വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭിയിലൂടെ കോഴിക്കോട്ട് എത്തുമ്പോള്‍ ഈ നാട് കടപ്പെട്ടിരിക്കുന്ന രണ്ടുപേരുണ്ട്.
ഉര്‍വശി പട്ടത്തില്‍ സുരഭിയും ജന്മനാടും അഭിമാനം കൊള്ളുമ്പോഴും ആരാലും അധികമൊന്നും അറിയപ്പെടാതെ ഒതുങ്ങിനിന്ന അവര്‍ മിന്നാമിനുങ്ങ് എന്ന സിനിമയുടെ സംവിധായകന് അനില്‍ തോമസും തിരക്കഥാകൃത്ത് മനോജുമായിരുന്നു.
സുരഭിയുടെ തമാശ നിറഞ്ഞ മുഖത്തിനപ്പുറം മറ്റൊരു മുഖമുണ്ടെന്നു കാണിച്ചത് ഇവരായിരുന്നു. മലയാളത്തില്‍ നിരവധി പ്രതിഭാശാലികളായ നടിമാരുണ്ടായിട്ടും ഇവര്‍ സുരഭിയെ തേടിയെത്താന്‍ കാരണമുണ്ടായിരുന്നു. മിന്നാമിനുങ്ങിന്റെ ചര്‍ച്ച നടക്കുമ്പോള്‍ പ്രധാന നടി ആരായിരിക്കണമെന്നതില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മലയാള സിനിമയിലെ പ്രധാന നടിമാരുടെയെല്ലാം മുഖം മനസ്സില്‍ മിന്നിമറഞ്ഞെങ്കിലും സംവിധായകന് ആരെയും സെലക്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ അയാളും ഞാനും തമ്മില്‍ എന്ന ലാല്‍ജോസിന്റെ സിനിമയിലെ സുരഭിയുടെ നിശ്ചലദൃശ്യം മനോജിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംവിധായകനെ കാണിച്ചപ്പോള്‍ അവര്‍ തേടിയ ഒരു വിധവയുടെ കണ്ണീര് ആ മുഖത്ത് സംവിധായകന് കണ്ടു. പിന്നെ സുരഭി പേരില്ലാത്ത ആ കഥയിലെ നായികയായി മാറുകയും പതിനാലു വര്‍ഷത്തിനുശേഷം മലയാളത്തിലേക്ക് ഉള്‍വശി പട്ടം കൊണ്ടുവരികയും ചെയ്തു.
കോഴിക്കോടിന്റെ സുരഭിയെയല്ല ഞങ്ങള്‍ക്കു വേണ്ടതെന്നും ഭാഷയിലും നടത്തത്തിലും കാര്യമായ മാറ്റം വേണമെന്നും ആദ്യമേ അവരോട് പറഞ്ഞതായി സംവിധായകന് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്ന് കുടുംബം പുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വിധവയായിട്ടാണ് സുരഭി ഈ സിനിമയില്‍ ജീവിക്കുന്നത്. അതുവരെ കണ്ട സുരഭിയുടെ കോഴിക്കോടന്‍ ഭാഷയും മാനറിസവും ഇവിടെ നമ്മള് കാണുന്നില്ല.
അല്‍പ്പം കുണുങ്ങി നടക്കണമെന്നും മറ്റൊരു ഭാഷയില്‍ സംസാരിക്കണമെന്നും പറഞ്ഞപ്പോഴും 15 ദിവസത്തിനുള്ളില്‍ത്തന്നെ പേരില്ലാത്ത ആ നായികയായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞതായി സംവിധായകന് പറയുന്നു. ചിത്രം ജൂലൈ 21ന് റിലീസ് ചെയ്യും.