Home » നമ്മുടെ കോഴിക്കോട് » പൈലറ്റിന്റെ മനസ്സാന്നിധ്യം രക്ഷയായി : കോഴിക്കോട് ഒഴിവായത് വന്‍ ദുരന്തം

പൈലറ്റിന്റെ മനസ്സാന്നിധ്യം രക്ഷയായി : കോഴിക്കോട് ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ അപകടമൊഴിവായത് തലനാരിഴയ്ക്ക്. പൈലറ്റിന്റെ മനസ്സാന്നിധ്യവും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അവസരോചിത ഇടപെടലുമാണ് വന്‍ അപകടം തടഞ്ഞത്.

ഒരു ഭാഗത്തെ എന്‍ജിന്‍ കേടാകുകയും അതേവശത്തെ ചക്രം പൊട്ടിത്തെറിക്കുകയും ചെയ്ത വിമാനം റണ്‍വേയില്‍നിന്നു തെന്നിയതിനാല്‍ മറിയാനോ മറ്റ് അപകടങ്ങള്‍ക്കോ സാധ്യതയുണ്ടായിരുന്നു.

എന്നാല്‍, പുറത്തേക്കു തെന്നിയ വിമാനം പൈലറ്റിനു റണ്‍വേയിലേക്കുതന്നെ കൊണ്ടുവരാനായതാണു രക്ഷയായത്. യന്ത്രം കേടായെന്ന വിവരം ലഭിച്ചപ്പോള്‍ത്തന്നെ, എടിസിയുടെ നിര്‍ദേശപ്രകാരം വിമാനത്താവളത്തിലെ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ റണ്‍വേയിലേക്കു കുതിച്ചു.

ഒപ്പം മലപ്പുറത്തുനിന്നും മഞ്ചേരിയില്‍നിന്നും അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പൂരിലേക്കു തിരിച്ചു. ‘എസ്’ ആകൃതിയില്‍ വിമാനം തെന്നിത്തിരിയുന്നതു കണ്ടെന്നു വിമാനത്താവളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.

വിമാനം റണ്‍വേയിലെത്തി നിന്നെങ്കിലും ഏപ്രണില്‍ തിരിച്ചെത്തി പുറത്തിറങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്. ഏതാനും സമയത്തേക്കു പറഞ്ഞറിയിക്കാനാകാത്ത ആശങ്കയിലും പേടിയിലുമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

കരിപ്പൂരില്‍ വിമാനങ്ങള്‍ ഈ സമയത്ത് ഇറങ്ങാന്‍ ഇല്ലാത്തതും രക്ഷയായി. ബഹ്‌റൈനിലേക്കു പോകാനുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം റണ്‍വേയിലേക്കു കുതിക്കാനിരിക്കുന്ന സമയമായിരുന്നു അത്. എയര്‍ ട്രാഫിക് യൂണിറ്റ് നല്‍കിയ സന്ദേശമനുസരിച്ച് ഈ വിമാനം തിരിച്ചു പാര്‍ക്കിങ് ബേയിലേക്കുതന്നെ പോയി.

റണ്‍വേ ഒന്നര മണിക്കൂര്‍ തടസ്സപ്പെട്ടു എയര്‍ ഇന്ത്യാ വിമാനത്തിന്റെ തകരാറിലായ യന്ത്രഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറിക്കിടന്നതോടെ വിമാന സര്‍വീസുകള്‍ ഒന്നര മണിക്കൂര്‍ മുടങ്ങി.11.30നു ബഹ്‌റൈനിലേക്കു പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയിലേക്കു പുറപ്പെട്ടിരുന്നു.ഈ വിമാനം ഉടന്‍ പാര്‍ക്കിങ് ബേയിലേക്കുതന്നെ തിരിച്ചെത്തിച്ചു.

11.55നു ദോഹയിലേക്കുള്ള ഐഎക്‌സ് 373 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനവും യാത്രയ്‌ക്കൊരുങ്ങുകയായിരുന്നു. മുംബൈയില്‍നിന്നെത്തി ഡല്‍ഹിയിലേക്കു പോകാനുള്ള ഇന്‍ഡിഗോ വിമാനവും സ്‌പൈസ് ജെറ്റിന്റെ ചെന്നൈ വിമാനവും വൈകി. നാലു വിമാന സര്‍വീസുകളും ഉച്ചയ്ക്ക് ഒന്നിനു ശേഷമാണു പുറപ്പെട്ടത്.

Leave a Reply