Home » നമ്മുടെ കോഴിക്കോട് » കുണ്ടായിത്തോട് വന്‍ അഗ്‌നിബാധ.

കുണ്ടായിത്തോട് വന്‍ അഗ്‌നിബാധ.

കുണ്ടായിത്തോട് ദേശീയപാതയോരത്തെ പ്രിന്റിങ് മോള്‍ഡ് നിര്‍മാണ സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ബാവുക്കാസ് സ്‌ക്വയറിലെ പോളി ഫാബ് പ്രിന്‍ിങ് സ്റ്റുഡിയോയില്‍ തീപിടിത്തമുണ്ടായത്.

പ്ലാസ്റ്റിക് കവറുകളില്‍ പ്രിന്റിങ് നടത്തുന്നതിനുപയോഗിക്കുന്ന ഫിലിം മെഷീന്‍, എക്‌സ്‌പോസ് മെഷീന്‍, ഫിലിം വാഷിങ് യന്ത്രം, മൂന്നു കംപ്യൂട്ടറുകള്‍ എന്നിവ കത്തിച്ചാമ്പലായി. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊക്കുന്ന് ചാലിക്കര വിപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഫിലിം വാഷിങ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയോടെയാണ് തീപിടിത്തമുണ്ടായത്.

ജീവനക്കാര്‍ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് ആളിപ്പടര്‍ന്നു. പരിസരത്താകെ കറുത്ത പുക ഉയര്‍ന്നതു കണ്ട സമീപത്തെ കടക്കാര്‍ അഗ്‌നിശമന സേനയെ അറിയിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തൊട്ടടുത്ത ടയര്‍ കടയുടെ മുന്‍വശത്തെ ചില്ല് പൊട്ടിച്ചു അകത്തു കയറിയാണ് രക്ഷാ പ്രവര്‍ത്തനമാരംഭിച്ചത്.

പ്രിന്റിങിന് ഉപയോഗിക്കുന്ന രാസലായനി കത്തിയതു കാരണം അസഹ്യമായ ഗന്ധത്തോടെ പുക വ്യാപിച്ചതു രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇരുചക്ര വാഹന വില്‍പന കേന്ദ്രവും കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുമുണ്ട്.

ഇവരുടെ മുറികളില്‍ പാചക വാതക സിലിണ്ടറുകള്‍ സൂക്ഷച്ചിരുന്നത് അഗ്‌നിശമന സേനാംഗങ്ങളെ ആശങ്കപ്പെടുത്തി. ഫയര്‍മാന്‍മാരായ ടി.എസ്. രതീഷ്, ടി.ഇ. ജിതേഷ് എന്നിവര്‍ മാസ്‌ക് ധരിച്ചു അകത്തു കയറി സിലിണ്ടറുകള്‍ പുറത്തെത്തിച്ചതിനാല്‍ വലിയ അത്യാഹിതമില്ലാതെ രക്ഷപ്പെട്ടു.

കുണ്ടായിത്തോട് അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികളും നാട്ടുകാരും സജീവമായി രംഗത്തിറങ്ങിയതു രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. ഫിലിം വാഷിങ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാകാം തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. വിവരമറിഞ്ഞു അഗ്‌നിശമന സേന അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കറും നല്ലളം പൊലീസും സ്ഥലത്തെത്തിയിരുന്നു.

 

Leave a Reply