Home » കളിക്കളം » മെസിയെ മറികടക്കാന്‍ ഇന്ത്യന്‍ താരം

മെസിയെ മറികടക്കാന്‍ ഇന്ത്യന്‍ താരം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ക്ലിന്റ് ഡെംസി, വെയിന്‍ റൂണി.ഇവരാണ് ലോക ഫുട്‌ബോളിലെ നമ്പര്‍ വണ്‍ താരങ്ങള്‍. എന്നാലിപ്പോള്‍ ഈ ഇതിഹാസ നിരയിലേക്ക് ഒരു ഇന്ത്യക്കാരന്റെ പേരു കൂടി എഴുതിച്ചേര്‍ക്കപ്പെടാന്‍ പോകുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഈ താരം.

ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരത്തിനെന്ത് കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും.എന്നാല്‍ കേട്ടോളു, മ്യാന്‍മറില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ചരിത്രപ്രധാന വിജയം കൈവരിച്ച ദിവസം സുനില്‍ ഛേത്രി ലോകഫുട്‌ബോളില്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നിരിക്കുകയാണ്. എഎഫ്‌സി കപ്പ് ക്വാളിഫൈയറില്‍ മ്യാന്‍മറിനെതിരെ ഛേത്രി അവസാന മിനുട്ടില്‍ നേടിയ ഗോള്‍ രാജ്യാന്തര കരിയറില്‍ അമ്പത്തിമൂന്നാമത്തേതായിരുന്നു. അതോടെ ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണിക്കൊപ്പമെത്തി ഛേത്രിയുടെ ഈ ഗോളടി റെക്കോര്‍ഡ്.

ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമാണ് ഛേത്രി. സജീവമായി രാജ്യാന്തര ഫുട്‌ബോളില്‍ തുടരുന്നവരില്‍ ഛേത്രിക്ക് മുന്നിലുള്ളത് ക്ലിന്റ് ഡെംസിയും ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്.യുഎസ്എയ്ക്ക് വേണ്ടി 56 ഗോളുകള്‍ നേടിയ ക്ലിന്റ് ഡെംസിയെ മറികടക്കാന്‍ ഛേത്രിക്ക് കൂടുതല്‍ മത്സരം വേണ്ടി വരില്ല.

അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിയുടെ അക്കൗണ്ടില്‍ 58 ഗോളുകളാണുള്ളത്. അഞ്ച് ഗോളുകളുടെ അകലം മാത്രമാണ് ഛേത്രിക്ക് ലോകഫുട്‌ബോളിനെ കാല്‍ക്കീഴിലാക്കി കുതിക്കുന്ന ഇതിഹാസ താരത്തിലേക്കുള്ളത്. എന്നാല്‍, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏറെ മുന്നിലാണ്. 71 ഗോളുകളാണ് റൊണാള്‍ഡോ ഇതിനകം നേടിയിട്ടുള്ളത്. ക്രിസ്റ്റ്യാനോയിലേക്ക് അത്ര എളുപ്പമല്ല ഛേത്രിക്ക്.

Leave a Reply