണുകളിലൂടെയല്ലാതെ സാധാരണ ഫോണുകളിലൂടെയും സേവനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ഘടന.

തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി ബില്‍, വെള്ളക്കരം, സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകള്‍ തുടങ്ങി നിലവില്‍ സര്‍ക്കാര്‍ സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. വിവിധ ബില്ലുകള്‍ക്ക് പണമടയ്‌ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാനാകും.

ഇതിനുപുറമേ വിവിധതരം നികുതികള്‍ അടയ്ക്കുന്നതിനും ,ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ റീചാര്‍ജ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വോലറ്റ് സംവിധാനങ്ങളെയും പുതിയ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

മൊബൈല്‍ ആപ്പിന് പേര് കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരുന്നു. ജനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ ആകര്‍ഷകമായ പേരില്ലാത്തതിനാലാണ് ഐടി മിഷന്‍ അധികൃതര്‍ എം കേരളയെന്ന പേര് നിര്‍ദേശിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍ നിന്നോ മൊബൈല്‍ ആപ്പ്‌സ്റ്റോറില്‍ നിന്നോ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

Leave a Reply