ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 48 സ്കൂളുകളുടെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിക്കും.
അടുത്ത രണ്ടുവര്ഷങ്ങളിലായാണ് തുക അനുവദിക്കുക. ഇതിനുള്ള പദ്ധതി നിര്‍ദേശം ജില്ലാ പഞ്ചായത്ത് പദ്ധതി അവലോകനയോഗം അംഗീകരിച്ചു.
പുതിയ സാമ്പത്തികവര്‍ഷം കുടിവെള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിടുന്ന കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമായാണ് തുക നീക്കിവയ്ക്കുന്നതെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗത്തില്‍പ്പെട്ട 44 സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനമാണ് നടപ്പാക്കുന്നത്. ക്ളാസ്റൂം അറ്റകുറ്റപ്പണി, കുടിവെള്ളം, വൈദ്യുതീകരണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള കക്കൂസ് നിര്‍മാണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് തുക ഉപയോഗിക്കാം.
ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കുട്ടികളില്‍ ബോധം വളര്‍ത്താനുതകുന്ന പദ്ധതികള്‍ നടപ്പാക്കും. ഇതിനായി ആദ്യഘട്ടത്തില്‍ സിവില്‍ സര്‍വീസ് രംഗത്ത് കുട്ടികള്‍ക്ക് എത്തിപ്പെടാനാവശ്യമായ മുന്നൊരുക്കത്തിന് ജില്ലാ പഞ്ചായത്ത് സഹായമൊരുക്കും. ഇതിനുള്ള പദ്ധതി നിര്‍ദേശം അംഗീകാരത്തിന് നല്കി.
സിവില്‍ സര്‍വീസ് താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പരിശീലന ക്ളാസ് നടത്തും. എട്ടാംക്ളാസ് മുതലുള്ള 100 കുട്ടികള്‍ക്കാണ് ആദ്യഘട്ട പരിശീലനം. അടുത്തഘട്ടം എല്ലാ സ്കൂളുകളിലും പരിശീലന ക്ളാസ് ഒരുക്കും. ജില്ലയില്‍ കുട്ടികളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് പരീക്ഷ നടത്തിയാണ് പരിശീലനത്തിനുള്ള കുട്ടികളെ കണ്ടെത്തുക.
തരിശുരഹിത ജില്ലയായി കോഴിക്കോടിനെ മാറ്റാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. ഒരു ഹെക്ടറില്‍ കൃഷിചെയ്യുന്ന കര്ഷകന് 17,000 രൂപ സബ്സിഡി നല്‍കും. 5000 രൂപ ജില്ലാപഞ്ചായത്തും 5000 രൂപ ബ്ളോക്ക് പഞ്ചായത്തും 7000 രൂപ ഗ്രാമപഞ്ചായത്തും നല്‍കും. ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ 50,000 രൂപ വായ്പ നല്‍കും. ഗുണമേന്മയുള്ള പശുക്കളെ വാങ്ങാനാണ് തുക അനുവദിക്കുന്നത്. 25,000 രൂപ സബ്സിഡിയാണ്.
മഴവെള്ള സംഭരണത്തിന് പദ്ധതികള്‍ നടപ്പാക്കും. ആകാശ ഗംഗ പദ്ധതിയിലൂടെ 10,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും. ഇതിനായി 6000 രൂപവരെ സബ്സിഡി നല്‍കും. പ്ളാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കും.
എച്ച്ഐവി ബാധിതര്‍ക്കുള്ള പോഷകാഹാര വിതരണ പദ്ധതി തുടരും. തിക്കോടി ഫാം നേഴ്സറി ഷെഡ് നവീകരണത്തിനും കൂത്താളി ഡെയ്റി ഫാം യൂണിറ്റിനും കൂത്താളി ഫാം ട്രെയിനിങ് സെന്ററിനും അധിക സൌകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി പി ഡി ഫിലിപ്പ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ജി ജോര്‍ജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനയ്ക്കല്‍, പി കെ സജിത, എ കെ ബാലന്, സി കെ കാസിം, വി ഡി ജോസഫ്, എം എ ഗഫൂര്‍ എന്നിവരും സംസാരിച്ചു.