Home » പ്രകൃതി » പരിസ്ഥിതി » ചെമ്പ്രയുടെ നെറുകയില്‍

ചെമ്പ്രയുടെ നെറുകയില്‍

ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടിപ്രദേശം, ഒരേ സമയം രണ്ട്‌ ദിശകളിലേക്കായി ഇവിടെ നിന്നും ഉറവയെടുക്കുന്ന അരുവികള്‍ കടന്നുപോകുന്നു. വഴികളില്‍ ഞാവലും കാട്ടുകുരുമുളകും നന്നാറിയും ആരോഗ്യപച്ചയും ദണ്ഡപാലയും. ഉഗ്രവിഷമുള്ള പാമ്പുകളുടെയും മലമുഴക്കി വേഴാമ്പലിന്റെയും വാസസ്ഥലം. കാട്ടുപന്നി, കരിങ്കുരങ്ങ്‌, പുളളിപ്പുലി എന്നിവയുടെ ആവാസവ്യവസ്ഥ. ചെമ്പ്ര മല.

മേപ്പാടിയില്‍ നിന്നും പിന്നിട്ട്‌ വാച്ച്‌ ടവര്‍ കഴിഞ്ഞാല്‍ മലയുടെ തുടക്കമാകും. അവിടെ നിന്ന്‌ പോകുന്ന വഴികള്‍ ഉയരം കൂടുംതോറും വയനാടിന്റെ മുഖം തെളിയും. തൊട്ടരികില്‍ ആണ്‌ ചിറാപുഞ്ചി. അതിനും കുറച്ചകലെയായി നില്‍ക്കുന്ന ചുരം മലനിരകള്‍. ശേഷം കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും നീളുന്ന സുന്ദരമായ കാഴ്‌ചകള്‍.

ചെമ്പ്രയുടെ നിറുകയില്‍ ആദ്യമായി എത്തിയത്‌ ബ്രിട്ടീഷുകാരാണത്രെ. അന്ന്‌ ഊട്ടിവഴി വയനാട്ടിലെത്തുകയായിരുന്നു അവര്‍. പിന്നീട്‌ എല്ലാ സീസണിലും ഈ ഗിരിപര്‍വ്വതത്തിലേക്കുള്ള യാത്രയില്‍ വിദേശികളായ ടൂറിസ്റ്റുകളെ കണ്ടുമുട്ടുക പതിവായി. പശ്ചിമഘട്ടത്തില്‍ ഇംഗ്‌ളീഷുകാര്‍ താമസിച്ച ഏകപര്‍വ്വതം ചെമ്പ്രയാണെന്നും പറയപ്പെടുന്നു.

നീലഗിരിയില്‍ നിന്നും വയനാടന്‍ മലനിരകളിലേക്കായിരുന്നു സായ്‌പ്പന്‍മാരുടെ യാത്ര. സ്വര്‍ണ്ണഖനനത്തിനായി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ കമ്പനികളെത്തിയതോടെ ചെറിയൊരു യൂറോപ്പായി മാറുകയായിരുന്നു വയനാട്‌. ഇവരുടെയെല്ലാം ആവാസകേന്ദ്രവും ചെമ്പ്രയായിരുന്നു.

വയനാട്‌ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന്‌ 18 കി.മീ.ദൂരത്താണ്‌ ചെമ്പ്രമലനിരകള്‍. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്‌ 48 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന്‌ 52 കിലോ മീറ്ററുമാണ്‌ ചെമ്പ്രയിലേക്കുള്ള ദൂരം. മേപ്പാടിയിലെത്തിയാല്‍ ചെമ്പ്ര എസ്റ്റേറ്റ്‌ വഴി പോയാല്‍ മലനിരകളിലെത്താം.

വനംവകുപ്പിന്റെ അനുവാദത്തോടെയേ അകത്ത്‌ പ്രവേശിക്കാനാവൂ. ഏകദേശം മൂന്ന്‌ മണിക്കൂര്‍ വേണ്ട യാത്രക്ക്‌ അവിടെനിന്നും വനം സംരക്ഷണസമിതിയില്‍ നിന്ന്‌ പാസ്സും ഒരു വഴികാട്ടിയെയും ലഭിക്കും. പത്ത്‌ പേരടങ്ങുന്ന ട്രക്കിങ്‌ സംഘത്തിന്‌ 500 രൂപയാണ്‌ ഫീസ്‌. സ്വകാര്യ എസ്റ്റേറ്റ്‌ ബംഗ്‌ളാവ്‌ വരെ മാത്രമേ വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. ക്യാമറക്ക്‌ 50 രൂപയും വീഡയോ കവറേജിന്‌ 200 രൂപയും പ്രത്യേകം ഈടാക്കും.

പൂര്‍ണ്ണമായും ഇക്കോ ടൂറിസ്‌റ്റ്‌ കേന്ദ്രമായതിനാല്‍ പ്‌ളാസ്റ്റിക്ക്‌ നിരോധിതമേഖലയാണ്‌. കല്‍പ്പറ്റ, മേപ്പാടി എന്നിവിടങ്ങളില്‍ താമസസൗകര്യങ്ങളും റിസോര്‍ട്ടുമുണ്ട്‌.

വയനാടിന്റെ വേറിട്ട കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഈ മലനിരകള്‍ കാഴ്‌ചക്കാരന്‌ അനുഭവമായിരിക്കും. യാത്ര ആഗ്രഹിക്കുന്നവര്‍ക്ക്‌ മുന്‍കൂട്ടി ബുക്ക്‌ ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വനംസംരക്ഷണ സമിതിയുമായി ബന്ധപ്പെടാം.

ഫോണ്‍: 9847134184 (സാബു) ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌ 04936202529.

Leave a Reply