Home » വാർത്തകൾ » നിശാന്തിനി വനിതാബറ്റാലിയന്‍ കമാന്‍ഡന്റ്‌

നിശാന്തിനി വനിതാബറ്റാലിയന്‍ കമാന്‍ഡന്റ്‌

പോലീസില്‍ വനിതകളുടെ അംഗസംഖ്യ 15 ശതമാനമാക്കാന്‍ ലക്ഷ്യമിട്ട് 2160 വനിതാപോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകൂടി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കേരളാപോലീസില്‍ പുതുതായി രൂപവത്കരിക്കുന്ന വനിതാബറ്റാലിയന്റെ കമാന്‍ഡന്റായി ആര്‍. നിശാന്തിനിയെ നിയമിച്ചു. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ സെല്ലില്‍ എസ്.പി.യാണ് ഇപ്പോള്‍ നിശാന്തിനി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന സാഹചര്യം കണക്കിലെടുത്താണ് വനിതാബറ്റാലിയന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പോലീസില്‍ വനിതകളുടെ അംഗസംഖ്യ 15 ശതമാനമാക്കാന്‍ ലക്ഷ്യമിട്ട് 2160 വനിതാപോലീസ് ഉദ്യോഗസ്ഥരുടെ തസ്തികകൂടി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 3724 വനിതാപോലീസ് ഉദ്യോഗസ്ഥരാണുള്ളത്. പോലീസ് സേനയുടെ ആറുശതമാനം മാത്രമാണിത്.
ഇതിനിടെ, പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ 1252 പോലീസ് ഉദ്യോഗസ്ഥരെ വിവിധ ബറ്റാലിയനുകളില്‍നിന്ന് മാറ്റിനിയമിച്ചു. ഇത്രയും പോലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റിയതോടെ ബറ്റാലിയനുകളില്‍ വന്ന ഒഴിവുകള്‍ പി.എസ്.സി.വഴി നികത്താനും തീരുമാനിച്ചിട്ടുണ്ട്.
2008 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ നിശാന്തിനി കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍, തൃശ്ശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട്, തൃശ്ശൂര്‍ കമ്മിഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.കെ എസ് ആർ ടി സി എം ഡി രാജമാണിക്യത്തിന്റെ ഭാര്യയാണ്.

Leave a Reply