Home » ഇൻ ഫോക്കസ് » സഫീനത്ത് മാപ്പിളപ്പാട്ട് മഹോത്സവം വടകരയില്‍ ഇന്നുമുതല്‍

സഫീനത്ത് മാപ്പിളപ്പാട്ട് മഹോത്സവം വടകരയില്‍ ഇന്നുമുതല്‍

കേരള മാപ്പിള കലാ അക്കാദമിയുടെ 17 ാം വാര്‍ഷികത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ടിന്റെ 400 വര്‍ഷക്കാലത്തെ വിശകലനം ചെയ്യുന്ന മാപ്പിളപ്പാട്ട് മഹോത്സവം ‘സഫീനത്തി’ന് ഞായറാഴ്ച തുടക്കമാവും.

ഇശല്‍ തേന്‍കണത്തെ എന്നും ഹൃദയത്തിലേറ്റിയ കടത്തനാടിന്റെ മണ്ണില്‍ വൈകീട്ട് ആറിന് വടകര ടൌണ്‍ഹാളില്‍ (വടകര കൃഷ്ണദാസ് നഗര്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സഫീനത്ത് എന്ന വാക്കിന് അറബിയില്‍ പായക്കപ്പല്‍ എന്നാണ് അര്‍ഥം.

പായക്കപ്പലില്‍ എത്തിയ ഗായകര്‍ പാടിയ പാട്ടുകള്‍ പിന്നീട് മാപ്പിളപ്പാട്ടായി പരിണമിക്കുകയായിരുന്നു. മാപ്പിളപ്പാട്ടിന്റെ നാലു നൂറ്റാണ്ടിന്റെ ചരിത്രവും സംസ്കാരവും വിശകലനം ചെയ്യുന്ന മാപ്പിളപ്പാട്ട് മഹോത്സവം നാടിന് പുതു ചരിത്രമാകും. മാപ്പിളപ്പാട്ടിന്റെ പിതാവായ കുഞ്ഞായന്‍ മുസല്ല്യാര്‍ മുതല്‍ മലബാറിന്റെ ഇശലുകളുടെ തമ്പുരാനായ പി ടി അബ്ദുറഹിമാന്‍ വരെയുള്ള പ്രതിഭാധനരായ മാപ്പിളപ്പാട്ട് രചയിതാക്കളുടെ പാട്ടിന്റെ ചരിത്ര വഴികളാണ് മഹോത്സവത്തില്‍ ഇഴ കീറി വിശകലനം ചെയ്യും.
ഖാസി മുഹമ്മദ്, നല്ലളം ബീരാന്‍, ചാക്കീരി അഹമ്മദ്, മെഹര്‍ തുടങ്ങിയ നിരവധി രചയിതാക്കളുടെ രചനകളും സംഭാവനകളും വിലയിരുത്തുന്ന സെമിനാറുകള്‍ മഹോത്സവത്തിന്റെ പ്രത്യേകതയാണ്. മാപ്പിളപ്പാട്ടിന്റെ തനിമയും സംസ്കാരവും പടപ്പാട്ടുകളില്‍ അടങ്ങിയ അധിനിവേശ ചെറുത്തുനില്‍പ്പുകളും പുതുതലമുറക്ക് പകര്‍ന്ന് നല്‍കുക എന്നതാണ് മഹോത്സവത്തിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കേരള മാപ്പിള കലാ അക്കാദമി നേതൃത്വത്തില്‍ മാപ്പിള മഹോത്സവം സംഘടിപ്പിക്കും. ഒരു വര്‍ഷം നീളുന്ന പരിപാടിയില്‍ കോഴിക്കോട് കടപ്പുറത്ത് നാനൂറ് മാപ്പിളപ്പാട്ട് ഗായകരെ അണിനിരത്തി മെഗാ ഷോയും സംഘടിപ്പിക്കും.
ആദ്യകാല ഗായകരെ ആദരിക്കല്‍, കുടുംബ സംഗമങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും ഉദ്ഘാടന ചടങ്ങിനുശേഷം തുടര്‍ന്ന് ഫിറോസ് ബാബു, റഷീദ് മൂവാറ്റുപുഴ, ശബ്നാ അക്രം എന്നിവരുടെ നേതൃത്വത്തില്‍ ഇശല്‍തേന്‍കണം മാപ്പിളപ്പാട്ട് ഗാനമേള അരങ്ങേറും.

Leave a Reply