Home » നമ്മുടെ കോഴിക്കോട് » വരുന്നു…. KSRTC മിന്നല്‍ സൂപ്പര്‍ ഡീലക്‌സ്‌

വരുന്നു…. KSRTC മിന്നല്‍ സൂപ്പര്‍ ഡീലക്‌സ്‌

കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും സുരക്ഷിതയാത്ര ഉറപ്പുവരുത്താനുമായി കെ.എസ്.ആര്‍.ടി.സി.യുടെ മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്‌സ് ഉടന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തുന്ന ബസിന് വിരലിലെണ്ണാവുന്ന സ്‌റ്റോപ്പുകള്‍ മാത്രമേ ഉണ്ടാവൂ. സൂപ്പര്‍ഫാസ്റ്റ് എയര്‍ ഡീലക്‌സ്, ഫാസ്റ്റ് പാസഞ്ചര്‍ എയര്‍ ഡീലക്‌സ്, എക്‌സ്പ്രസ്സ് എയര്‍ ഡീലക്‌സ് എന്നിങ്ങനെ എല്ലാവിഭാഗത്തിലും ഈ സര്‍വീസുകളുണ്ടാകും.

ആദ്യഘട്ടത്തില്‍ 11 ബസുകളാണ് പുറത്തിറക്കുക.ഓരോ ബസിനും അതാത് വിഭാഗത്തിന്റേതിനു തുല്യമായ യാത്രാചാര്‍ജ് മാത്രമേ ഉണ്ടാകൂ. സ്വകാര്യബസുകളോട് കിടപിടിക്കാവുന്ന രൂപഭംഗിയും സൗകര്യങ്ങളുമാവും ബസിലുണ്ടാവുക. എന്നാല്‍ ചുരുക്കം പട്ടണങ്ങളില്‍ മാത്രമേ സ്‌റ്റോപ്പുണ്ടാകൂ. ഓരോ റൂട്ടുകളിലും രണ്ടു ബസുകള്‍ വീതമിറക്കി ഒരേസമയം രണ്ടുദിശകളിലേക്കും സര്‍വീസ് നടത്താനാണ് തീരുമാനമെന്ന് ഓപ്പറേഷന്‍വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പേരുപോലെ തന്നെ മനോഹരമായ ഡിസൈനുകളും നിറങ്ങളുമുള്ള ബസുകള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ യാത്രക്കാരുടെ മനംകവരും. ഉള്‍വശവും ആകര്‍ഷകവും സൗകര്യപ്രദവുമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. . കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ വര്‍ക് ഷോപ്പിലാണ് ബസുകളുടെ നിര്‍മാണം നടക്കുന്നത്.

Leave a Reply