Home » നമ്മുടെ കോഴിക്കോട് » സി.ജി.ടി.എ പ്രതിഭാ പുരസ്കാരം നിശാന്ത് മോഹന്

സി.ജി.ടി.എ പ്രതിഭാ പുരസ്കാരം നിശാന്ത് മോഹന്

കാലിക്കറ്റ് ജോഗ്രഫി ടീച്ചേഴ്‌സ് അസോസിയേഷൻ (CGTA)  ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരം എം. നിശാന്ത് മോഹന്.കേരളത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ച് ആധികാരികമായ രണ്ട് ഗ്രന്ഥങ്ങൾ രചിക്കുകയും ഭൂമിശാസ്ത്ര പഠന മേഖലയിൽ വേറിട്ട ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന എം.നിശാന്ത് മോഹന് പ്രതിഭാ പുരസ്കാരം ഹയർസെക്കണ്ടറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ജയശ്രീ ടീച്ചർ സമ്മാനിച്ചു.

ഭൂമിശാസ്ത്ര അധ്യാപന മേഖലയിൽ നിശാന്ത് മോഹൻ നടത്തുന്ന ഇടപെടലുകൾ മാതൃകാ പരമാണെന്നും ഇത് ഭൂമിശാസ്ത്രമെന്ന വിഷയത്തിന്റെ വളർച്ചക്ക് സഹായകമാവുന്നുവെന്നും ഹയർസെക്കണ്ടറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ജയശ്രീ പറഞ്ഞു.

വയനാട് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിശാസ്ത്ര അധ്യാപകനാണ് നിശാന്ത് മോഹൻ.കോഴിക്കോട് അച്ചുതൻ ഗേൾസ് ഹയർ സെക്കണ്ടറിയിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.കെ സലീം അധ്യക്ഷത വഹിച്ചു. പി.ഷാജിദ്,കെ.അജയൻ, രൂപേഷ് ആർ.മുചുകുന്ന്,പി.സൂരജ്,കെ.ഷൈനി,വി.മുഹമ്മദ് യാസിർ,  ടി.കെ.ഷൈഫുൽ അമീൻ എന്നിവർ സംസാരിച്ചു.

എം. നിശാന്ത് മോഹൻ എഴുതിയ കേരളം ഭൂപടങ്ങളിലൂടെ എന്ന പുസ്തകത്തിന്റ ചർച്ച എ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.എം ഹൈജാസ് റഫീഖ്,ടി.സന്തോഷ്, എസ്.പ്രമോദ് കുമാർ, വി.ആർ.അനുഷ, പി.എസ് സ്റ്റല്ല,ടി. ശ്രീലേഷ്,ശ്രീലു ശ്രീപദി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ.എ.എം ഷബീർ സ്വാഗതവും എസ്.ആർ അശ്വതി നന്ദിയും പറഞ്ഞു.

 

വായിക്കാം കേരളം ഭൂപടങ്ങളിലൂടെ

SALEEM .N K    ( HSST GEOGRAPHY HSS CHENNAMANGALLUR) ) എഴുതിയ റിവ്യൂ.

കേരളത്തിന്റെ സമഗ്ര ഭൂമിശാസ്ത്ര പഠനത്തിലേക്ക് കൈപിടിക്കുന്ന പുസ്തകം

വരൾച്ചയും ചൂടും അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഓരോ പ്രാദേശത്തിന്റെയും ഭൂമി ശാസ്ത്ര പഠനത്തിന്റെ പ്രാധാന്യമാണ് വർധിക്കുന്നത്. ഓരോ കാലത്തും അതത് പ്രാദേശിക ഇടങ്ങളിൽ മനുഷ്യൻ അറിഞ്ഞോ അറിയാതേയോ ചെയ്ത അശാസ്ത്രീയമായ ഇടപെടലുകളാണ് ഇന്നത്തെ വലുതും ചെറുതുമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണം.അതിൽ കാലാവസ്ഥാ വ്യതിയാനം മുതൽ ഇങ്ങ് നമ്മുടെ കിണറുകളിലെ ജലനിരപ്പ് താഴുന്നത് വരെയുള്ള പ്രശ്നങ്ങളുണ്ട്.
ഭൂമി ശാസ്ത്ര പഠനം ശരിയായ രീതിയിൽ നടക്കുകയും അതിന്റെ അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്യുകയാണ് വേണ്ടത്. ഇവിടെയാണ് കേരളം ഭൂപടങ്ങളിലൂടെ എന്ന പുസ്തകം ചർച്ചയാവുന്നത്. ഭൂമി ശാസ്ത്ര അധ്യാപകനായ എം. നിശാന്ത് മോഹനും ജി.എസ് പ്രദീപും ചേർന്നെഴുതിയ ഈ പുസ്തകം കേരളത്തിന്റെ ഭൂമി ശാസ്ത്രത്തെ ഭൂപടങ്ങളുടെ സഹായത്തോടെ വളരെ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഒന്നാണ്.

ഓരോ പ്രദേശത്തേയും ഭൂമിശാസ്ത്രം പഠനത്തിന് വിധേയമാക്കണം.വൈവിധ്യങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഇത്തരം പ്രാദേശിക ഭൂമികകൾ അറിഞ്ഞ് സംരക്ഷിക്കപെടേണ്ടവയെ സംരക്ഷിച്ച് ,ഓരോ പ്രദേശത്തിനനുസരിച്ച വിക സന പ്രവർത്തനങ്ങളാണ് മുന്നോട്ട് വെക്കേണ്ടത്. ഇത്തരത്തിലുള്ള വികസനം മാത്രമെ അതിജീവിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ ഭൂമി ശാസ്ത്ര പഠനം മനുഷ്യന്റെ അതിജീവനത്തിന്റെ കൂടി പഠനമാണ്. അതിന് ഒരോ പ്രദേശവും വളരെ ശാസ്ത്രീയമായി വായിക്കപ്പെടണം. ആ പ്രദേശത്തെ ഭൂപ്രകൃതി, നദികൾ,മണ്ണ്, ജലസ്രോതസ്സുകൾ, വനങ്ങൾ, കാലാവസ്ഥ, ധാതു സമ്പത്ത് തുടങ്ങിയവയെല്ലാം അതിന്റെ സൂക്ഷമ തലത്തിൽ വായിക്കപ്പെടണം. പക്ഷെ പലപ്പോഴും ഇത് നടക്കുന്നില്ല.

ഉപരിപ്ളവമായ പഠനങ്ങൾ മാത്രം നടത്തി പല വൻ പദ്ധതികളും നടപ്പിലാക്കുമ്പോൾ ആ പ്രദേശത്തെ സൂക്ഷമ കാലാവസ്ഥയിലും ജൈവ വൈവിധ്യങ്ങളിലും ഉണ്ടാക്കപ്പെടുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. പലയിടങ്ങളിലും ഇപ്പോൾ നമ്മളത് അനുഭവിക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ തനത് ജൈവ വൈവിധ്യങ്ങൾ എല്ലാം തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിച്ച് കൊണ്ടിരിക്കുന്നത്. ആതിരപ്പിള്ളി അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിന്റെ ഓരോ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഏറിയും കുറഞ്ഞും കാണാം. അത് കൊണ്ട് തന്നെ കേരളത്തിന്റെ സമഗ്രമായ ഭൂമി ശാസ്ത്ര പഠനം നടക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു പഠനത്തിലേക്ക് ഈ പുസ്തകം കൈ പിടിക്കുന്നുണ്ട് എന്നത് തീർച്ചയാണ്.ശാസ്ത്രീയ മായി ഭൂപടങ്ങളും ഇതിൽ വിന്യസിച്ചിരിക്കുന്നു. കേരള ഭൂമി ശാസ്ത്ര പഠനത്തിന് ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഭൂമി ശാസ്ത്ര വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ ഭൂമി ശാസ്ത്രത്തെ കുറിച്ച് പുതിയരവബോധവും അറിവും നൽകുമെന്ന് തീർച്ചയാണ്.

Leave a Reply