Home » ഇൻ ഫോക്കസ് » അല്ല ഇമ്മളെ ലൈറ്റ് മെട്രോ ഏടപ്പോയി

അല്ല ഇമ്മളെ ലൈറ്റ് മെട്രോ ഏടപ്പോയി

കെ പി ഷൌക്കത്തലി
കോഴിക്കോടിന്റെ ഗതാഗതക്കുരുക്കുകൾക്കൊരു പരിഹാരമായി നിർദേശിച്ചിട്ടാണ്‌  ലൈറ്റ് മെട്രോ പദ്ധതി ഭാവനയിൽക്കണ്ടത്. ഇന്ത്യയുടെ മെട്രോമാൻ ഇ. ശ്രീധരൻ തലപ്പത്ത്  വരികയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നിർമാണമേറ്റെടുക്കുകയും ചെയ്തപ്പോൾ സ്വപ്നം യാഥാർഥ്യമാവും എന്നും നാം കരുതി. എന്നാൽ, കാത്തിരിപ്പുകളെല്ലാം വിഫലമാവുന്നു എന്നാണ് ലക്ഷണങ്ങൾ പറയുന്നത്. ലൈറ്റ് മെട്രോയ്ക്കായി തുറന്ന ഓഫീസും ഡി.എം.ആർ.സി. പൂട്ടാൻ പോവുകയാണ്. കോഴിക്കോട്ടെ നഗരവാസികൾക്ക്‌ എക്കാലത്തും വാഹനക്കുരുക്കുകളിൽപ്പെട്ട് കിടക്കാൻതന്നെ വിധി
കോഴിക്കോടിന്റെ സ്വപ്നമായിരുന്നു ലൈറ്റ് മെട്രോ. വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിന്റെ ഭാവികൂടി മുന്നിൽകണ്ട് ആവിഷ്കരിച്ച പദ്ധതിയാണ്.  ഇനി നടപ്പാകുമോ എന്ന ആശങ്ക കൂടുതൽ ശക്തമായിരിക്കുന്നു. ലൈറ്റ് മെട്രോയുടെ ഒരു പ്രവൃത്തിയും നടക്കാത്തതിനാൽ ഡി.എം.ആർ.സി. കോഴിക്കോട്ടെ ഓഫീസിന്റെ പ്രവർത്തനം പൂർണമായി നിർത്താനൊരുങ്ങുകയാണ്.
പന്നിയങ്കര നടപ്പാലത്തിന്റെ നിർമാണംകൂടി കഴിഞ്ഞാൽ ഓഫീസ് അടയ്ക്കുമെന്ന് ഡി.എം.ആർ.സി. അധികൃതർ പറഞ്ഞു. സർക്കാരിന്റെ ഒരു പദ്ധതിയുമില്ലാതെ ഓഫീസ് തുടരുന്നതിൽ കാര്യമില്ലല്ലോ എന്നാണ് ഡി.എം.ആർ.സി. അധികൃതർ ചോദിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതികിട്ടാത്തതാണ് പ്രധാനതടസ്സം.  കേന്ദ്രം   മെട്രോ നയം തയ്യാറാക്കുന്നുണ്ട്. അതുവരെ  മെട്രോ പദ്ധതികളുടെ അപേക്ഷകൾ പിടിച്ചുവെയ്ക്കും.  എന്നാൽ, കേന്ദ്രാനുമതിയ്ക്ക് കാക്കാതെ പ്രവൃത്തി തുടങ്ങാമെന്ന് ഡി.എം.ആർ.സി. ഉപദേശകൻ ഇ. ശ്രീധരൻ പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  അനുമതികിട്ടുംവരെ കാത്തുനിൽക്കാനാണ്  സംസ്ഥാനസർക്കാരിന്റെ നിലപാട്. അതെന്ന് കിട്ടുന്നുവോ അതുവരെ പദ്ധതി നീളും.
സ്റ്റേഷനുകൾക്ക് ഭൂമിയെടുക്കാൻ കഴിഞ്ഞമാസം  വിജ്ഞാപനമിറങ്ങിയിരുന്നെങ്കിലും അതും അനിശ്ചിതാവസ്ഥയിലാണ്. ഡി.എം.ആർ.സി.യാണ് സർവേ നടത്തേണ്ടതെന്നാണ് പദ്ധതിയുടെ ചുമതലയുള്ള കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ (കെ.ആർ.ടി.എൽ.) പറയുന്നത്. എന്നാൽ,  അതുസംബന്ധിച്ച് ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഡി.എം.ആർ.സി.യും പറയുന്നു. സ്റ്റേഷനുകൾക്ക് 1.47ഏക്കറോളം ഭൂമിയെടുക്കാൻ സർവേക്കുവേണ്ട ഡ്രോയിങ്ങുകളും മറ്റും തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. അതുചെയ്തുകൊടുത്തു, റിപ്പോർട്ടും നൽകി. ‘ഞങ്ങൾ ഇടക്കാല കൺസൾട്ടൻസി മാത്രമാണ് ഡി.പി.ആർ. ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തെ സമർപ്പിച്ചിരുന്നു. ഏൽപ്പിച്ചിരുന്ന ചുമതലകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്, ഒന്നും ബാക്കിയില്ല’-  ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ പറയുന്നു. ലൈറ്റ് മെട്രോയ്ക്കായുള്ള ഓഫീസ് പ്രവർത്തനം ഡി.എം.ആർ.സി. നിർത്തലാക്കിയെങ്കിലും സർവേയുൾപ്പെടെയുള്ള നടപടികൾ തുടരാൻ അവരോട് ആവശ്യപ്പെടുമെന്നാണ്  കെ.ആർ.ടി.എൽ. പറയുന്നത്.  ഇപ്പോൾ ചെയ്യാവുന്ന സ്ഥലമെടുപ്പുൾപ്പെടെയുള്ള  കാര്യങ്ങളെല്ലാം തുടരും. പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അതിൽ ആശങ്ക വേണ്ടെന്നും കെ.ആർ.ടി.എൽ. പറയുന്നു.
കോഴിക്കോട്ട് ഇതാണ് അവസ്ഥയെങ്കിലും തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയുടെ അനുബന്ധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആറ്‌്‌ മേൽപ്പാലങ്ങളുടെ നിർമാണവും ഇടറോഡുകൾ  വീതികൂട്ടലും തുടങ്ങിയിട്ടുണ്ട്. അത് ഡി.എം.ആർ.സി.യാണ് ചെയ്യുന്നത്.  ഇവിടെ നിർദ്ദിഷ്ട മെട്രോറെയിൽ കടന്നുപോവുന്ന  മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ വീതികൂട്ടൽ ഡി.എം.ആർ.സി.ക്ക് വിട്ടുകൊടുക്കാൻ ഇ. ശ്രീധരൻതന്നെ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് പൊതുമരാമത്ത് വകുപ്പുതന്നെ ചെയ്താൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്.  അത് കൈമാറിയാലെങ്കിലും കോഴിക്കോട്ട് ഓഫീസ് തുടരുമായിരുന്നു. ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള പന്നിയങ്കര മേൽപ്പാലം ഡി.എം.ആർ.സി. കൃത്യസമയത്ത് പൂർത്തിയാക്കിയിരുന്നു. പത്തുകോടിരൂപ മേൽപ്പാലം പൂർത്തിയാക്കി സർക്കാരിന് തിരികെ നൽകിയിട്ടുമുണ്ട്.
ഡി.എം.ആർ.സി.യെ സർക്കാർ ഏൽപ്പിച്ച  മറ്റു ചില പദ്ധതികളും  സർക്കാരിന്റെ അനാസ്ഥകാരണം നീണ്ടുപോവുകയാണ്.  നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാതയ്ക്ക് വിശദപദ്ധതി റിപ്പോർട്ട് തയാറാക്കാൻ ഡി.എം.ആർ.സി.യെ ഏൽപ്പിച്ചിരുന്നെങ്കിലും സർക്കാർ നൽകേണ്ട  പണം ഇതുവരെ  കൈമാറിയിട്ടില്ല. എട്ടുകോടിരൂപയാണ് സർക്കാർ നൽകേണ്ടത്. ഇതിൽ രണ്ടുകോടി ആദ്യഘട്ടമായി നൽകാമെന്ന് പലതവണയായി പറഞ്ഞിരുന്നു. അത് നീണ്ടുപോവുകയാണ്. പിന്നെ, തലശ്ശേരി-മൈസൂർ ബൈപ്പാസിന്റെ സാധ്യതാറിപ്പോർട്ട് തയ്യാറാക്കാൻ ഏൽപ്പിച്ചിരുന്നു. അതും പൂർത്തിയാക്കി റിപ്പോർട്ട് നൽകി. ഇനി ലൈറ്റ് മെട്രോയല്ലാതെ വേറെയൊന്നുമില്ല അത്‌ നിശ്ചലമാണ്‌. അതുകൊണ്ടാണൊരു പദ്ധതിയുമില്ലാത്തതിനാൽ ഓഫീസ് പൂട്ടുന്നത്.
ലൈറ്റ് മെട്രോയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് നാലുവർഷം പിന്നിട്ടു.  ആദ്യം മോണോ റെയിൽ എന്ന പേരിലാണ്  തുടങ്ങിയത്. 2014 ഫെബ്രുവരിയിൽ  മോണോ റെയിൽ നിർമാണം തുടങ്ങുമെന്ന്  പറഞ്ഞിരുന്നു. ഇതിന് ആഗോള ടെൻഡറും വിളിച്ചു. ഇതിനിടെ പ്രായോഗികമല്ലെന്ന് പറഞ്ഞ മോണോ മാറ്റി ലൈറ്റ് മെട്രോയാക്കി. 2015-ൽ കേന്ദ്രസർക്കാരിന്റെ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ബോർഡിന് പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചു. സർക്കാർ മാറുന്നതിന് മുന്നോടിയായി കഴിഞ്ഞവർഷം മാർച്ചിൽ  പ്രാരംഭപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ, പദ്ധതി എന്ന് തുടങ്ങുമെന്ന കാര്യത്തിൽമാത്രം ഇപ്പോഴും ഒരുറപ്പുമില്ല. റെയിൽവേപദ്ധതിയായതിനാൽ പാരിസ്ഥിതികാനുമതിയുടെ പ്രശ്നമില്ലെന്നാണ് ഇതിന്റെ പ്രത്യേകത.
പക്ഷേ, ഡി.പി.ആറിനൊപ്പം തന്നെ ഡൽഹി മെട്രോറെയിൽ കോർപ്പറേഷൻ പരിസ്ഥിതിപഠന റിപ്പോർട്ടും തയാറാക്കി നൽകിയിട്ടുണ്ട്‌. അതുകൊണ്ട് അത്തരത്തിലുള്ള തടസ്സങ്ങളുണ്ടാവില്ല.  20ശതമാനം വീതം കേന്ദ്ര,സംസ്ഥാനസർക്കാരുകളുടെ  വിഹിതവും ബാക്കി വിദേശവായ്പയുമാണ് ഉദ്ദേശിച്ചിരുന്നത്. കേന്ദ്ര അനുമതിയില്ലെങ്കിൽ ഫണ്ട് വൈകുമെന്നത്‌ മാത്രമേ പ്രശ്നമുള്ളൂ. പൂർത്തീകരണത്തിന്‌ തടസ്സങ്ങളില്ല.  ഇത്രയും വൈകുന്ന സാഹചര്യത്തിൽ നയപരമായ തീരുമാനമാണ് ഇനിവേണ്ടത്.

 സ്ഥലമെടുപ്പ് ഏറ്റവും കുറവ്

സ്ഥലമെടുപ്പ് വളരെകുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. സ്റ്റേഷനുകൾക്കായി 1.47 ഏക്കർ സ്ഥലമെടുത്താൽ മതി. ലൈറ്റ് മെട്രോ ഡിപ്പോയ്ക്കുവേണ്ടി മെഡിക്കൽ കോളേജിനടുത്ത് സർക്കാരിന്റെ ഭൂമിതന്നെ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യഭൂമി ഏറ്റെടുക്കുന്നത് കുറവായതിനാൽ അത്തരത്തിലുള്ള തടസ്സങ്ങളൊന്നുമില്ല. മെഡിക്കൽകോളേജ് മുതൽ മീഞ്ചന്തവരെ 13.3കിലോമീറ്ററിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. 14 സ്റ്റേഷനുകളാണുള്ളത്. അതിൽ ഒരെണ്ണം കോഴിക്കോട് റെയിൽവേസ്റ്റേഷനിലാണ്. രണ്ടാംഘട്ടത്തിൽ രാമനാട്ടുകരവരെയും പിന്നീട് കോഴിക്കോട് വിമാനത്താവളം വരെയും ദീർഘിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

 ലൈറ്റ് മെട്രോയല്ലാതെ പരിഹാരമില്ല

കോഴിക്കോട് നഗരം ഓരോ ദിവസവും വാഹനത്തിരക്കിൽ വീർപ്പുമുട്ടുകയാണ്. റോഡുകൾ വീതികൂട്ടാനുള്ള സാധ്യതകൾ ഏതാണ്ടവസാനിച്ചു. നിലവിലുളള നഗരവികസനപദ്ധതികൾപോലും ഈ നഗരത്തിലെ തിരക്കിന് ശാശ്വതപരിഹാരമാവില്ല. ലൈറ്റ് മെട്രോയാണ് ഏക പോംവഴി.  ലൈറ്റ് മെട്രോയിൽ ദിവസം കാൽലക്ഷംപേർക്ക് യാത്രചെയ്യാം. അതുകൊണ്ട് നഗരത്തിലെത്തുന്ന യാത്രക്കാരുടെ നല്ലൊരു പങ്ക് ഇതിൽ ഉൾക്കൊള്ളിക്കാൻ കഴിയും.

മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ല

എന്തുകൊണ്ടാണ് ലൈറ്റ് മെട്രോ വൈകുന്നതെന്ന് മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ലെന്ന്‌ ഡി.എം.ആർ.സി ഉപദേശകൻ  ഇ. ശ്രീധരൻ പറഞ്ഞു. അവ പങ്കുവെയ്ക്കാൻ പറ്റുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply