Home » നമ്മുടെ കോഴിക്കോട് » അഞ്ചുവയസ്സുകാരന്‍ മരിക്കാനിടയായ സംഭവം പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്.

അഞ്ചുവയസ്സുകാരന്‍ മരിക്കാനിടയായ സംഭവം പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്.

ജെല്ലിമിഠായി കഴിച്ച് അഞ്ചുവയസ്സുകാരന്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് കടകളിലും ഭക്ഷണശാലകളിലും ആരോഗ്യഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. കോര്‍പറേഷനും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി കടകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

കഴിഞ്ഞ ദിവസം മൊഫ്യൂസല്‍ ബസ്്സ്റ്റാന്‍ഡ് പരിസരത്തെ റോയല്‍ ബേക്കറിയില്‍നിന്ന് വാങ്ങിയ ജെല്ലിമിഠായി കഴിച്ചാണ് അഞ്ചു വയസ്സുകാരന്‍ മരിച്ചത്.പരിശോധനയില്‍ ജെല്ലി പുഡ്ഡിങ്ങ് ഇനത്തില്‍പ്പെട്ട മിഠായികളോ അനുബന്ധ പലഹാരങ്ങളോ കണ്ടെത്തിയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗവും മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡും ഞായറാഴ്ച ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തി. നഗരത്തില്‍ മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ്, പാളയം ഭാഗങ്ങളിലാണ് പരിശോധന.

ബസ്സ്റ്റാന്‍ഡിലെ പല കടകളിലും വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു.
വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്നതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ ശീതള പാനീയങ്ങള്‍ വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹല്‍വ വില്‍ക്കുന്ന കടകളിലും പരിശോധന നടത്തി. അമിതമായി കളറുകളും മറ്റും ചേര്‍ത്തതായി സംശയിക്കുന്ന മിഠായികളും കൃത്യമായ ലേബലുകള്‍ പതിയ്ക്കാത്ത മിഠായികളും പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. സാമ്പിളുകള്‍ മലാപ്പറമ്പിലെ റീജിണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയക്കും.

പാകം ചെയ്യാനുള്ള ഇറച്ചിയും പച്ചക്കറികളും മീനുകളും പല ഹോട്ടലുകളിലും വൃത്തിയാക്കാറില്ലെന്നും പഴകിയ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സാഹചര്യം ഹോട്ടലുകളില്‍ ഉണ്ടെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴകിയ എണ്ണയാണ് പലയിടത്തും ഉപയോഗിക്കുന്നത്. ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് രുചി കൂട്ടാനായി വലിയ അളവില്‍ രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായി രണ്ടായിരത്തോളം ഭക്ഷണശാലകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ട്.

പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമീഷണര്‍ ഒ ശങ്കരനുണ്ണി, കെ സുജയന്‍, കെ പി രാജീവ്, കെ വി മിനി, ടി രേഷ്മ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട് എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡും പരിശോധന നടത്തി. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമീഷണര്‍(ഇന്റലിജന്‍സ്) ബി ജയചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply