Home » വനിത » മൌഗ്ലി ഗേൾ

മൌഗ്ലി ഗേൾ

by അജയ് ഉപ്റേതി
ഭാഗ്യം… ഷേർഖാൻ അവളെ കാണാതെപോയി.
അതുകൊണ്ട് കാട് അവളെ കടിച്ചുകീറിയില്ല.
അല്ലെങ്കിൽ, ഷേർഖാന്റെ പിടിയിൽ നിന്ന് ബഗീരയും ബാലുക്കരടിയുമെല്ലാം അവളെ രക്ഷിച്ചുകൊണ്ടിരുന്നതാവാം.
തങ്ങളിലൊരാളായി കണ്ട് കുരങ്ങിൽകൂട്ടം അവൾക്കു സംരക്ഷണവലയം തീർത്തതുമാവാം.
കാടിന്റെ കഥകൾ കാടിറങ്ങാറില്ല. അങ്ങനെതന്നെ അവരുടെ നൊമ്പരങ്ങളും.
തേൻകൂടുമായി ഇലവുമരമിറങ്ങി വരുമ്പോൾ താഴെ തങ്ങളുടെ മൗഗ്ലിക്കുട്ടി ഇല്ലെന്നറിയുമ്പോൾ ബാലുക്കരടി എത്ര സങ്കടപ്പെട്ടിട്ടുണ്ടാവുമെന്ന് ആരറിയുന്നു.

മരങ്ങളിൽ തൂങ്ങിയാടി കളിച്ചും ഉല്ലസിച്ചും തങ്ങൾക്കൊപ്പം നടന്നിരുന്നവളെ കാണാതായപ്പോൾ  കുരങ്ങിൻകൂട്ടവും കണ്ണീരൊഴുക്കിയിട്ടുണ്ടാവും. എത്ര മറച്ചുപിടിച്ചിട്ടും മനുഷ്യന്റെ കണ്ണുകൾ അവളുടെമേൽ എങ്ങനെ പതിച്ചുവെന്ന് അത്തിമരക്കൊമ്പിലെ പഴങ്ങളടർത്തി അവർ ചർച്ചചെയ്യുന്നുമുണ്ടാവും.

റുഡ്യാർഡ് കിപ്ലിങ്ങിന്റെ ഭാവനയുടെ താളുകൾ മടക്കിവയ്ക്കുക. കാട്ടുവള്ളികളിൽ തൂങ്ങിയാടി വരുന്ന മൗഗ്ലിയെ കണ്ടപ്പോൾ ഇതൊരു കഥയല്ലേ, ചെന്നായ വളർത്തിയ കുട്ടിയോ, അസംഭവ്യം എന്നു കരുതിയെങ്കിൽ തെറ്റി. കാട്ടുതാരാട്ടേറ്റു വളർന്ന മൗഗ്ലിക്ക് ഇതാ ഒരു പിൻമുറക്കാരി. അതും ഇന്ത്യയിൽനിന്ന്.

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽനിന്ന് 250 കിലോമീറ്റർ അകലെ ഉത്തരഗംഗാതടത്തിലെ കാതർനിയ വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയ എട്ടുവയസ്സുകാരിക്കു വിദേശമാധ്യമങ്ങൾ നൽകിയ പേര് ‘മൗഗ്ലിഗേൾ’ എന്നായിരുന്നു. കാടിന്റെ മടിത്തട്ടിൽ വളർന്നാൽ നാട്ടിലുള്ളവർ മറ്റെന്തു വിളിക്കും? എന്നാൽ റുഡ്യാർഡ് കിപ്ലിങ്ങിനെ വായിക്കാത്ത നാട്ടുകാർ അവളെ വനദുർഗയെന്നു വിളിച്ചു.വനപാലകർ കണ്ടെത്തുമ്പോൾ മൃഗങ്ങളെപ്പോലെ നാലുകാലിലാണു വനദുർഗ കാടിന്റെ കഠിനപാതയിലൂടെ നടന്നത്.

ചുറ്റും കുരങ്ങൻമാരുടെ പട. മൃഗങ്ങൾക്കൊപ്പം കളിച്ചുണ്ടായ മുറിപ്പാടുകൾ ശരീരമാസകലം. ജടപിടിച്ച് തലമുടി. നീണ്ട നഖങ്ങൾ. മൃഗഗന്ധം. കുളിച്ചിട്ടു മാസങ്ങളായിട്ടുണ്ടാവും. മനുഷ്യക്കുഞ്ഞാണെന്നു തിരിച്ചറിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിച്ച വനപാലകർക്കുനേരെ കുരങ്ങുപട ചീറിയടുത്തു. കുട്ടിയും കഴിയുന്നത്ര എതിർത്തു നോക്കി.

90-MOGLIGIRL-dco-7col‘വനദുർഗ’ ലക്നൗവിൽ ‘നിർവാൺ’ എന്ന എൻജിഒയിലെ വോളന്റിയർക്കൊപ്പം. ചിത്രം: പവൻകുമാർ

പക്ഷേ, ഒടുവിൽ അവളെ ബഹ്‌റേച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.ആദ്യം ഭക്ഷണം കൊടുത്തപ്പോൾ മുട്ടിൽനിന്നു മൃഗങ്ങളെപ്പോലെ കടിച്ചുതിന്നാനാണ് അവൾ ശ്രമിച്ചത്. നടക്കുന്നതു നാലുകാലിൽ. പ്ലേറ്റിൽ വിളമ്പിയ ചൂടുള്ള ഭക്ഷണം തട്ടിമാറ്റി ആശുപത്രിവളപ്പിലെ മാലിന്യക്കൂമ്പാരത്തിൽനിന്നു തേടിത്തിന്നാനായിരുന്നു ശ്രമം. കാട് അവളിൽ, അവളറിയാതെ ഉണ്ടാക്കിയ മാറ്റങ്ങൾ…

പിച്ചവച്ച നാളുകൾ

മനുഷ്യരിൽനിന്ന് ഓടിയൊളിക്കാനാണു വനദുർഗ ആദ്യം ശ്രമിച്ചത്. സന്ദർശകരെ കാണുമ്പോഴേ മുറിക്കുള്ളിലെ കട്ടിലിനടിയിൽ ഒളിക്കും. ഒച്ചവച്ച് ആളുകളെ ഓടിക്കാൻ ശ്രമിക്കും. ചിലപ്പോൾ കരഞ്ഞുവിളിക്കും. പറ്റേ വെട്ടിയ നഖങ്ങൾ കൊണ്ടു തലയും ശരീരവും ചൊറിഞ്ഞു പാടുവീഴ്ത്തി പ്രതിഷേധിക്കും.നാലുകാലിൽ നടന്ന വനദുർഗയെ രണ്ടുകാലിൽ പിച്ചവയ്പിക്കാനായിരുന്നു ആദ്യശ്രമം. നിലനിൽപിന്റെ ആദ്യ പാഠങ്ങളിൽ അവൾ ഇടയ്ക്കൊക്കെ ഇടറിവീണു.

മുറിവുകൾ ഉണങ്ങിത്തുടങ്ങിയതോടെ പരിചരിക്കുന്ന നഴ്സുമാരുമായി പതിയെ അടുത്തു. വിശക്കുമ്പോൾ വയറ്റിൽ തൊട്ടുകാണിക്കാനും ദാഹിക്കുമ്പോൾ ഗ്ലാസ് നിലത്തെറിഞ്ഞു വെള്ളം ചോദിക്കാനും അവൾ പഠിച്ചു. ചപ്പാത്തിയും പച്ചക്കറിയും പഴങ്ങളും ബിസ്കറ്റുമൊക്കെ കഴിച്ചുതുടങ്ങി. മനുഷ്യജന്മത്തിലേക്കുള്ള ആദ്യ ചുവടുവയ്പുകൾ. ജുവനൈൽ കോടതിയുടെ ഉത്തരവു പ്രകാരം ലക്നൗവിലെ ആശുപത്രിയിലേക്കു മാറ്റിയ വനദുർഗയ്ക്കു ഇപ്പോൾ മാനസിക ചികിൽസയും സ്പീച്ച് തെറപ്പിയും നൽകുന്നു.

എങ്ങനെ മൗഗ്ലിക്കുട്ടിയായി?

എട്ടുവയസ്സുവരെ വനദുർഗ വനത്തിൽ തന്നെയാണോ ജീവിച്ചത്? അതോ, ഏതാനും മാസത്തെ വനവാസം കൊണ്ട് അവൾ വന്യജീവിയുടെ സ്വഭാവം കാണിക്കുന്നതോ? അവൾ എങ്ങനെയാണു വനത്തിലെത്തിയത്?  അമ്മ അവളെ വനത്തിൽ ഉപേക്ഷിച്ചതാണോ? അതോ, അമ്മയുടെ കയ്യിൽനിന്നു കുരങ്ങന്മാർ തട്ടിയെടുത്തതോ? ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങൾ ബാക്കിയാണ്. കാരണം വനദുർഗയ്ക്കു മനുഷ്യന്റെ ഭാഷ അറിയില്ല. മൃഗങ്ങൾ അവളെ പഠിപ്പിച്ച ആംഗ്യഭാഷ നമുക്കു മനസ്സിലാവുകയുമില്ല.

ജനുവരി 20നാണ് മൗഗ്ലിക്കുട്ടിയെ വനപാലകർ ആദ്യമായി കണ്ടത്. രണ്ടരമാസം ചികിൽസയിൽ താമസിപ്പിച്ച ശേഷമാണ് ഇക്കാര്യം പുറംലോകത്തെ അറിയിക്കുന്നത്. എട്ടുവർഷം ഇവൾ വനത്തിൽ കഴിഞ്ഞെന്ന വാദം വനപാലകർ പാടേ തള്ളുന്നു. പട്രോളിങ് സംഘത്തിന്റെ കണ്ണുകളിലും വനാന്തരങ്ങളിൽ വനംവകുപ്പു സ്ഥാപിച്ചിരിക്കുന്ന ക്യാമറക്കണ്ണുകളിലും പെടാതെ വർഷങ്ങളോളം ഒരു പെൺകുട്ടി വനത്തിൽ കഴിയുക അസാധ്യമാണെന്നു ഡിഎഫ്ഒ: ഗ്യാൻ പ്രകാശ് ഉറപ്പിച്ചു പറയുന്നു.

അതേസമയം വനത്തിൽ വിറകെടുക്കാൻ പോകാറുള്ള നാട്ടുകാർ മൗഗ്ലിക്കുട്ടിയെ നേരത്തേ കണ്ട കഥ പറയുന്നു. ഒരുപറ്റം കുരങ്ങുകൾക്കൊപ്പമാണു –കണ്ടിട്ടുള്ളത്. പലതവണ രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും കുരങ്ങന്മാർ ഇവരെ കൂട്ടത്തോടെ ആക്രമിക്കുമായിരുന്നു. ഒടുവിൽ വനപാലകരെ വിവരം അറിയിച്ചു. ഇമചിമ്മാതെ കാത്തിരുന്നാണു പൊലീസും വനപാലകരും ചേർന്നു കുട്ടിയെ കണ്ടെത്തിയതും രക്ഷിച്ചതും.

എന്നു പറയും അക്കഥകൾ

വനദുർഗ വലുതാവുകയല്ലേ. അവൾക്കു പറയാൻ കാടിന്റെ കഥകൾ ഏറെയുണ്ടാകും. തനിക്കു തേൻനൽകിയ ബാലു കരടിമാരെക്കുറിച്ച്, ചീറിയടുത്ത ഷേർഖാനെക്കുറിച്ച്, പതിഞ്ഞ ഓരോ കാൽചുവടിലും തന്റെരക്ഷ മാത്രംകരുതിയ ബഗീരയെക്കുറിച്ച്, അത്തിമരത്തിൽനിന്ന് അടർത്തിനൽകിയ പഴത്തിന്റെ മധുരത്തെക്കുറിച്ച്…

നാവിൽ മനുഷ്യഭാഷ ഉറയ്ക്കുമ്പോൾ അവൾ പറയുന്ന കഥകൾക്കായി കാത്തിരിക്കാം.

Leave a Reply