Home » ന്യൂസ് & വ്യൂസ് » മിഠായി തെരുവിന് മധുരമേറുമോ…?

മിഠായി തെരുവിന് മധുരമേറുമോ…?

ഒടുവിൽ മിഠായി തെരുവിന് ശാപമോക്ഷം. കോഴിക്കോടിന്റെ പൈതൃകത്തെരുവായ മിഠായിത്തെരുവ് മോടികൂട്ടൽ തുടങ്ങി.ഇനി ഗ്രാനൈറ്റ് വിരിച്ച പാതയിലൂടെ നടക്കാം. തുറന്നുകിടക്കുന്ന ഓവുചാലുകളുടെ ദുർഗന്ധവും ഈ മധുരത്തെരുവിലെത്തുംവരെ മൂക്കുപൊത്തിക്കില്ല.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മാറാലപോലെയുള്ള വൈദ്യുതിലൈനുകൾ ഒഴിവാക്കി ഭൂഗർഭ കേബിളുകളാക്കുകയാണ്. അതിന്റെ ആദ്യഘട്ടമായി റോഡിന്‌ നടുവിൽ വൈദ്യുതിത്തൂണുകൾ സ്ഥാപിച്ച് കച്ചവടസ്ഥാപനങ്ങളിലേക്ക് താത്കാലിക കണക്‌ഷൻ നൽകിയിട്ടുണ്ട്.

വൈദ്യുതി, ടെലിഫോൺ കേബിളുകളും കുടിവെള്ളപൈപ്പും ഭൂമിക്കടിയിലൂടെയായിരിക്കും. ഇതിനായി പ്രത്യേക കിടങ്ങുകൾ നിർമിക്കും. ഓവുചാലുകൾ പൊളിച്ചുമാറ്റും. ഓവുചാലുകൾക്ക് മുകളിൽ ഗ്രാനൈറ്റുകൾ പാകും. വ്യാപാരസ്ഥാപനങ്ങളിലേക്ക് ട്രോളികൾ ഉൾപ്പെടെയുള്ളവ കൊണ്ടുപോവാൻ സൗകര്യപ്പെടുന്ന രീതിയിലാണിത് ചെയ്യുന്നത്.

25-നകം ഓവുചാലുകളുടെ  പ്രവൃത്തി പൂർത്തിയാക്കും. കെ.എസ്.ഇ.ബി.യുടെ അനുമതികൂടി കിട്ടിയാൽ വൈദ്യുതിലൈനുകൾ ഉടൻ തന്നെ ഭുഗർഭ കേബിൾ വഴിയാക്കും. രണ്ടുമാസംകൊണ്ട് തെരുവ് മോടികൂട്ടൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂഗർഭ കേബിളിന് കെ.എസ്.ഇ.ബി.യുടെ പാനൽ അംഗീകാരം കിട്ടുന്നതിനെ ആശ്രയിച്ചായിരിക്കും പ്രവൃത്തിയുടെ പുരോഗതി. നിർമാണം തീരുന്നതുവരെ ഇരുചക്രവാഹനങ്ങളൊഴികെയുള്ളവ നിയന്ത്രിക്കും. കച്ചവടത്തെ ബാധിക്കുമെന്നതിനാൽ ചെറിയ പെരുന്നാളിന് മുൻപ് പൂർത്തിയാക്കാൻ വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കച്ചവടത്തെ ബാധിക്കരുതെന്നതുകൊണ്ട് എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമ മുതൽ മേലേപ്പാളയം റോഡുവരെ എട്ട് ഭാഗങ്ങളിലായാണ് ചെയ്യുന്നത്.

3.64കോടിയാണ് പദ്ധതിച്ചെലവ്  2.12കോടി വൈദ്യുതികേബിളുകൾക്കും മറ്റുമായി നീക്കിവെച്ചിട്ടുണ്ട്. സാമൂതിരി രാജാവിന്റെ ഭരണകാലത്തോളം പഴക്കമുള്ള തെരുവാണിത്.

പാഴ്‌സി അഞ്ജുമാൻ, ഹനുമാൻകോവിൽ ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളും  ഈ തെരുവിൽ തന്നെയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ക്യാമ്പ് ബസാർ റോഡെന്നാണ് ഈ തെരുവ് അറിയപ്പെട്ടിരുന്നത്. കച്ചവടത്തിനൊപ്പം രാജഭരണത്തിന്റെയും ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രത്തിന്റെയുമെല്ലാം കഥപറയാനുണ്ട് ഈ തെരുവിന്.

വാഹനങ്ങൾ നിരോധിച്ച് കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കുമായി തെരുവിനെ വിട്ടുകൊടുക്കണമെന്നാണ് വിദഗ്‌ധരായ ആർകിടെക്റ്റുമാരുടെ നിർദേശം. പോലീസും ഇതിനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ, വ്യാപാരികളുടെ എതിർപ്പുകാരണം നടന്നില്ല. നല്ല മനോഹരമായ നടപ്പാതകൾ സ്ഥാപിച്ച് ആളുകൾക്ക് നടക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ലോകപ്രശസ്തനായ ആർകിടെക്റ്റ് പീറ്റർ റിച്ച് അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധരുടെ നിർദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞില്ല.  ഇതെങ്കിലും നടക്കുമെന്ന വിശ്വാസത്തിലാണ് എല്ലാരും.

Leave a Reply