കത്തുന്ന സൂര്യന് തലക്കുമുകളില്‍ സാധാരണ വിവാഹ സമ്മാനങ്ങള്‍ നല്‍കുക നവദമ്പതികള്‍ക്കാണ്. പക്ഷെ ഈ വിവാഹം അങ്ങനെയല്ല, കല്യാണത്തിനെത്തിയവര്‍ക്ക് നവദമ്പതികള്‍ സമ്മാനം കൊടുത്തു. വെറും സമ്മാനമല്ല, നല്ല ഒന്നാന്തരം വൃക്ഷത്തൈകള്‍. കോഴിക്കോട് ഓമശേരിയിലെ വിപിന്റെയും സിഞ്ചുവിന്റെയും വിവാഹത്തിന് എത്തിയവര്‍ക്കാണ് സല്‍ക്കാരത്തിന് ശേഷം സമ്മാനമായി വൃക്ഷത്തൈകള്‍ ലഭിച്ചത്.
തുണിസഞ്ചിയില്‍ പുഞ്ചിരിച്ചു നില്ക്കുന്ന ഫലവൃക്ഷത്തൈകളില്‍ മാവ്, പേര, ചാമ്പ, സപ്പോട്ട അങ്ങനെ മുന്നൂറിലധികം ഫലവൃക്ഷത്തൈകളുണ്ടായിരുന്നു. ഈ വൃക്ഷത്തൈകള്‍ വിതരണം മാത്രമല്ല, വരനും വധുവും തൈ നട്ട്് അവരുടെ ജീവിതത്തിലെ മനോഹരമായ ദിവസത്തെ അടയാളപ്പെടുത്തുകയും ചെയ്തു.
വി-ഗാര്‍ഡിന്റെ ഹിമാചല്‍ യൂണിറ്റിലെ സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പായ ആടുജീവിതത്തിലെ സുഹൃത്തുക്കളാണ് വിപിന്റെയും സിഞ്ചുവിന്റെയും വിവാഹത്തിന് വ്യത്യസ്ഥമായ സമ്മാനം ഒരുക്കിയത്.
വിവാഹസല്‍ക്കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും വലിച്ചെറിഞ്ഞ് കളയുന്ന കാര്‍ഡുകള്‍ക്ക് പകരം തണലും പഴങ്ങളും നല്കുന്ന ഫലവൃക്ഷങ്ങള്‍ നല്കിയാലോ എന്ന ആശയം വാട്ട്സ്ആപ്പിലെ സുഹൃത്തുക്കള്‍ പങ്ക് വച്ചപ്പോള്‍ എല്ലാവരും അതിനൊപ്പം നിന്നു. വി-ഗാര്‍ഡിന്റെ കൊച്ചി യൂണിറ്റില്‍ എന്‍ജിനീയറാണ് വിപിന്‍.
ഒരു മരം നടുക എന്നാല്‍ നാളയെ കുറിച്ച് പ്രതീക്ഷയും സ്വപ്നങ്ങളും ഉണ്ടാവുക എന്നതാണെന്നും പുതിയ ജീവിതം തുടങ്ങുന്നവര്‍ക്കും അനുഗ്രഹിക്കാനെത്തിയവര്ക്കും സമ്മാനിക്കാന്‍ വൃക്ഷത്തൈകളേക്കാള് മനോഹരമായ മറ്റൊന്നുമില്ലെന്നും വിപിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
റിപ്പോർട്ട് ആനന്ദ് കെ എസ്