Home » വാർത്തകൾ » ഖമറുന്നീസയെ നീക്കി; മുസ്ളിംലീഗ് കുരുക്കില്‍

ഖമറുന്നീസയെ നീക്കി; മുസ്ളിംലീഗ് കുരുക്കില്‍

ബിജെപി പ്രവര്‍ത്തനഫണ്ട് ശേഖരണം ഉദ്ഘാടനംചെയ്ത് പ്രശംസ ചൊരിഞ്ഞ ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. എന്നാല്‍, പാര്‍ടിയിലെ ഉന്നതരുടെ പിന്തുണയോടെയാണ് ഖമറുന്നീസ പ്രവര്‍ത്തിച്ചതെന്നു തെളിഞ്ഞതോടെ ലീഗിന്റെ കള്ളക്കളിയാണ് പുറത്തായത്. ഇതോടെ അണികള്‍ക്കു മുന്നില്‍ മറുപടിയില്ലാതെ കുഴങ്ങുകയാണ് നേതൃത്വം. ഖമറുന്നിസക്കെതിരെ നടപടിയെടുത്ത് തടിയൂരാനാണ് നീക്കമെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംഘപരിവാര്‍ ബാന്ധവം ലീഗിന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വ്യാഴാഴ്ചയാണ് കൊലപാതകമുളുള്‍പ്പെടെ വര്‍ഗീയാക്രമണ കേസുകള്‍ നടത്താനുള്ള ബിജെപി ഫണ്ട് ശേഖരണം ഖമറുന്നീസ തന്റെ വീട്ടില്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം നിര്‍വഹിച്ച് ബിജെപിയെ പ്രശംസിച്ച ഖമറുന്നീസയുടെ നടപടി മുസ്ളീംലീഗിനെ പൂര്‍ണമായും വെട്ടിലാക്കി. ഫണ്ട് ഉദ്ഘാടനത്തിന് ഖമറുന്നീസയ്ക്ക് അനുമതി നല്‍കിയ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പാര്‍ടിയില്‍ കലാപം തുടങ്ങി. ഇ ടിയുടെ അനുമതിയോടെയാണ് ഉദ്ഘാടനമെന്ന് ഖമറുന്നീസ വെളിപ്പെടുത്തിയിരുന്നു. നേതാക്കളുടെ പൂര്‍ണ അറിവോടെയാണ് ഉദ്ഘാടനമെന്ന ഖമറുന്നീസയുടെ  വെളിപ്പെടുത്തല്‍ ലീഗ് നേതൃത്വത്തോടൊപ്പം യുഡിഎഫ് നേതൃത്വത്തെയും വെട്ടിലാക്കി. ഇതേപ്പറ്റി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല.

തനിക്ക് തെറ്റുപറ്റിയെന്നുകാണിച്ച് മുസ്ളീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മാപ്പപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഖമറുന്നീസക്കെതിരെ നടപടി വേണ്ടെന്ന് വെള്ളിയാഴ്ച ധാരണയിലെത്തിയിരുന്നു. എന്നാല്‍, ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ഇതോടെ ശനിയാഴ്ച ഖമറുന്നീസയെ മാറ്റി. കെ പി മറിയുമ്മക്ക് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല നല്‍കി. വനിതാ ലീഗ് രൂപീകരണംമുതല്‍ സംസ്ഥാന പ്രസിഡന്റായി തുടരുന്ന ഖമറുന്നീസ സംസ്ഥാന കൌണ്‍സിലിലെ ക്ഷണിതാവായി തുടരും.

കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, കാസര്‍കോട്ടെ മദ്രാസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൌലവി വധക്കേസുകളടക്കം വിവിധ കേസുകള്‍ നടത്താനും പ്രതികളുടെ കുടുംബങ്ങളെ സഹായിക്കാനുമാണ് ബിജെപി ഫണ്ട് ശേഖരണം. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണത്തിനായി ലീഗ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഈ രണ്ട് വധക്കേസുകളായിരുന്നു. ഇത്തരം കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ ലീഗ് നേതാക്കള്‍തന്നെ രംഗത്തിറങ്ങിയത് പ്രവര്‍ത്തകരില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.

ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് ഖമറുന്നീസക്കെതിരെ നടപടി വേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി,  ഇ ടി മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്ന ഘട്ടത്തില്‍ ബിജെപിയെ പിണക്കേണ്ടെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടിക്ക്. മോഡിയെയും ഗുജറാത്തിന്റെ വികസനത്തെപ്പറ്റിയും മുമ്പ് കെ എം ഷാജി ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതും കുഞ്ഞാലിക്കുട്ടിപക്ഷം ചൂണ്ടിക്കാട്ടി.

ഇ ടി പിന്നിലുണ്ടെന്ന് വെളിപ്പെട്ടത്തോടെ നടപടി വേണമെന്ന നിലപാട് ഒരു വിഭാഗം കടുപ്പിച്ചു. കുഞ്ഞാലിക്കുട്ടിവിരുദ്ധരും ഇവര്‍ക്കൊപ്പംനിന്നു. ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജി ഉള്‍പ്പെടെയുള്ളവര്‍ നടപടി വേണമെന്ന് ശഠിച്ചു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദും നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു. നടപടി ആവശ്യപ്പെട്ട് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കുമേല്‍ ചില മതസംഘടനകളുടെ സമ്മര്‍ദവുമുണ്ടായി. ഇതോടെയാണ് നടപടിയെടുക്കാന്‍ കെ പി എ മജീദിനോട് തങ്ങള്‍ നിര്‍ദേശിച്ചത്.

മാപ്പപേക്ഷ നല്‍കിയശേഷവും ഖമറുന്നീസ നിലപാട് തിരുത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ വിശദീകരണം. അവര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനു തെളിവ് കിട്ടിയിട്ടുണ്ടെന്നും മജീദ് പറഞ്ഞു.

 

Leave a Reply