Home » നമ്മുടെ കോഴിക്കോട് » പ്രതീക്ഷയുടെ കപ്പലേറി ദ്വീപുകാര്‍ വരുന്നു

പ്രതീക്ഷയുടെ കപ്പലേറി ദ്വീപുകാര്‍ വരുന്നു

എല്ലാ തിരിച്ചടികളെയും നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിട്ട ചരിത്രമുണ്ട് ലക്ഷദ്വീപുകാര്‍ക്ക്. ഡോലിപ്പാട്ടിന്റെ താളമാണ് അവരുടെ ജീവിതത്തിന്. നെഞ്ചിലടിക്കുന്ന ഈ താളമാണ് പ്രതിസന്ധികളെ മറികടന്ന് ഇന്റര്‍സോണിനായി അവരെ കപ്പല്‍ കയറ്റുന്നത്.

കഴിഞ്ഞ മാസം 12-നാണ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്വദീപ് സ്റ്റുഡന്റ്‌സ് ഡീനിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ആഴ്ചയാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. അവസാന നിമിഷമായത് കാരണം ഫണ്ട് കൈമാറാന്‍ യൂണിവേഴ്‌സിറ്റിക്ക് സാധിച്ചില്ല.

ഇതിനിടെ യാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വ് ചെയ്യണമെന്നാവശ്യപ്പെട്ട് ഷിപ്പിങ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയും അവഗണിക്കപ്പെട്ടു. ഇതില്‍ തീരേണ്ടതായിരുന്നു ഒരു കൂട്ടം പ്രതിഭകളുടെ കലോത്സവസ്വപ്‌നങ്ങള്‍.

പക്ഷേ തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. എങ്ങനെയും കലോത്സവത്തിനെത്തണം. അതിനുള്ള സകല ചെലവും സ്വയംവഹിക്കാന്‍ തീരുമാനിച്ചു. ഇതിനായി കുടുക്കപോലും പൊട്ടിക്കേണ്ട അവസ്ഥയായിരുന്നു.

എന്നിട്ടും കോഴിക്കോട്ടെത്താനുള്ള പണം മാത്രമേ സ്വരൂപിക്കാനായുള്ളൂ. ദ്വീപില്‍ തിരിച്ചെത്തണമെങ്കില്‍ അധികൃതര്‍ കനിയണം. ആറിന് നടക്കുന്ന സിന്‍ഡിക്കേറ്റില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സരാര്‍ഥികള്‍. ലക്ഷദ്വീപിന്റെ തനത് കലയായ ഡോലിപ്പാട്ട് ഉദ്ഘാടന പരിപാടിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. നിലവിലെ അവസ്ഥയില്‍ ഇതിനുള്ള സാധ്യതയും വിരളമാണ്. അങ്ങനെയെങ്കില്‍ ഒരു നാടിന്റെ ജീവാത്മാവ് അനുഭവിക്കാനുള്ള കലാസ്വാദകരുടെ അവസരം കൂടിയാണ് ഇല്ലാതാവുന്നത്.

യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇടപെട്ട് സ്‌ക്രീനിങ് നടത്തിയാണ് അറുപതോളം മത്സരാര്‍ഥികളെ ലക്ഷദ്വീപില്‍ നിന്ന് ഇന്റര്‍സോണിലേക്ക് തിരഞ്ഞെടുത്തത്. ഇത്രയേറെ പ്രാതിനിധ്യം ലക്ഷദ്വീപില്‍ നിന്ന് ആദ്യമാണ്. സാമ്പത്തികബുദ്ധിമുട്ടുള്ളതിനാല്‍ പലരും പിന്‍വലിഞ്ഞു.

ഇപ്പോള്‍ ഇരുപത്തിയഞ്ചോളം പേരാണ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. ആന്ത്രോത്ത് പി.എം. സഈദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്നും കവരത്തി ബി.എഡ്. കോളേജില്‍ നിന്നുമുള്ളവരാണ് മത്സരാര്‍ഥികള്‍.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലേക്കുള്ള കപ്പലില്‍ ഇവരും നാല് അധ്യാപകരും പുറപ്പെടും. അവിടെനിന്ന് തീവണ്ടിയില്‍ കോഴിക്കോട്ടേക്കും. തഴക്കമുള്ള ഒപ്പനയും മാപ്പിളപ്പാട്ടും ഉള്‍പ്പെടെ പന്ത്രണ്ടോളം ഇനങ്ങളില്‍ ലക്ഷദ്വീപ് വൈഭവം മാറ്റുരയ്ക്കും. മത്സരാര്‍ഥികള്‍ക്കായി താമസവും ഭക്ഷണവുമെല്ലാം ഏര്‍പ്പെടുത്തി വരവേല്‍ക്കാനായിരിക്കുകയാണ് സംഘാടകര്‍.

Leave a Reply