മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും ആശ്വാസകേന്ദ്രമായ ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസിന് (സിഡിഎസ്) 10 വയസ്സാകുന്നു.മെഡിക്കല്‍ കോളജ് ഇംഹാന്‍സില്‍ പ്രവര്‍ത്തിക്കുന്ന സി ഡി എസില്‍ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍നിന്നായി ഇതുവരെ മുപ്പതിനായിരത്തോളം കുട്ടികളാണ് ചികില്‍സയ്ക്കെത്തിയത്.
സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങി ബുദ്ധിവികാസ വൈകല്യങ്ങള്‍ക്കും കുട്ടികളുടെ മാനസിക വൈകാരിക പ്രശ്നങ്ങള്‍ക്കും സൗജന്യ ചികിത്സയാണു നല്‍കുന്നത്. ഓരോ മാസവും ഏകദേശം 1000 കുട്ടികള്‍ ഇത്തരത്തില്‍ വിവിധ തെറപ്പി/ കൗണ്‍സലിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരം കുട്ടികളുടെ ചികില്‍സയ്ക്ക് സ്വകാര്യമഖലയില്‍ വന്‍തുകകള്‍ ചെലവഴിക്കേണ്ടിവരുമ്പോഴാണ് സിഡിഎസില്‍ സൗജന്യചികില്‍സ ലഭിക്കുന്നത്.
2007 മാര്‍ച്ചില്‍ മെഡിക്കല്‍ കോളജിലെ ആര്‍സിഎച്ച് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സിഡിഎസ് പിന്നീട് ഇംഹാന്‍സിന്റെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ്) പുതിയ കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. തുടക്കത്തില്‍ എന്‍ആര്‍എച്ച്എമ്മിന്റെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനം.
ഇപ്പോള്‍ ഇംഹാന്‍സിന്റെ സ്വന്തം ഫണ്ട് ഉപയോഗിക്കുന്നു. പീഡിയാട്രീഷ്യന്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഓക്യുപ്പേഷന്‍ തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്പെഷല്‍ എജ്യുക്കേറ്റര്‍ എന്നീ വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്. മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.
ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങി ന്യൂറോ സയന്‍സ് മെന്റല്‍ ഡിസോര്ഡറുകള്ക്കുമായുളള ഒരു അഡ്വാന്‍സ് സെന്റര്‍ ആയി വികസിക്കുന്നതിനുളള സാധ്യതയാണ് കേന്ദ്രത്തിനുള്ളത്. അതിനുളള വിദഗ്ധരും സ്ഥല സൗകര്യവും ഇംഹാന്‍സില്‍ ലഭ്യമാണ്. സിഡിഎസിന്റെ ഔട്ട് റീച്ച് ക്ലിനിക്കുകള്‍ ഇപ്പോള്‍ താമരശ്ശേരി, പേരാമ്പ്ര, കടലുണ്ടി എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, എടവണ്ണ, മലപ്പുറം, എടപ്പാള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഹാന്‍സിന്റെ വാര്‍ഷികവും സിഡിഎസിന്റെ പത്താം വാര്‍ഷികവും ആറാം തീയതി 11 മണിക്ക് എ. പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വൈകല്യം തിരിച്ചറിയണം കുട്ടികള്‍ക്ക് അടങ്ങിയിരിക്കാനാകാത്ത അവസ്ഥയുണ്ടാക്കുന്ന അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, പഠനവൈകല്യങ്ങള്‍, സ്വഭാവ വൈകല്യങ്ങള്‍, വിഷാദരോഗം തുടങ്ങിയവ ബാധിച്ച കുട്ടികള്‍ ഇപ്പോള്‍ കൂടുതലായി കേന്ദ്രത്തിലെത്തുന്നുണ്ടെന്ന് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കുള്ള ചികില്‍സ ഫലപ്രദമാകണമെങ്കില്‍ കുടുംബത്തിലും സ്കൂളിലും അവര്‍ക്കു നല്ല പിന്തുണ അത്യാവശ്യമാണ്.
കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയുകയെന്നതാണ് ഏറ്റവും പ്രധാനം. കുട്ടികള്‍ക്കു രണ്ടുമാസം പ്രായമായാല്‍ ചിരിക്കണം, നാലുമാസമാകുമ്പോള് കഴുത്ത് ഉറയ്ക്കണം, എട്ടാം മാസത്തില്‍ പിടിക്കാതെ ഇരിക്കാന്‍ കഴിയണം. 10 മാസമാകുമ്പോള്‍ പിടിച്ചുനില്ക്കാന് കഴിയണം. ഒരു വയസ്സാകുമ്പോള്‍ രണ്ടുവാക്കെങ്കിലും പറയാന്‍ കുട്ടി പഠിച്ചിരിക്കണം. ചിരിച്ചാല്‍ തിരിച്ചു ചിരിച്ചുകാണിക്കുക, ടാറ്റ നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുട്ടി പ്രതികരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വളര്‍ച്ചയുടെ നാഴികക്കല്ലുകളായ ഈ കാര്യങ്ങളില്‍ താളപ്പിഴകള്‍ കണ്ടാല്‍ കുട്ടികളെ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു.