Home » ന്യൂസ് & വ്യൂസ് » നാവില്‍ രുചിയുടെ മേളപ്പെരുക്കവുമായി മാമ്പഴക്കാലം…

നാവില്‍ രുചിയുടെ മേളപ്പെരുക്കവുമായി മാമ്പഴക്കാലം…

മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവന്‍ രുചിയെ കടത്തിവെട്ടാന്‍ പഴുത്തു തുടുത്തു നില്‍ക്കുകയാണ് സുന്ദരിയും അല്‍ഫോണ്‍സയും അമ്മിണിയും ഒക്കെ. കോഴിക്കോട് ഗാന്ധിപാര്‍ക്കില്‍
കാലിക്കറ്റ് അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാമ്പഴപ്രദര്‍ശനത്തിലാണു രുചിയുടെ വൈവിധ്യങ്ങളുമായി മാമ്പഴങ്ങള്‍ അണിനിരന്നിരിക്കുന്നത്.

പാലക്കാട് മുതലമട അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണു മാമ്പഴങ്ങള്‍ വില്‍പനയ്ക്കും പ്രദര്‍ശനത്തിനുമായി എത്തിച്ചിരിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ പച്ചിലകൊണ്ടു പഴുപ്പിച്ച മാമ്പഴങ്ങളാണു പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി എത്തിച്ചിരിക്കുന്നതെന്നു സംഘാടകര്‍ പറയുന്നു.

അല്‍ഫോണ്‍സ, ഖുദാദത്ത്, ബങ്കനപ്പള്ളി, മല്‍ഗോവ, ചക്കരക്കുട്ടി, പ്രമേഹ രോഗികള്‍ക്കും കഴിക്കാന്‍ കഴിയുന്ന ബംഗളോറ, തോത്താപ്പുരി, പ്രിയോര്‍ ഇനങ്ങളും വര്‍ണവൈവിധ്യമാര്‍ന്ന സുവര്‍ണരേഖ, ബനറ്റ് ഇനങ്ങളും പ്രദര്‍ശനത്തിലുണ്ട്. പേരയ്ക്കമാങ്ങ, അമ്മിണി എന്നീ ഇനങ്ങളും പുതിയ സ്വാദ് പകരും.

മുഗള്‍ ചക്രവര്‍ത്തിമാര്‍ അവരുടെ മക്കളുടെ പേരിട്ട് വളര്‍ത്തിയതും സ്വാദില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ജഹാംഗീര്‍, ഹിമായുദ്ദീന്‍, ഹിമാപ്പസന്ത്, ബനിഷാന്‍ എന്നിവയും പുതിയ സങ്കരഇനങ്ങളായ എച്ച്4, എച്ച്44, എച്ച് 151 എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

വലിപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ‘ആനത്തലയന്‍’ ആണ്. കോഴിക്കോട് എ ജി റോഡിലെ പി പി കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടില്‍ വളര്‍ത്തിയതാണ് ഈ മാങ്ങ.
ചക്കരക്കുട്ടിക്ക് 120 രൂപയാണ് വില. സുന്ദൂരം റുമാനിയ എന്നീ ഇനങ്ങള്‍ക്ക് 60 രൂപയാണ് വില. മാര്‍ക്കറ്റില്‍ അപൂര്‍വമായി എത്തുന്ന പ്രിയൂര്‍ ഇനത്തിന് 80 രൂപയും ബങ്കനപ്പള്ളി, സുന്ദരി ഇനങ്ങള്‍ക്ക് 70 രൂപയുമാണു വില. തോത്തപ്പുരി ഇനത്തിന് 40 രൂപയാണ്. മല്‍ഗോവയ്ക്ക് 100 രൂപയും കാലാപ്പടിയ്ക്ക് 80 രൂപയും ഹമാപസന്തിന് 120 രൂപയുമാണ്. 25 ഇനം മാങ്ങകളുടെ ശേഖരമുള്ളത്.

Leave a Reply