Home » നമ്മുടെ കോഴിക്കോട് » പറന്നുയരാന്‍ കൊതിച്ച് കോഴിക്കോട് : റണ്‍വേ പരിശോധനഉന്നതസംഘം ഇന്നെത്തും

പറന്നുയരാന്‍ കൊതിച്ച് കോഴിക്കോട് : റണ്‍വേ പരിശോധനഉന്നതസംഘം ഇന്നെത്തും

കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമാണോയെന്ന് പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഉന്നതസംഘം ബുധനാഴ്ച എത്തും.

ജോയിന്റ് ഡയറക്ടര്‍ എന്‍ എച്ച് റാവത്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ പി അലക്സ് എന്നിവരാണ് എത്തുക. ഡല്‍ഹിയില്‍നിന്നെത്തുന്ന സംഘം ബുധനാഴ്ചതന്നെ പരിശോധന തുടങ്ങും.

ഡിജിസിഎയുടെ ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള നാലംഗ സംഘം തിങ്കളാഴ്ച കരിപ്പൂരിലെത്തി റണ്‍വേ പരിശോധനക്ക് തുടക്കംകുറിച്ചിരുന്നു. ചൊവ്വാഴ്ചയും പരിശോധന തുടര്‍ന്നു.

ഉന്നതസംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവി തീരുമാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പരിശോധനക്ക് കളമൊരുങ്ങിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി വ്യോമയാന മന്ത്രിയുമായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഡിജിസിഎ സംഘത്തോട് വ്യോമയാനമന്ത്രി റണ്‍വേ പരിശോധനക്ക് നിര്‍ദേശിച്ചത്.

ബോയിങ് 747 ഇനത്തില്‍പ്പെട്ട എയര്‍ ക്രാഫ്റ്റുകള്‍ ഇറങ്ങാന്‍ കരിപ്പൂരിലെ റണ്‍വേ സജ്ജമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply