Home » സാമൂഹികം » ശബ്ദം അധികം വേണ്ട

ശബ്ദം അധികം വേണ്ട

വാഹനങ്ങളുടെ ഹോണിന്റെ അനുവദനീയമായ ശബ്ദം 65 ഡെസിബെൽ വരെയാണ്.  ഇത് 75 വരെയൊക്കെ അനുവദിക്കും. പക്ഷേ, പല വാഹനങ്ങളും 110 മുതൽ 120 ഡെസിബൽ വരെ ശക്തിയുള്ള ഹോൺ ആണ് ഇപ്പോളുപയോഗിക്കുന്നത്

അകലെനിന്ന് ഒഴുകിയെത്തുന്ന സംഗീതം അതിഹൃദ്യമാണ്. അത് ഒരിക്കലെങ്കിലും ആസ്വദിക്കാത്തവരില്ല. ദൂരെനിന്ന് കേൾക്കുന്ന കടലിരമ്പവും അതുപോലെയാണ്. പക്ഷേ, അകലെ നിന്നുകേട്ട സംഗീതം അടുത്തുവരുമ്പോൾ ശബ്ദകോലാഹലവും അകലെനിന്നു കേട്ട കടലിരമ്പം അടുത്തുവന്നാൽ കാതുതുളയ്ക്കുന്ന ശബ്ദവുമായി മാറും. ഇതുതന്നെയാണ് ശബ്ദവും ശബ്ദമലിനീകരണവും തമ്മിലുള്ള വ്യത്യാസം.

ശബ്ദമെന്നത് ഊർജത്തിന്റെ ഒരു രൂപഭേദമാണ്. തരംഗരൂപത്തിലാണ് അതിന്റെ സഞ്ചാരം. അതിന് സഞ്ചരിക്കാൻ ഏതെങ്കിലും ഒരു മാധ്യമം വേണം. അതിനാൽത്തന്നെ ശൂന്യതയിൽ (വാക്വം) ശബ്ദം അനുഭവവേദ്യമാകുന്നില്ല. ഊർജകണികകളായ ശബ്ദത്തിന്റെ ശക്തി അളക്കാനുള്ള ഏകകമാണ് ഡെസിബൽ. ആരോഗ്യവാനും കേഴ്‌വി ശക്തിക്ക്  ഒരു തകരാറുമില്ലാത്ത ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ശബ്ദത്തിന്റെ ശക്തിയാണ് പൂജ്യം ഡെസിബൽ. സാധാരണ നാം സംസാരിക്കുമ്പോൾ കേൾക്കുന്ന ശബ്ദത്തിന്റെ തീവ്രത 30 മുതൽ 40 ഡെസിബൽ വരെയാണ്. ഉച്ചത്തിൽ സംസാരിക്കുമ്പോൾ ഇത് 50 ഡെസിബൽ വരെയാകാം.   റോക്ക് സംഗീതംപോലും ഏകദേശം 100 ഡെസിബലിന് മുകളിലാണ്. 100‌ ഡെസിബലിന് മുകളിലുള്ള ശബ്ദം സ്ഥായിയായി കേൾവിശക്തിയെ ബാധിക്കുമെന്ന് പറയാം.  കേൾവിക്കുറവുണ്ടാകാൻ ജനിതകസാധ്യതയുള്ള ആളിന് കേൾവിക്ക് നാശമുണ്ടാകാൻ ശബ്ദം ഇത്രയും ഉയരണമെന്നില്ല.

അന്തരീക്ഷമലിനീകരണത്തിൽ ഒരുപക്ഷേ, ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിപത്തുകളിൽ ഒന്നാണ് ശബ്ദമലിനീകരണം. നിർഭാഗ്യവശാൽ മലിനീകരണനിയന്ത്രണബോർഡ് പോലെയുള്ള നമ്മുടെ സ്ഥാപനങ്ങൾ ഇത് അത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ദൈനംദിന ജീവിതത്തിൽ സദാ ശ്രവിക്കേണ്ടിവരുന്ന തീവ്രശബ്ദത്തിന്  നമ്മുടെ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങളും കാരണമാണ്. വാഹനം വാങ്ങിയാലുടൻ അതിന്റെ ഹോൺമാറ്റി ഉയർന്നശബ്ദമുള്ള ഹോൺ െവച്ചുപിടിപ്പിക്കുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്.

ചെവി തകർക്കുന്ന ഡെസിബലുകൾ
വാഹനങ്ങളുടെ ഹോണിന്റെ അനുവദനീയമായ ശബ്ദം 65 ഡെസിബെൽ വരെയാണ്.  ഇത് 75 വരെയൊക്കെ അനുവദിക്കും. പക്ഷേ, പല വാഹനങ്ങളും 110 മുതൽ 120 ഡെസിബൽ വരെ ശക്തിയുള്ള ഹോൺ ആണ് ഇപ്പോളുപയോഗിക്കുന്നത്. മന്ത്രിമാരുടേതടക്കം സർക്കാർവാഹനങ്ങളിൽപ്പോലും ഇതാണ് സ്ഥിതി.  ഉയർന്ന ഡെസിബെലിലുള്ള ശബ്ദം അരോചകമാണ്. ചെവിക്ക് വേദനയുണ്ടാക്കാൻ അതുതന്നെ ധാരാളം മതി. അമിതമായ ശബ്ദശ്രവണം ചില മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കും. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് അനാവശ്യമായുള്ള നമ്മുടെ ഹോണടി.

കഴിഞ്ഞ ആറുമാസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം വിവിധ നഗരങ്ങളിലെ നിരത്തുകളിലെ ശബ്ദതീവ്രത കണക്കാക്കിയിരുന്നു. തൃശ്ശൂർ റൗണ്ടിനോട് ചേർന്ന് 84 ഡെസിബൽ വരെയാണ്  ശബ്ദം. അതിനോട് ചേർന്നുള്ള ആസ്പത്രികളിലെത്തുന്ന രോഗികൾക്ക് ഇത് സുഖകരമായ അന്തരീക്ഷമല്ല നൽകുന്നത്.

വാഹനങ്ങളുണ്ടാക്കുന്ന ശബ്ദം കേരളത്തിൽ വളരെയധികം കൂടുതലാണ്. ബസിൽ മണിക്കൂറുകളോളം യാത്രചെയ്യുമ്പോൾ തുടർച്ചയായി ശബ്ദം കേൾക്കേണ്ടിവരും. ഇതും ദോഷകരമാണ്. 1990 -ൽ തിരുവനന്തപുരം മെഡിക്കൽകോളേജും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്ന് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയിൽ നടത്തിയ പഠനത്തിൽ വാഹനങ്ങളുടെ ശബ്ദം 70 മുതൽ 80 ഡെസിബൽ വരെയായിരുന്നു.  ഇത് 86 ഡെസിബലിന് മുകളിലേക്കുപോയെന്നാണ് ഒടുവിലത്തെ കണക്കുകൾ.

ഇക്കാര്യങ്ങളൊക്കെ  മനസ്സിലാക്കിയാണ്  ഏപ്രിൽ 26- ന് അന്തർദേശീയ ശബ്ദാവബോധദിനമായി ആചരിക്കുന്നത്. കേരളത്തിൽ ഇത് നോ ഹോൺ ഡേ ആയി ആചരിക്കാനാണ്   തീരുമാനം. അനാവശ്യമായി ഹോണടിക്കുന്നത് അനാരോഗ്യ പ്രവണതയാണെന്നും ക്ഷമയോടെ വാഹനമോടിച്ചാൽ ഹോണടിക്കേണ്ടെന്നുമാത്രമല്ല അപകടങ്ങൾ കുറയുമെന്നും ജനങ്ങളെ ബോധവത്കരിക്കുക കൂടിയാണ്  ദിനാചരണത്തിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സംസ്ഥാനപോലീസ്, ഗതാഗതവകുപ്പ്, വിനോദ സഞ്ചാരവകുപ്പ്, വിവിധ സന്നദ്ധസംഘടനകൾ എന്നിവയെല്ലാം ഈ ദിനാചരണത്തിൽ കൈകോർക്കുന്നു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാരുകൾ നേരിട്ട് ഈ ദിനാചരണത്തിൽ പങ്കാളികളാവുന്നുണ്ട്.

മാലിന്യനിർമാർജനത്തിന് നാം സ്വീകരിക്കുന്ന മാർഗങ്ങളിൽ പ്രധാനം മാലിന്യമുണ്ടാകാതെ നോക്കലാണ്. ഇതേമാർഗം തന്നെയാണ് ശബ്ദമലിനീകരണത്തിലും പാലിക്കേണ്ടത്. അമിതശബ്ദം സൃഷ്ടിച്ച് മറ്റുള്ളവരുടെ ആരോഗ്യത്തെക്കൂടി തകർക്കുന്നത് ഒഴിവാക്കാതെ തരമില്ല. ശബ്ദം നിയന്ത്രിക്കാൻ നമുക്ക്  നിയമങ്ങൾ ഇല്ലാഞ്ഞിട്ടല്ല. അവ കർശനമായി നടപ്പാക്കാൻ ഇപ്പോഴും നമുക്കാവുന്നില്ല.
ശബ്ദദോഷം ചെവിക്ക് മാത്രമല്ലഅമിതശബ്ദം ചെവിക്ക് മാത്രം പ്രശ്നമുണ്ടാക്കുന്നുവെന്നാണ് പൊതുധാരണ.  മാനസികപ്രശ്നങ്ങൾക്കും  അത് കാരണമാകും.  ഏകാഗ്രതയില്ലായ്മയാണ് ഇതിൽ പ്രധാനം. കുട്ടികളിലാണ് ഇത് സാധാരണ പ്രശ്നമാകുന്നത്. പാഠഭാഗങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് കുറയും. അത് പഠനനിലവാരത്തെ  ബാധിക്കും.

അമിതശബ്ദം സ്ഥിരമായി കേൾക്കുന്നത്  രക്തക്കുഴലുകൾ ചുരുങ്ങുന്നതിന് കാരണമാകും.  ശബ്ദദോഷങ്ങളിൽ പ്രധാനവും ഇതുതന്നെയാണ്. രക്തക്കുഴലുകൾ  ചുരുങ്ങിയാൽ രക്തസമ്മർദം വർധിക്കും. ലൗഡ് സ്പീക്കറിന്റെ അടുത്തുനിൽക്കുമ്പോൾ രക്തസമ്മർദം ഉയരാറുണ്ട്. പലരും ഇത് അറിയാറില്ലെന്നുമാത്രം. അലർജി, ആസ്ത്മ എന്നിവയുള്ളവർക്ക് ഇത് വേഗം ഉയരും. ചെവിക്കുള്ളിൽ ഫ്ളൂയിഡ് പ്രഷറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർക്ക് തലകറക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗർഭിണികളിൽ രക്തക്കുഴലുകൾ ചുരുങ്ങുന്നത് ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന കേൾവിക്കുറവിനുള്ള പല കാരണങ്ങളിൽ ഒന്ന് അത്തരം കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഇൻക്യുബേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽനിന്ന് തുടർച്ചയായുണ്ടാകുന്ന ശബ്ദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതശബ്ദം കേൾക്കുമ്പോൾ അസിഡിറ്റി വർധിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹരോഗികൾ അമിതശബ്ദം കേട്ടാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിന് വ്യത്യാസം ഉണ്ടാകും.

ശബ്ദം കേൾക്കുമ്പോൾ ചെവി ഊതിയടഞ്ഞതുപോലെ തോന്നുന്ന അവസ്ഥയാണ് ടെമ്പററി ത്രഷോൾഡ് ഷിഫ്റ്റ്. ശബ്ദത്തിൽനിന്ന് മാറിനിന്നാൽ കുറച്ചുകഴിയുമ്പോൾ ഈ പ്രശ്നം മാറും. പക്ഷേ, ഇത് ആവർത്തിച്ചാൽ സ്ഥായിയായ നാശമുണ്ടാകും. ഇതിനെ പെർമനന്റ് ത്രഷോൾഡ് ഷിഫ്റ്റ് എന്ന് പറയും. ഉയർന്ന ശബ്ദം കൂടുതൽസമയം കേട്ടാൽ ഈ കേൾവിപ്രശ്നമുണ്ടാകും.
പ്രായാധിക്യമുള്ളവരിലെ കേൾവിക്കുറവ് പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാനാവില്ല. നാഡീസംബന്ധമായ പ്രശ്നമാണത്. അതേസമയം, തുടർച്ചയായി അമിതശബ്ദം കേൾക്കാൻ ഇടവരുന്നത് ചെറുപ്പക്കാരെ സംബന്ധിച്ച് പ്രായാധിക്യംമൂലമുള്ള കേൾവിക്കുറവിനെക്കാൾ തീവ്രവും അകാലത്തിൽ കേൾവിശക്തിയെ  ബാധിക്കുന്നതുമാണ്.

Written by ഡോ. സി. ജോൺപണിക്കർ (ഇ.എൻ. ടി. സർജനും ഐ.എം.എ. നാഷണൽ ഇനീഷ്യേറ്റീവ് ഫോർ സെയ്ഫ് സൗണ്ട് നാഷണൽ കോ-ഓർഡിനേറ്ററുമാണ്.) Courtesy : Mathrubhumi

Leave a Reply