Home » നമ്മുടെ കോഴിക്കോട് » കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാമോ ?

കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാമോ ?

വേനല്‍ കടുത്തതോടെ നഗരം ഭക്ഷ്യവിഷബാധയുടെയും പകര്‍ച്ചവ്യാധിയുടെയും ഭീഷണിയിലെന്ന് റിപ്പോര്‍ട്ടുകള്‍. കുടിവെള്ളത്തിലൂടെ സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കി. ശീതളപാനീയങ്ങളും മറ്റും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും അതീവ ശ്രദ്ധയോടെവേണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നല്‍കുന്നു. മഞ്ഞപ്പിത്ത ബാധ അടുത്തിടെകോര്‍പറേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നഗരത്തിലെ ബീച്ച് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ ജല ജന്യ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രമായി നാനൂറോളം പേരാണ് മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ജ്യൂസ് കടകള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. കോര്‍പറേഷന്‍ പരിധിയില്‍ വയറിളക്കം, ഛര്‍ദി എന്നിവ ബാധിച്ചവരുടെ എണ്ണം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനേക്കാള്‍ ഇരട്ടിയിലേറെ കൂടിയിരിക്കുന്നതായാണ് ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.

ഐസ്

മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ബ്ലോക്ക് ഐസുകളാണ് പല ജ്യൂസ് കടകളിലും തട്ടുകടകളിലും ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഐസ്ഫാക്ടറികളില്‍ പരിശോധന നടത്തിയപ്പോള്‍ പലതും വ്യത്തിഹീനമായാണ് കണ്ടത്. നൂറ്റന്‍പതോളം ഐസ് പ്ലാന്റുകളാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്.

ഇതില്‍ ഭക്ഷ്യയോഗ്യമായ ക്യൂബ് ഐസുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വിരലിലെണ്ണാവുന്നതു മാത്രം. അല്ലാത്ത സ്ഥാപനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഐസാണ് നഗരത്തില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്കു വരെ കൊണ്ടുപോകുന്നത്. വേനല്‍ കടുത്തു വരുന്നതിനാല്‍ ആവശ്യക്കാരും കൂടുന്നു.

വെള്ളം

ഐസ് ഫാക്ടറികള്‍, ജ്യൂസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ആറുമാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തണം. പരിശോധനാ ഫലം സ്ഥാപനത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍ പറഞ്ഞു. മലാപ്പറമ്പിലെ ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, മലാപ്പറമ്പിലെ റീജനല്‍ അനലെറ്റിക്കല്‍ ലാബ്, കുന്നമംഗലം CWRDM ലാബ്, ഭൂഗര്‍ഭ ജല വിഭാഗം ലാബ് എന്നിവയാണ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍. അവിടെയാണ് പരിശോധന നടത്തേണ്ടതെന്നും ഹെല്‍ത്ത് ഓഫിസര്‍ പറഞ്ഞു.

തട്ടുകടകള്‍

തട്ടുകടകളില്‍ വച്ചിരിക്കുന്ന ഉപ്പിലിട്ടത്, ഐസ് ഉരതി, ഐസ് അച്ചാര്‍ എന്നിവ വളരെ സൂക്ഷ്മതയോടെ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നല്‍കുന്നു. ഭക്ഷ്യവിഷബാധയും ജലജന്യ രോഗങ്ങളും പിടിപെടാതിരിക്കാനും ഇത് ഏറെ സഹായകമാകും. ഉന്തുവണ്ടിക്കാരും തട്ടുകടക്കാരും ഐസ് ഉരതിക്കു ഉപയോഗിക്കുന്നത് ബ്ലോക്ക് ഐസുകളാണ്. ഇതു ഭക്ഷ്യയോഗ്യമല്ലെന്ന് ഫാക്ടറിക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ മിക്ക കടകളിലും ഇതാണ് ഉപയോഗിക്കുന്നത്.

പഞ്ചസാരയേക്കാള്‍ 250 ഇരട്ടി മധുരമുള്ള സാക്രിന്‍ എന്ന രാസവസ്തുവും ചില കടക്കാര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലക്രമേണ കരളിനെയും വൃക്കയെയും ദ്രവിപ്പിച്ചു കളയാന്‍ ശക്തിയുള്ളതാണിത്. ഉപ്പിലിട്ടതിലും അച്ചാറിലും ഫംഗസ് ഒഴിവാക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് വളരെ നേര്‍പ്പിച്ച് ചേര്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് രുചി കൂടുതലാണെങ്കിലും അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Leave a Reply