Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » കുളം വാരിക്കോളൂ, കലക്ടര്‍ ബ്രോ വക ബിരിയാണി

കുളം വാരിക്കോളൂ, കലക്ടര്‍ ബ്രോ വക ബിരിയാണി

കുളം വൃത്തിയാക്കിയാല്‍ ബിരിയാണി നല്‍കുമെന്ന വാഗ്ദാനവുമായി കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍. ജില്ലയിലെ കുളങ്ങള്‍ വൃത്തിയാക്കാനുള്ള കലക്ടറുടെ തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ സുലൈമാനി മാതൃകയില്‍ കുളം വാരിയാല്‍ ബിരിയാണി പദ്ധതിയുമായി കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. നല്ലോണം കുളങ്ങള്‍ വാരിയാല്‍ ബിരിയാണി വാങ്ങിത്തരാം എന്ന വാഗ്ദാനം കലക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
”സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക് ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയില്‍ കൂടരുത് എന്ന് മാത്രം.
താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ് അസ്സോസിയേഷനുകളൊ ഉണ്ടെങ്കില്‍ ജില്ലാ കളക്ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സര്‍ക്കാരിന്റെ വക.എന്താ ഒരു കൈ നോക്കുന്നോ?”
സോഷ്യല്‍മീഡിയയില്‍ കലക്ടറുടെ പോസ്റ്റിന് നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമായ ആശയമാണെന്നത് വരും ദിവസങ്ങളില്‍ കാണേണ്ടി വരും

Leave a Reply