Home » കളിക്കളം » അണ്ടര്‍ 17 : മെയ് 15നകം മൈതാനവും സൌകര്യങ്ങളും ഒരുങ്ങും

അണ്ടര്‍ 17 : മെയ് 15നകം മൈതാനവും സൌകര്യങ്ങളും ഒരുങ്ങും

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കു വേദിയാകുന്ന കൊച്ചിയിലെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര കായിക മന്ത്രി  വിജയ് ഗോയല്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തും.

അനുബന്ധ സൌകര്യങ്ങളടക്കം പൂര്‍ത്തിയാക്കി മെയ് 15ഓടെ വേദികള്‍ പൂര്‍ണമായും സജ്ജമാകുമെന്ന് നോഡല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

ജോലികള്‍ വേഗത്തിലാണ് പുരോഗമിക്കുന്നത്. പുല്ലുപിടിപ്പിക്കല്‍, ഓടസംവിധാനം അടക്കമുള്ള പണികള്‍ നേരത്തെ പൂര്‍ത്തിയായി. എസിയുടെയും അഗ്നിശമന സംവിധാനങ്ങളുടെയും ശൌചാലയങ്ങളുടെയും പണി പുരോഗമിക്കുന്നു.

സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ കസേര പിടിപ്പിക്കല്‍ പൂര്‍ത്തിയായി. അപ്പര്‍ ഗ്യാലറികളില്‍ കസേര പിടിപ്പിക്കല്‍ തുടങ്ങി. നൂറുകണക്കിന് തൊഴിലാളികളാണ് രാപകല്‍ അധ്വാനിക്കുന്നത്. ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ജോലികള്‍ പൂര്‍ത്തിയാകുന്നത്.
പരിശീലന വേദികളായ മഹാരാജാസ് കോളേജ് ഗ്രൌണ്ടിലും പനമ്പിള്ളിനഗര്‍ സ്കൂള്‍ ഗ്രൌണ്ടിലും പുല്ല് വച്ചുപിടിപ്പിച്ചു. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൌണ്ടിലെ പുല്ലുപിടിപ്പിക്കല്‍ ബുധനാഴ്ച ആരംഭിക്കും. പരേഡ് ഗ്രൌണ്ടില്‍ വെള്ളിയാഴ്ച ആരംഭിക്കും. വെളി ഗ്രൌണ്ടില്‍ മണ്ണിട്ടുനികത്തല്‍ പൂര്‍ത്തിയായി.

പുല്‍പ്രതലം ഒരുക്കാന്‍ കരാറുകാരായ സ്പോര്‍ട്സ് ടര്‍ഫ് ആന്‍ഡ് ഗോള്‍ഫ് എന്റര്‍പ്രൈസസിന് പൊതുമരാമത്തുവകുപ്പ് എല്ലാ സഹായവും നല്‍കുന്നുണ്ട്. രണ്ടു സ്റ്റേഡിയങ്ങളിലും പുല്ലു നനയ്ക്കാനുള്ള വെള്ളം സംഭരിക്കാന്‍ സമീപത്ത് ടാങ്കുകളും സജ്ജമാക്കി. ചുറ്റുവേലി നിര്‍മാണവും ആരംഭിച്ചു. ഫ്ളഡ് ലൈറ്റ് സ്ഥാപിക്കലാണ് ഇനിയുള്ളത്.
സ്റ്റേഡിയങ്ങളിലെ പുല്‍പ്രതലങ്ങളുടെ വളര്‍ച്ച പരിശോധിക്കാന്‍ ഫിഫയുടെ ടര്‍ഫ് കണ്‍സള്‍ട്ടന്റ് 29ന് എത്തും. ഇതിനുമുമ്പ് എല്ലാ സ്റ്റേഡിയങ്ങളിലെയും പുല്‍ത്തകിടി നിര്‍മാണം പൂര്‍ത്തിയാകും.

മെയ് 15നാണ് ഫിഫാ സംഘം എത്തുന്നത്. അതിനുമുമ്പ് എല്ലാ സ്റ്റേഡിയങ്ങളും പൂര്‍ണമായും സജ്ജമാകും.  മാര്‍ച്ച് 24ന് നടന്ന ഫിഫാ സംഘത്തിന്റെ പരിശോധനയ്ക്കുശേഷമുള്ള നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ 18ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ എത്തിയിരുന്നു. നിര്‍മാണപുരോഗതിയില്‍ പൂര്‍ണ തൃപ്തിയാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

Leave a Reply