Home » വാർത്തകൾ » നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ പ്രവേശനത്തിന് നീണ്ട ക്യൂ.

നടുവണ്ണൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ പ്രവേശനത്തിന് നീണ്ട ക്യൂ.

സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ എന്നായിരുന്നു കഴിഞ്ഞ നാലു വര്‍ഷത്തെ പ്രധാന തലക്കെട്ടുകള്‍ എന്നാല്‍ ഇന്ന് സ്ഥിതി ആകെ മാറി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഹെലോ ഇംഗ്ലീഷും മലയാളത്തിളക്കവും മറ്റ് ആകര്‍ഷക പരിപാടികളുമായി വിദ്യഭ്യാസ രംഗം ആകെ മാറിയിരിക്കയാണ് ഇതിന്റെ തെളിവാണ് നടുവണ്ണൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനത്തിനുള്ള ഈ തള്ളിക്കയറ്റം.ചൊവ്വാഴ്ച മുതല്‍ തന്നെ രക്ഷിതാക്കളുടെ തിരക്കാണ്.കനത്ത വേനലിനെ അവഗണിച്ചും വന്‍ തിരക്കാണ് സ്കൂളില്‍ അനുഭവപ്പെടുന്നത്.

ഒന്‍പത് ഡിവിഷനുകളിലായി ഇംഗ്ളീഷ്, മലയാളം മീഡിയത്തില്‍ 300 കുട്ടികള്‍ക്കാണ് പ്രവേശനം. എന്നാല്‍ വിവിധ പഞ്ചായത്തുകളില്‍നിന്നായി 500 ലധികം കുട്ടികളാണ് പ്രവേശനത്തിന് കാത്തിരിക്കുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെ രാവിലെ മുതല്‍ ക്യൂ നില്‍ക്കുന്നുണ്ട്. രക്ഷിതാക്കള്‍ തന്നെ സ്വയം ലിസ്റ്റുണ്ടാക്കി ഒന്നു മുതല്‍ 300 വരെ കുട്ടികളുടെ പേര് എഴുതിവയ്ക്കുകയാണ്.
സ്കൂളില്‍ ഡിവിഷന്‍ വര്‍ധിപ്പിക്കാത്തതാണ് പ്രവേശനത്തിന്  തടസമായി നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഒരു ഡിവിഷന്‍ അധികം ലഭിച്ചിരുന്നു. ഈ വര്‍ഷം ഒന്‍പത് ഡിവിഷന്‍ മാത്രമാണ് അനുവദിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 36 ഡിവിഷനുകളിലേക്കുള്ള കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു. 28 ഡിവിഷനാണ് അനുവദിച്ചത്.
ബാലുശേരി നിയോജക മണ്ഡലത്തില്‍ അന്താരാഷ്ട്ര നിലവാരമാക്കി ഉയര്‍ത്തുന്നതിന് നിര്‍ദേശിച്ച സര്‍ക്കാര്‍ സ്കൂളാണിത്. ഒന്നു മുതല്‍ 10 വരെ ക്ളാസുകളിലായി 2073 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ളസ് നേടുന്ന സര്‍ക്കാര്‍ വിദ്യാലയംകൂടിയാണിത്.

പുതുതായി അഞ്ച് ക്ളാസ്മുറി നിര്‍മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. കംപ്യൂട്ടര്‍ലാബ്, ഓഫീസ് എന്നിവക്കായി ഓരോ മുറി മാറ്റിവച്ചാല്‍ ബാക്കി മൂന്ന് മുറികള്‍ ഇവിടെ ഉണ്ടാവും. സര്‍ക്കാര്‍ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം എട്ടാംക്ളാസില്‍ മൂന്ന് ഡിവിഷന്‍കൂടി പുതുതായി ആരംഭിക്കാന്‍ അനുമതി ലഭിച്ചാല്‍ 150 ഓളം കുട്ടികള്‍ക്കുകൂടി ഇത്തവണ പ്രവേശനം സാധ്യമാകും.

Leave a Reply