ഉത്തര്‍പ്രദേശിലെ ദോഹരി ഗ്രാമത്തില്‍ നിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവ് മുകടിനും മൂന്നു മക്കള്‍ക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു ഖുസിം.
മൂക്കത്തു ശുണ്ഠിയുള്ള ഖുസിം നാലു വര്‍ഷം മുന്‍പ് ഭര്‍ത്താവിനോട് പിണങ്ങി, പിന്നെ മറ്റൊന്നും ആലോചിച്ചില്ല വീടു വിട്ടിറങ്ങി അവിടെ നിന്നു ട്രെയിനില്‍ കയറി. പേരറിയാത്ത സ്ഥലങ്ങളിലൂടെ യാത്ര. ഒടുവില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി.ഗ്രാമത്തിനു വെളിയില്‍ ജീവിതത്തില്‍ പോയിട്ടില്ലാത്ത ഖുസിമ്മിനു മലയാളം മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ഇവിടെയെത്തിയപ്പോഴേക്കും ഭര്‍ത്താവിനോടുള്ള ദേഷ്യമൊക്കെ പമ്പ കടന്നിരുന്നു. പക്ഷെ തിരികെ പോകാന്‍ അറിയില്ല. എഴുത്തും വായനയും അറിവില്ലാതെ പകച്ചു പോയ ഖുസിമ്മിന് അരക്ഷിതാവസ്ഥയില്‍ മനോനില തന്നെ തെറ്റിപ്പോയി. റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞു തിരിഞ്ഞ യുവതിയെ പൊലീസ് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലാക്കി.
ചെറിയ ചികില്‍സയോടെ അവള് ജീവിതത്തിലേക്കു തിരികെ വന്നു. നേരെ മായനാട് ഗവ. ആശാഭവനില്‍ എത്തി. ഇവിടെ പുനരധിവാസ കേന്ദ്രത്തില്‍ മരുന്നു കൂട് നിര്‍മിക്കുന്ന ജോലി പഠിച്ചു. പക്ഷെ വീട്, കുടുംബം, കുട്ടികള്‍… അവരെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ അലട്ടിക്കൊണ്ടിരുന്നു. കാണുന്ന ഓരോരുത്തരോടും വീട്ടിലേക്കു മടങ്ങണമെന്നു പറഞ്ഞു തിടുക്കം കൂട്ടിക്കൊണ്ടിരുന്നു. ഇവിടുത്തെ സോഷ്യല്‍ വര്‍ക്കര്‍ ബിനു ബിനീഷ് ഇക്കാര്യത്തിനു മുന്നിട്ടിറങ്ങി.മൊറാദാബാദ് എസ്പിയുമായി ഫോണില്‍ ബന്ധപ്പെട്ടു.
അവിടെ നിന്നു ദോഹരി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എസ്പി രവിശങ്കര്ചവിയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ കിട്ടി. അദ്ദേഹം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ജെ. ജയനാഥിന്റെ ബാച്ച്മേറ്റാണ്. അതോടെ കാര്യങ്ങള്‍ വേഗത്തിലായി. ഖുസിമ്മിനെ കാണാതെ വലഞ്ഞ വീട്ടുകാര്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തില്‍ ഭര്‍ത്താവ് മുകടിനെ കണ്ടെത്തി. ഭാര്യ കോഴിക്കോടുണ്ടെന്ന വിവരം കിട്ടിയതോടെ മുകട് ഭാര്യാസഹോദരന്‍ റിങ്കുവുമായി കോഴിക്കോട്ടെത്തി.
കൊച്ചു പിണക്കത്തിനു ഖുസിമ്മിനു ബലിയായി നല്‍കേണ്ടി വന്നതു നാലു വര്‍ഷം. ഭര്‍ത്താവിനെയും കുടുംബത്തെയും പിരിഞ്ഞുള്ള നാല് വര്‍ഷം. ഒടുവില്‍ മായനാട് ഗവ. ആശാഭവന്റെ സംരക്ഷണത്തണലില്‍, അങ്ങ് ദൂരെ ഉത്തര്‍പ്രദേശില്‍ നിന്നു ഭര്‍ത്താവിനെയും കുടുംബത്തെയും കണ്ടെത്തി. തൊഴിലാളിദിനത്തില്‍ അവരോടൊപ്പം ഖുസിം നാട്ടിലേക്കു മടങ്ങി.കുഞ്ഞുകാര്യങ്ങള്ക്കൊരിക്കലും വീട്ടുകാരോടു പിണങ്ങി വീടുവിട്ടിറങ്ങില്ലെന്നുറപ്പിച്ചായിരുന്നു മടക്കം.
ഖുസിമ്മിനെ യാത്രയാക്കാന്‍ സബ് ജഡ്ജി ആര്.എല്‍. ബൈജു, സിആര്‍സി ഡയറക്ടര്‍ ഡോ. റോഷന് ബിജ്ലി എന്നിവരെ കൂടാതെ ആശാഭവനിലെ ജീവനക്കാര്‍ ഒന്നടങ്കം എത്തി.പുനരധിവാസ കേന്ദ്രത്തില്‍ ഇതുവരെ ജോലി നോക്കിയതിന്റെ പ്രതിഫലവും വാങ്ങിയാണ് ഖുസിം മടങ്ങിയത്. ഇനി ഒരിക്കലും പ്രിയപ്പെട്ടവനോട് പിണങ്ങില്ലെന്ന ശപഥത്തോടെ.