Home » കലാസാഹിതി » ആട്ടക്കളം » രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍

രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍

മഹാഭാരത്തിലെ ഭീമന് പുതിയഭാഷ്യം ചമച്ച എം ടിയുടെ ‘രണ്ടാമൂഴം’ സിനിമയാക്കുന്നു. 1000 കോടിയുടെ പദ്ധതിയില്‍ മഹാഭാരതം എന്ന് പേരിടാനുദ്ദേശിക്കുന്ന സിനിമ ഇന്ത്യന്‍സിനിമയിലെ ഇതിഹാസമായി മാറും.

പ്രമുഖ പ്രവാസിവ്യവസായി ബി ആര്‍ ഷെട്ടിയാണ് 1000 കോടിരൂപ (150 ദശലക്ഷം യുഎസ് ഡോളര്‍) മുതല്‍മുടക്കി ഈ ദൃശ്യാത്ഭുതം നിര്‍മിക്കുന്നത്. എം ടി തിരക്കഥയെഴുതുന്ന സിനിമ പ്രശസ്ത പരസ്യചിത്രസംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനാണ് സംവിധാനംചെയ്യുന്നത്.

നിര്‍മാണച്ചെലവിലും താരനിരയിലും ചരിത്രമായിമാറുന്ന ‘മഹാഭാരതത്തിന് രണ്ടുഭാഗങ്ങളായിരിക്കും ഉണ്ടാകുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്തംബറില്‍ തുടങ്ങും. 2020ല്‍ പുറത്തിറങ്ങും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനുപുറമേ ഹിന്ദി, ഇംഗ്‌ളീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യുന്നുമുണ്ട്. ബ്രഹ്മാണ്ഡസിനിമയെന്ന് എല്ലാംകൊണ്ടും വിശേഷിപ്പിക്കാവുന്ന ‘മഹാഭാരതം’ ലോകത്തിനുമുമ്പാകെ ഇന്ത്യന്‍സിനിമ കാഴ്ചവച്ചതില്‍വച്ച് ഏറ്റവും വലിയ സംരംഭമാകും.

ഇന്ത്യയിലെ വിവിധഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കുപുറമേ ചില ഹോളിവുഡ് വമ്പന്മാരും ഇതില്‍ മോഹന്‍ലാലിനൊപ്പം അണിനിരക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യന്‍സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതികവിദഗ്ധരാണ് ഈ സിനിമയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡ്‌ജേതാക്കളുള്‍പ്പെടെ പ്രമുഖരുടെ നിര സിനിമയുടെ അണിയറയിലുണ്ടാകും. ലോകസിനിമയ്ക്ക് വിസ്മയമാകുന്ന വി എഫ് എക്‌സിന്റെയും സ്റ്റണ്ട് കൊറിയോഗ്രഫിയുടെയും കാഴ്ചകളാകും മഹാഭാരതം’സമ്മാനിക്കുക.

സംവിധായകന്‍ ശ്രീകുമാറിന് ഇത് ഏറ്റവും മനോഹാരിതയോടെയും സാങ്കേതികമികവോടെയും ചിത്രീകരിക്കാന്‍ സാധിക്കുമെന്ന് എം ടി പറഞ്ഞു. എം ടി വാസുദേവന്‍നായരുടെ ഐതിഹാസികമായ തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് പുണ്യമായി കാണുന്നുവെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടാമൂഴത്തിലെ ഭീമനായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി മോഹന്‍ലാലും പറഞ്ഞു.

Leave a Reply