Home » ഇൻ ഫോക്കസ് » സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയാക്കണം : സര്‍ക്കാരിന് തിരിച്ചടി

സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയാക്കണം : സര്‍ക്കാരിന് തിരിച്ചടി

ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ജിഷക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ച് സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി.
സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ കോടതി തള്ളി. സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയതെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതിയുടേയും ട്രൈബ്യൂണലിന്റേയും ഉത്തരവ് റദ്ദാക്കുന്നതില്‍ വിയോജിപ്പില്ലെന്ന് കോടതി പറഞ്ഞു. അതു കൊണ്ട് ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.

ജിഷ വധക്കേസും പുറ്റിങ്ങല്‍ കേസും കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സെന്‍കുമാറിന് വേണ്ടി ഹാജരായത്. ഹരീഷ് സാല്‍വെ സര്‍ക്കാരിന് വേണ്ടിയും ഹാജരായി.

2017 ജൂണ്‍ വരെ സെന്‍കുമാറിന് കാലാവധിയുണ്ട്. 1983 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥാനാണ് തൃശ്ശൂര്‍ സ്വദേശിയായ സെന്‍കുമാര്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ്. 1981-ല്‍ ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസില്‍ ആദ്യം നിയമനം ലഭിച്ച ഇദ്ദേഹത്തിന്, 1983ലാണ് ഐ.പി.എസ്. ലഭിച്ചത് .

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യം എടുത്ത തീരുമാനങ്ങളില്‍ ഒന്ന് സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനമാണ് ഇന്ന് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബൂമറാങ്ങായി തിരിച്ചുവരുന്നത്.

സെന്‍കുമാറിനെ നീക്കി ബെഹ്‌റയെ ഡിജിപിയാക്കിയത് മുതല്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചകളുടെ പരമ്പര തന്നെ സംഭവിച്ചു. ജിഷ്ണുക്കേസ് അടക്കമുള്ള സംഭവങ്ങളിലെ ഈ വീഴ്ചകള്‍ സുപ്രീംകോടതിയില്‍ അക്കമിട്ട് സെന്‍കുമാര്‍ നിരത്തി. സര്‍ക്കാരിന്റെ അനിഷ് ടത്തെ തുടര്‍ന്ന് ഒഴിവാക്കിയ അതേ കസേരയിലേക്ക് സെന്‍കുമാര്‍ തിരിച്ചെത്തുന്നു എന്നതാണ് വിധിയുടെ ഏറ്റവും വലിയ പ്രാധാന്യം.

പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയേയും സമീപിച്ചപ്പോഴും വിധി സെന്‍കുമാറിന് എതിരായിരുന്നു. എന്നാല്‍ പരമോന്നതനീതിപീഠം ഒടുവില്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചു.

അഖിലേന്ത്യാ സര്‍വീസ് ചട്ടവും കേരള പോലീസ് ആക്ടും അനുസരിച്ച് തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമായിരുന്നില്ലെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്
ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ പാടില്ല. ഇനി അഥവാ മാറ്റുകയാണെങ്കില്‍ അതിന് തക്ക കാരണമുണ്ടാകണം. ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. ഇത് ഒരര്‍ത്ഥത്തില്‍ തരംതാഴ്ത്തലാണെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിജിപിമാരെ നിയമിക്കുമ്പോള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2012 ല്‍ തമിഴ്നാട്ടില്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ ഡിജിപിയായി നിയമിച്ച കെ.രാമാനുജം കുറച്ചു നാളുകള്‍ക്കു ശേഷം വിരമിക്കേണ്ടതായിരുന്നെങ്കിലും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു. മാറി മാറിവരുന്ന സര്‍ക്കാരുകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതെ സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്നതിന് ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

 

Leave a Reply