നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യത്തില്‍ നടത്തിയ പൂരം സാമ്പിള്‍ വെടിക്കെട്ട് വര്‍ണാഭമായി.
വാനില്‍ നിലയമിട്ടുകള്‍ തീര്‍ത്ത ഇന്ദ്രജാലവും ഭൂമിയില്‍ അഗ്നിയുടെ ഇരമ്പവുമായി ആകാശപ്പൂരത്തിന്റെ ആദ്യഘട്ടം അവിസ്മരണീയം.
ശബ്ദതീവ്രത കുറഞ്ഞ ആകാശപ്പൂരത്തില് അമിട്ടുകളുടെ വര്ണാഭയില് പൂരനഗരി പ്രകാശമാനമായി. എന്നാല്‍, ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചലുകള്ക്കുശേഷം മഴയാരംഭിച്ചത് സാമ്പിള്‍ വെടിക്കെട്ടിന്റെ പൊലിമ കുറച്ചു. തുടര്‍ന്ന് ചെറുമഴയുടെ പിന്‍ബലത്തില്‍ അമിട്ടുകള്‍ ഉയരാന്‍ തുടങ്ങിയെങ്കിലും നിര്‍ത്തിവയ്ക്കേണ്ടിവന്നു.
സാമ്പിള്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ജനസഹസ്രംതന്നെ എത്തിയിരുന്നു. അപ്രതീക്ഷിതമഴ പൂരപ്രേമികളെ വലയ്ക്കുന്നതായി.
ആദ്യമായി ഡൈനയുടെ നെഞ്ചിടിപ്പിക്കുന്ന ശബ്ദതീവ്രത എക്സ്പ്ളോസീവ് വകുപ്പിന്റെ തടസ്സങ്ങളില്‍ ഇല്ലാതായ പൂരംവെടിക്കെട്ടില് കുഴിമിന്നല്‍, ഗുണ്ട്, അമിട്ട്, ഓലപ്പടക്കം എന്നിവയുടെ പ്രയോഗങ്ങളിലൂടെയായിരുന്നു സാമ്പിളിനു തുടക്കം.
അനുവദനീയമായ രണ്ടായിരം കിലോവീതം കരിമരുന്നിനെ കലാത്മകമായി രൂപപ്പെടുത്തി അവതരിപ്പിക്കാനാണ് ഇരു വിഭാഗവും ശ്രമിച്ചത്. കൂട്ടപ്പൊരിച്ചിലിനുശേഷം സാധാരണ ഉണ്ടാകാറുള്ള അമിട്ടുകളുടെ മത്സരപ്രയോഗങ്ങള് മഴമൂലം തുടരാനായില്ല.
ബുധനാഴ്ച രാത്രി 7.34ന് തിരുവമ്പാടി വിഭാഗമാണ് ആദ്യ തിരികൊളുത്തിയത്. ഓലപ്പടക്കത്തിലും ഗുണ്ടിലും തുടങ്ങിയ വെടിക്കെട്ടിന്റെ ആദ്യഭാഗം കൂട്ടപ്പൊരിച്ചിലോടെ രണ്ടര മിനിറ്റില്‍ കസറി. പാറമേക്കാവിന്റെ ഊഴമായപ്പോള്‍ തട്ടകത്തെ വിറപ്പിക്കുന്ന പ്രകടനമായി.
കൂട്ടപ്പൊരിച്ചിലുകള്ക്കുശേഷം ഇരുവിഭാഗവും അമിട്ടുകളുടെ കലവറ തുറക്കാന്‍ തുടങ്ങിയതോടെയാണ് മഴ ചൊരിഞ്ഞത്.
കേന്ദ്ര എക്സ്പ്ളോസീവ് വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി സ്വരാജ് റൌണ്ടില്‍ നായ്ക്കനാല്മുതല് മണികണ്ഠനാല്വരെ ജനങ്ങളെ മാറ്റിനിര്‍ത്തിയിരുന്നു.
തിരുവമ്പാടിക്ക് കുണ്ടന്നൂര്‍ വി എം സജിയും പാറമേക്കാവിന് കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് സാമ്പിളിന്റെ ആകാശപ്പൂരമാരുക്കിയത്. വെള്ളിയാഴ്ച പൂരത്തിലെ പ്രധാന ചടങ്ങായ കുടമാറ്റം കഴിഞ്ഞ് മിനി വെടിക്കെട്ട് നടക്കും. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മുഖ്യ വെടിക്കെട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പൂരം ഉപചാരം ചൊല്ലി പിരിയുമ്പോള്‍ സമാപനവെടിക്കെട്ടും നടക്കും.