എത്രകേട്ടാലും മതിവരാത്തതാണ് കോഴിക്കോടിന്റെ സംഗീതം.
ആ പാരമ്പര്യത്തിന്റെ വഴികളില്‍ മായാത്ത ചില കാല്‍പ്പാടുകള്‍ ഉണ്ട്.
അതിലൊന്നാണ് രാഗ് റസാക്ക് എന്നറിയപ്പെടുന്ന അബ്ദുറസാക്കിന്റേത്.
മുമ്പേ നടന്ന എം എസ് ബാബുരാജിന്റെയും കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും പിന്മുറക്കാരുടെ കൂട്ടത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തെ ജീവിതത്തിലേക്ക് പകര്ത്തിയവരില് രാഗ് റസാക്കും ഉണ്ടായിരുന്നു.
ഹമാരി വോയ്സ് എന്ന പരിപാടിയിലൂടെ റസാക്കിനെ ബുധനാഴ്ച കോഴിക്കോട് ആദരിച്ചപ്പോള്‍ അത് ഈ നാടിന്റെ പാട്ട് സംസ്കാരത്തിനുള്ള ആദരം കൂടിയായി.
മുഖദാറിലെ സ്കൂളില്‍ ഒന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ റഫിയുടെ പ്രശസ്തമായ ഗാനം സുന് സുന് സുന്…ഹരേ ബാബ സുന് എന്ന ഗാനം പാടിയായിരുന്നു റസാക്ക് ഈ നഗരത്തിന്റെ പാട്ടിന്റെ ശ്രീകോവിലിലേക്ക് കാലെടത്തുവച്ചത്.
ഇന്നത്തെപ്പോലെ സംഗീത റിയാലിറ്റി ഷോകളും വമ്പന്‍ സമ്മാനങ്ങളുമൊന്നുമില്ലാത്തൊരു കാലത്തായിരുന്നു ഇവരെപ്പോലുള്ളവര്‍ സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ചത്.
എന്നാല്‍ എറണാകുളത്ത് നടന്ന റഫി നൈറ്റില്‍ പങ്കെടുത്ത് ഒന്നാം സമ്മാനമായി 150 രൂപ ലഭിച്ചതോടെ തന്റെ ജീവിതം സംഗീതത്തിനുള്ളതാണെന്ന് റസാക്ക് ഉറപ്പിച്ചു.
കലാഭവന്‍ നടത്തിയ റഫി പാട്ടുകളുടെ മത്സരത്തില്‍ മധുബന്‍ മേ രാധിക നാച്ചാരേ….എന്ന ഗാനം ആലപിച്ചായിരുന്നു നൂറുകണക്കിന് മത്സരാര്‍ഥികളെ പിന്തള്ളി റസാക്ക് ഒന്നാമനായത്. ഇങ്ങനെയൊരു മത്സരമുണ്ടെന്ന് പത്രത്തിലൂടെയറിഞ്ഞ സുഹൃത്ത് തോപ്പില്‍ മമ്മു ആയിരുന്നു റസാക്കിനെ ഈ വിവരം അറിയിച്ചത്.
നിരവധി നാടകങ്ങള്‍ക്ക് അക്കാലത്ത് പശ്ചാത്തല സംഗീതം ഒരുക്കിയത് ഇദ്ദേഹമായിരുന്നു. ഉണരുന്ന സാരംഗി ഇതില്‍ പ്രധാനമായിരുന്നു. ഗാനാലാപനവും ഉപകരണ സംഗീത വാദനവുംഇസ്ളാമിന് നിരക്കാത്തതാണെന്ന് പ്രഖ്യാപിച്ച രാജാവ് ഔറംഗസീബിനെതിരെ നാട്ടിലെ സംഗീത കലാകാരന്മാര് സംഘടിക്കുന്നതും വിജയം കൈവരിക്കുന്നതുമാണ് ഇതിലെ പ്രമേയം. സുലൈമാന്‍ കക്കോടിയായിരുന്നു ഇതിന്റെ രചന.
സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ ഈ നാടകം നേടി. റസാക്കിന്റെ രാഗവിസ്താരങ്ങളിലുള്ള കഴിവ് കണ്ടറിഞ്ഞ എം എസ് ബാബുരാജിന്റെ സതീര്‍ഥ്യനും ഗായകനുമായ എ സി അബൂബക്കറാണ്് രാഗ് റസാക്ക് എന്ന പേരിട്ടത്.
1976 കാലങ്ങളില്‍ കോഴിക്കോടിന്റെ റേഡിയോനിലയത്തിലെ നിലയ്ക്കാത്ത ശബ്ദമായിരുന്നു ഇദ്ദേഹത്തിന്റേത്. സ്വന്തമായി എഴുതിയ ഭക്തിഗാനങ്ങള്‍ ഹിന്ദുസ്ഥാനിയില്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരുന്ന അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു.
69-ാമത്തെ വയസ്സിലും സംഗീതത്തെ നെഞ്ചേറ്റിയുള്ളതാണ് റസാക്കിന്റെ യാത്ര. കുട്ടികള്‍ക്ക് സംഗീതത്തിന്റെ യഥാര്‍ഥ സത്ത പകര്‍ന്നുകൊടുക്കുന്ന സ്കൂള്‍- അതാണ് റസാക്കിന്റെ സ്വപ്നം.
ടാഗോര്‍ ഹാളില്‍ ഹമാരി ആവാസ് എന്ന പേരില്‍ നടന്ന അനുമോദനവും ഗാനമേളയും നടത്തി. ആദ്യകാല മലയാളം ഹിന്ദി ഗാനങ്ങള്‍ സതീഷ്ബാബുവും സംഘവും ആലപിച്ചു.