Home » ഇൻ ഫോക്കസ് » എച്ച് വണ്‍ എന്‍ വണ്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

എച്ച് വണ്‍ എന്‍ വണ്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

എച്ച് വണ്‍  എന്‍ വണ്‍ രോഗം ബാധിച്ച് ജില്ലയില്‍ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകള്‍. ഒരാള്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കുന്നമംഗലത്താണ് മരണം. രോഗത്തിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.
പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീ ചലനം ദ്രുതഗതിയിലാകുക, രക്തസമ്മര്‍ദം ക്രമാതീതമായി കുറയുക എന്നിവ  ലക്ഷണങ്ങളാണ്. കുട്ടികള്‍, വയോജനങ്ങള്‍, രോഗപ്രതിരോധ ശക്തി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം കരുതലെടുക്കണം.
വായുവിലൂടെയാണ് വൈറസ് പകരുന്നത്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ മൂക്കിലോ വായയിലോ  തൊട്ടാല്‍ അണുബാധയുണ്ടാകും. അസുഖമുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും രോഗം പകരാന്‍ കാരണമാണ്. പനി, ചുമ, ശ്വാസം മുട്ടല്‍, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയല്‍, ക്ഷീണം, പേശീവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. രക്തം കലര്‍ന്ന കഫം ഛര്‍ദിക്കുന്നതും ലക്ഷണമാണ്. ഏറെക്കുറെ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത്  എച്ച്വണ്‍    എന്‍വണ്‍ ആകാം.
കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. യാത്രയ്ക്കുശേഷം ഉടന്‍ കുളിക്കണം. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.ധാരാളം വെള്ളം കുടിക്കണം. നന്നായി വിശ്രമിക്കുക. മാനസിക സമ്മര്‍ദം അകറ്റുക. വിദേശത്തു നിന്നു വരുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ പരിശോധന നടത്തണം. നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. പോഷകമൂല്യം ഏറെയുള്ള ഭക്ഷണം കഴിക്കണം.
രോഗബാധിതര്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകരുത്. ദൂരയാത്ര ഒഴിവാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കണം. ശേഷം ഉടന്‍ തന്നെ കൈ നന്നായി കഴുകുക. മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കുക. ഹസ്തദാനം, ആശ്ളേഷം എന്നിവ ഒഴിവാക്കുക. ടവ്വല്‍ ഉപയോഗിച്ച്  കൈ തുടയ്ക്കുക, ടവ്വല്‍ കൊണ്ടുതന്നെ ടാപ്പ് അടയ്ക്കണം. ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുക. നന്നായി ഉറങ്ങുകയും ശാരീരികമായി ഊര്‍ജസ്വലരായിക്കാന്‍ ശ്രദ്ധിക്കണം. പൊതു നിരത്തിലും മറ്റും തുപ്പുന്നതും ഒഴിവാക്കുക. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെയല്ലാതെ മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. രോഗം സ്ഥിരീകരിച്ചാല്‍ ചൂടുളള ആഹാരം മാത്രം കഴിക്കുക. ഇളം ചൂടുളള പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കുക.
എച്ച്വണ്‍ എന്‍വണ്‍ ചികിത്സയ്ക്കുള്ള മരുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും സൌജന്യമായി ലഭിക്കും. രോഗത്തിന് ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ടോള്‍ഫ്രീ നമ്പര്‍ ദിശ 1056.

Leave a Reply