ഹാള്‍മാര്‍ക്ക് ചെയ്യാന്‍ കൊണ്ടുവരുന്നതിനിടെ അരക്കോടി രൂപയുടെ സ്വര്‍ണം മോഷണംപോയ സംഭവത്തില്‍ അന്വേഷണം വിവിധ സ്റ്റോപ്പുകളില്‍ ഇറങ്ങിയവരെക്കുറിച്ച്. ബസ് നിര്‍ത്തിയിരുന്ന ആറ് സ്റ്റോപ്പുകളുടെ പരിസരങ്ങളിലെ കടകളിലും മറ്റുമുള്ള സിസിടിവി ക്യാമറകളില്‍നിന്നുള്ള വിവരങ്ങളാണ് കസബ പൊലീസ് പരിശോധിക്കുന്നത്. ബസ്സില്‍നിന്നും ഇറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ ഇവിടുത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
രാവിലെ 8.35 മുതല്‍ ബസ് സഞ്ചരിച്ച വഴികളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് ഫോണ്‍ കോളുകളും പരിശോധിക്കുന്നു. സ്വര്‍ണത്തിന്റെ ഇന്‍ഷുറന്‍സ് തുകയെക്കുറിച്ചും കടയിലെ സ്റ്റോക്ക് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 8.35ന് രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രക്കിടെയാണ് 1.68 കിലോ ഗ്രാം സ്വര്‍ണം പോയത്. രാമനാട്ടുകരയിലെ മുബാറക്ക് ജ്വല്ലറി ജീവനക്കാരന് അബ്ദുള്‍ ഗഫൂറാണ് ചിന്താവളപ്പിലെ സ്ഥാപനത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്യാനായി സ്വര്‍ണം കൊണ്ടുവന്നത്. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മോഷണം. ബസ്സില്‍ തിരക്കായതിനാല്‍ ചവിട്ടുപടിക്കും കണ്ടക്ടറുടെ സീറ്റിനുമിടയിലുള്ള സ്ഥലത്ത് ബാഗ് വച്ചു. ബസ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം ബാഗുമായി പുറത്തിറങ്ങി നടക്കുന്നതിനിടെയാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് കസബ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി കസബ സിഐ പി പ്രമോദ് പറഞ്ഞു.
2017-04-19