Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » ന്യായാധിപന്മാരുടെ വീട്ടുജോലിക്ക് കോടതി ജീവനക്കാർ!

ന്യായാധിപന്മാരുടെ വീട്ടുജോലിക്ക് കോടതി ജീവനക്കാർ!

കോടതി ജീവനക്കാർക്ക് ഇപ്പോഴും നേരിടേണ്ടിവരുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിന് തുല്യമായ തൊഴിൽ സാഹചര്യങ്ങൾ! ഓഫീസിലെത്തുന്നതു മുതൽ കോടതിയിലെ കീഴ്ജീവനക്കാർ പലപ്പോഴും ചെയ്യാൻ നിർബന്ധിതരാവുന്നത് ന്യായാധിപന്മാരുടെ വീട്ടുജോലി! ഇത്തരം ജോലികൾ ചെയ്യാൻ വിസമ്മതിക്കുന്നവർക്ക് നിസ്സാര തെറ്റുകൾക്ക് പോലും പരമാവധി ശിക്ഷ!

കോഴിക്കോട്ടെ കോടതികളിൽനിന്നാണീ വാർത്ത! ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ ഉജ്ജ്വലപ്രക്ഷോഭം നടന്ന കോഴിക്കോട്ടുനിന്ന്! അതിനായി കൃഷ്ണപിള്ളയും കെ കേളപ്പനും അടിയേറ്റുവീണ കടപ്പുറത്തിനു തൊട്ടുചാരെ പ്രവർത്തിക്കുന്ന കോടതിയിൽനിന്ന്!

ജീവനക്കാർക്കിടയിൽ തന്നെ ക്ലാസ് ഫോർ ജീവനക്കാർക്കാണ് ഈ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഏതു സമയവും പ്രതീക്ഷിച്ചുകൊണ്ടാണ് ക്ലാർക്ക്, ടൈപ്പിസ്റ്റ് വിഭാഗങ്ങളും ജോലി ചെയ്യുന്നത്. 1957ൽ  ഇഎംഎസ് സർക്കാരിന്റെ കാലം മുതൽതന്നെ അടിമ വേല നിരോധിച്ചു കൊണ്ടുള്ള നിരവധി സർക്കാർ ഉത്തരവുകളും സർക്കുലറുകളും, ഇതിനു പുറമെ  ഹൈക്കോടതിയുടെ നിരവധി ഉത്തരവുകളും വന്നിട്ടുണ്ട്. ഇവയെല്ലാം ഇപ്പോഴും നിലനിൽക്കുന്നവയുമാണ്. എന്നിട്ടും ഈ ഉത്തരവുകളെയൊന്നും വകവെയ്ക്കാത്ത രീതിയിലാണ് കീഴ്ജീവനക്കാരെ നിയമം കാത്തുസൂക്ഷിക്കാൻ ബാധ്യതയുള്ളവർ തന്നെ ചൂഷണം ചെയ്യുന്നത്. ജനാധിപത്യത്തിനും മൗലികാവകാശങ്ങൾക്കും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിലാണേ, ഇത്!

ഇത്തരം അനുഭവങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് കോഴിക്കോട് ജില്ലയിലെ കോടതി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ജീവനക്കാരുടെ സംഘടന പറയുന്നതിങ്ങനെ:

ഇവിടെനിന്ന് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കടുത്ത മാനസിക പീഡനത്താൽ ജോലി ഉപേക്ഷിച്ച് പോകേണ്ടിവന്നവർ നിരവധിയാണ്. ഓഫീസിലെത്തിയാൽ ഉടനെ ക്വാർട്ടേഴ്സിൽ ഹാജരായി ഓഫീസർക്ക് സ്കൂൾ കുട്ടികളുണ്ടെങ്കിൽ അവരെ സ്കൂളിലെത്തിക്കുകയും, സ്കൂൾ ബാഗ് ചുമന്ന് കുട്ടികളെ അനുഗമിക്കുകയും ചെയ്യുന്ന ക്ലാസ് ഫോർ ജീവനക്കാർ കോടതി ക്വാർട്ടേഴ്സുകൾക്കു സമീപത്തെ പതിവു കാഴ്ചകളിലൊന്നാണ്.

ഭക്ഷണം പാചകം ചെയ്യാനും, പാത്രങ്ങൾ കഴുകാനും, മുറ്റം തൂത്തുവാരാനും ക്ലാസ് ഫോർ ജീവനക്കാരിയെ നിർബന്ധിച്ചത് കൊയിലാണ്ടി കോടതിയിൽ അടുത്തിടെ നടന്ന സംഭവങ്ങളിലൊന്നാണ്. ഓഫീസറുടെ സഹധർമ്മിണി പറഞ്ഞതനുസരിച്ച് അലമാരയിൽ വസ്ത്രങ്ങൾ അടുക്കി വെയ്ക്കാത്തതിന് അച്ചടക്ക നടപടി നേരിടേണ്ടി വന്ന ജയശോഭയുടെ അനുഭവം മറ്റൊരു ഉദാഹരണമാണ്. സംഭവത്തിൽ ജയശോഭയെ കുറ്റവിമുക്തയാക്കിയ എൻക്വയറി ഓഫീസറുടെ റിപ്പോർട്ടിനെ മറികടന്ന് ജയശോഭയെ സർവ്വീസിൽ നിന്ന് പിരിച്ച് വിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് അച്ചടക്ക മേലധികാരി ഉത്തരവിട്ടത്. ജീവനക്കാരെക്കൊണ്ട് ഇത്തരം ജോലികൾ ചെയ്യിക്കുന്നത് ഹൈക്കോടതി ഇടക്കിടെ വിലക്കാറുണ്ടെങ്കിലും വലിയ തടസങ്ങളൊന്നുമില്ലാതെ ഇത് തുടർന്നുകൊണ്ടിരിക്കുന്നു.

സ്വതവേ ചോദ്യം ചെയ്യാനും എതിർപ്പുകൾ പ്രകടിപ്പിക്കാനും പറ്റിയ തൊഴിൽ സാഹചര്യങ്ങൾ കോടതികളിൽ ഉണ്ടാകാറില്ല. അതിനാൽ കീഴ്ജീവനക്കാർക്കെതിരെയുള്ള അനീതികൾ നോക്കിനിൽക്കാനെ സർവീസ് സംഘടനകൾക്ക് കഴിയുന്നുള്ളൂ. ഈ സാഹചര്യത്തിൽ ഇത്തരം അനീതികൾക്കെതിരെ പ്രതിഷേധവുമായി മുന്നിട്ടിറങ്ങാൻ തയ്യാറെടുക്കുകയാണ് കോഴിക്കോട് ജില്ലയിലെ കോടതി ജീവനക്കാർ.

Leave a Reply