കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വ്യത്യസ്തമായ രീതിയില്‍ ഏറ്റവും ചിലവ് കുറഞ്ഞതും ഫലപ്രദമായതുമായ പദ്ധതിയായ റീ ചാര്‍ജിങ് സംവിധാനം വ്യാപകമാക്കാന്‍ നടപടിയില്ല.
പുതിയ വീടിന് പഞ്ചായത്ത് നമ്പര്‍ നല്കണമെങ്കില് കിണര്‍ റീചാര്‍ജിങ് സംവിധാനം വേണമെന്ന നിബന്ധനയുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ല. അപൂർവം പഞ്ചായത്തുകള്‍ കിണര്‍ റീചാർജിങ് സംവിധാനം ഒരു പദ്ധതിയായി നടപ്പാക്കുന്നുണ്ട്.
കിണർ റീചാർജിങ് പദ്ധതി പ്രകാരം മൂന്ന് സെൻറ് സ്ഥലമെങ്കിലും സ്വന്തമായുള്ളവര്‍ വീട്ടുവളപ്പില്‍ കുറഞ്ഞത് 2: 2: 4 അടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ മെറ്റലും മണലും കട്ടകളുമൊക്കെ നിറച്ച് വീടിന് മുകളില്‍ നിന്നുള്ള വെള്ളം പാത്തികള്‍ വഴി അതിലേ തിരിച്ചുവിടണം. കിണറുള്ളവര്‍ക്ക് കിണറ്റിലേക്ക് വിടാം.
പിന്നെയും ബാക്കിവരുന്ന വെള്ളം കിണറിെൻറ സമീപത്തോ അല്‍പ്പം മാറിയോ ഇതുപോലുള്ള മഴക്കുഴികളിലേക്ക് ഇറക്കി വിടണം. കുഴല്‍ക്കിണര്‍ കുഴിച്ച് അതിലേക്ക് വെള്ളം തിരിച്ചുവിടുന്ന രീതിയും ചിലര്‍ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു മേല്‍ക്കൂരയില്‍ ഒരുവര്‍ഷം ശരാശരി മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം മഴവെള്ളമായി പെയ്ത് വീഴുന്നുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. തുലാമഴക്കാലത്ത് ഇതിെൻറ 20 ശതമാനം കിട്ടും. ഇത്രയൊന്നും സംഭരിക്കുന്നില്ലെങ്കില്‍പ്പോലും 5000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ ശേഖരിച്ചാല്‍ മാത്രം നാലു മാസം തുടര്‍ച്ചയായി ദിനംപ്രതി 40 ലിറ്റര്‍ വെള്ളം ലഭ്യമാക്കാന്‍ കഴിയും.
വേനല്‍ കടുത്ത് ജലക്ഷാമം രൂക്ഷമായിട്ടും കിണര്‍ റീചാർജിങ് പദ്ധതി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറോ പഞ്ചായത്തുകളോ നടപടിയെടുക്കുന്നില്ല.
ലളിതവും കൂടുതൽ പണച്ചെലവില്ലാത്തതുമായ സംവിധാനത്തിലൂടെ മഴവെള്ളം ശേഖരിച്ച് ജലക്ഷാമത്തിന് ഒരളവുവരെ പരിഹാരമാവാനുതകുന്ന പദ്ധതിയാണ് ഭരണാധികാരികളുടെ നിസ്സംഗത മൂലം സാർവത്രികമാകാതെ അപൂർവം ഇടങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നത്