ഹിന്ദു ഐക്യവേദിക്ക് മറുപടിയുമായി ഒ ആര് കേളു എം എല്‍ എ
യുവദമ്പതികള്‍ക്ക് സമുദായ ഭ്രഷ്ട് കല്‍പ്പിച്ച യാദവ സമുദായ നേതാക്കള്‍ക്കെതിരെ തീവ്രനിലപാട് സ്വീകരിച്ച എം.എല്‍എ ഒ ആര് കേളുവിനെതിരെ ഹിന്ദു ഐക്യവേദി കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എം.എല്‍.എ രംഗത്ത്.
തന്റെ അനുജനെ കുടുംബത്തില്‍ നിന്നും പുറത്താക്കിയെന്ന ആരോപണത്തിന് കുടുംബഫോട്ടോ ഫെയ്സ് ബുക്ക് കവര്‍ ഫോട്ടോയാക്കിയാണ് എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനായി തന്റെ വീട്ടിലേക്കും അദ്ദേഹം ക്ഷണിക്കുന്നുണ്ട്.
സാമൂഹ്യഭ്രഷ്ട് നേരിടുന്നതായി പരാതിപ്പെട്ട അരുണ്‍-സുകന്യ ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച തന്റെ നിലപാട് ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളെ വിളറി പിടിപ്പിച്ചൂവെന്ന് എം.എല്‍.എ ഒ ആര് കേളു പറഞ്ഞു. അതിനെ തുടര്‍ന്നാണ് തനിക്കും തന്റെ കുടുംബത്തിനുമെതിരായി നട്ടാല്‍ മുളയ്ക്കാത്ത നുണപ്രചരണങ്ങളുമായി ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരിക്കുന്നത്.
തന്നെ സ്നേഹിക്കുന്ന മാനന്തവാടിയിലെ പൊതുജനങ്ങളെയും പാര്‍ട്ടി സഖാക്കളെയും ഇത്തരം കള്ളപ്രചരണങ്ങളുടെ വസ്തുത ബോധ്യപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമായി കരുതുന്നതായും എം.എല്‍.എ വ്യക്തമാക്കുന്നു. എം.എല്‍എ ഒ ആര് കേളു യാദവ സമുദായത്തിന്റെ വിഷയം പരിഹരിക്കുന്നതിന് മുമ്പ് സ്വന്തം അനുജനെ വീട്ടില്‍ കയറ്റാന്‍ ശ്രമിക്കണമെന്ന് ഹിന്ദു ഐക്യവേദിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് എം എല്‍ എ യുടെ പോസ്റ്റ് 
ചന്ദ്രന് അച്ചപ്പന്‍ എന്നിങ്ങനെ രണ്ട് സഹോദരന്മാരും ലീല എന്നൊരു സഹോദരിയുമാണ് തനിക്കുള്ളത്. ഇതില്‍ ഹിന്ദു ഐക്യവേദി പറയുന്നത് പോലെ തന്റെ ഏതു സഹോദരനെയാണ് താന്‍ വീട്ടില്‍ കയറ്റാത്തതെന്നും സാമൂഹ്യഭ്രഷ്ട കല്‍പ്പിച്ചതെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കണം.
തന്റെ സഹോദരന് ചന്ദ്രന്റെ വിവാഹം വിപ്ലവകരമായ ഒരു ചിന്തയായിരുന്നതിനാല്‍ തുടക്കം മുതല്‍ ഇന്നുവരെ അവനും ഭാര്യ കുമാരിയ്ക്കുമൊപ്പം എല്ലാപിന്തുണയും നല്കി ഒപ്പം നിന്ന വ്യക്തിയാണ് താന്‍.
സി.പി.എം പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ആര്‍ജ്ജിച്ച സാമൂഹ്യബോധമാണ് തന്നെയതിന് പ്രാപ്തനാക്കിയത്.
വാസ്തവം ഇതായിരിക്കെ കേവലമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ തന്നെയും കുടുംബത്തെയും സമൂഹമധ്യത്തില്‍ താറടിച്ച് കാണിക്കാനുള്ള ഹിന്ദു ഐക്യവേദി നീക്കങ്ങളെ തന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുമെന്നും അദ്ധേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി തനിക്കെതിരെ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉടനടി പിന്‍വലിക്കാനോ തെളിയിക്കാനോ തയ്യാറാകണമെന്നും ഇല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും
മാനന്തവാടി എം.എല്‍.എ ഓ ആര് കേളു പ്രസ്താവനയിലൂടെ വ്യക്തമാക്കി.
റിപ്പോര്‍ട്ട് ആനന്ദ് കെ എസ് മാനന്തവാടി
2017-04-22