കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ഡോ. വി പി ശശിധരന് മരണാനന്തരം തന്റെ ശശീരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്‍കാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചു. ദീര്‍ഘകാലത്തെ ആതുരസേവനത്തിനുശേഷം ഈ മാസം അവസാനം ജോലിയില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.
1976ല്‍ എംബിബിഎസ് വിദ്യാര്‍ഥിയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ അദ്ദേഹം, 1988ല്‍ അധ്യാപകനായി ഇവിടെ ജോലിയില്‍ പ്രവേശിച്ചു.
2005ല്‍ ട്രാന്സ്ഫ്യൂഷന് മെഡിസിനില്‍ പ്രൊഫസറായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് സ്ഥാനക്കയറ്റം കിട്ടി. 2006ല്‍ കോഴിക്കോട്ട് തിരിച്ചെത്തി.
2015 ആഗസ്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി. 2016 ജൂണ്‍ 24ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി.
ആതുരരംഗത്തും സാമൂഹ്യ രംഗത്തും നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഡോക്ടര്‍ ശശിധരന് മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ചു. 59 തവണ രക്തദാനം ചെയ്തിട്ടുണ്ട്.
2004 മുതല്‍ അര്‍ബുദ രോഗികളെ സഹായിക്കുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതജ്ഞന് കൂടിയായ അദ്ദേഹം രോഗികള്‍ക്കായി സംഗീതവിരുന്നും സംഘടിപ്പിക്കാറുണ്ട്.
ശരീരം ദാനം ചെയ്യുന്ന സമ്മതപത്രത്തില്‍ ബുധനാഴ്ചയാണ് ഡോക്ടര്‍ ശശിധരന് ഒപ്പുവച്ചത്. ഭാര്യ ഡോ. സി അജിത(മഞ്ചേരി മെഡിക്കല്‍ കോളേജ്)യുടെയും മക്കളായ ഡോ. അശ്വതി ശശിധരന്(കോട്ടയം മെഡിക്കല്‍ കോളേജ്), ഡോ. അശ്വിന് ശശിധരന്(കോഴിക്കോട് മെഡിക്കല്‍ കോളേജ്) എന്നിവരുടെ സമ്മതത്തോടെയാണ് ശരീരം ദാനംചെയ്യാനുള്ള സമ്മതപത്രത്തില്‍ ഡോക്ടര്‍ ശശിധരന് ഒപ്പുവച്ചത്.