സരോവരം ബയോപാര്‍ക്കിലെ കളിപ്പൊയ്കയിലൂടെയുള്ള ബോട്ട് സവാരി മുടങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമാവുന്നു. ബോട്ടിലേക്ക് കയറാനായി തയാറാക്കിയ മരംകൊണ്ടുള്ള നടപ്പാലം തകര്‍ന്നതാണ് ബോട്ടിങ് നിര്ത്തിവെക്കാനിടയാക്കിയത്.
സരോവരം പാര്‍ക്കിന്റെ തെക്കുഭാഗത്താണ് മനോഹരമായ തടാകം നിലനില്‍ക്കുന്നത്. പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ കളിപ്പൊയ്കയില്‍ കുടുംബങ്ങളുള്െപ്പടെ നിത്യേന നൂറുകണക്കിനാളുകള്‍ ബോട്ട് സവാരിക്കെത്താറുണ്ടായിരുന്നു. 15ലേറെ ബോട്ടുകള്‍ തടാകത്തിലുണ്ട്. ഈ ബോട്ടുകളെല്ലാം നശിക്കുകയാണ്. ആഴ്ചകള്‍ക്കുമുമ്പ് കലക്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ ഉടന്‍ സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
സ്വകാര്യ ഏജന്‍സിയാണ് ബോട്ട് സര്‍വിസ് നടത്തിയിരുന്നത്. ഇങ്ങനെ ലഭിക്കുന്നതിന്റെ ലാഭ വിഹിതം ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിനാണ് നല്‍കുന്നത്. ഇത്തരത്തില്‍ ദിവസവും വലിയൊരു തുക വരുമാനം ബോട്ടിങ്ങിലൂടെ ഡി.ടി.പി.സിക്ക് ലഭിച്ചിരുന്നു. ഇതാണ് ഒരു വര്‍ഷത്തോളമായി നിലച്ചത്.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായി പാര്‍ക്ക് പുനരുദ്ധാരണ പദ്ധതിക്ക് 57 ലക്ഷം അനുവദിച്ചിട്ടുണ്ട്. പദ്ധതിയില്‍ കളിപ്പൊയ്കയിലെ പാലം നേരെയാക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്