Home » ആരോഗ്യം » കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ

കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ

ഡോ. കെ ജ്യോതിലാല്‍

എന്തെല്ലാം കാര്യങ്ങള്‍ നിര്‍വഹിച്ചിട്ട്, എങ്ങനെ ഭക്ഷണം കഴിക്കണം എന്നതാണ് ആയുര്‍വേദം പറയുന്ന ഉപയോഗവ്യവസ്ഥ (ഉപയോഗനിയമം).

കുളിക്കാതെ ഭക്ഷണം കഴിക്കരുത് എന്നു പറയാറുണ്ട്. ശുചിത്വം തന്നെയാകും ഉദ്ദേശിക്കുന്നത്. ശുദ്ധിയുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. മുടി, ഈച്ച മുതലായവ കാണുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്. ശരിയാംവണ്ണം പാചകം ചെയ്ത ഭക്ഷണമേ കഴിക്കാവൂ. ആര്‍ത്തിയോടെ കഴിച്ചിറക്കരുത്. സന്ധ്യയ്ക്കും വെളുപ്പിനെയും വിജനതയിലും വെയിലത്തിരുന്നും ഇരുട്ടിലും വൃക്ഷച്ചുവട്ടിലും കിടക്കയിലും ഇരുന്നു ഭക്ഷണം കഴിക്കരുത്. ഇരിപ്പിടത്തില്‍ പാത്രം വച്ചിട്ടോ കയ്യില്‍ പാത്രം പിടിച്ചിട്ടോ ഭക്ഷണം കഴിക്കരുത്. ഉപ്പേരിയും ഉപ്പിലിട്ടതും പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ മാംസവും (ഫ്രൈ ചെയ്തത്) ഒഴികെ പഴകിയ ചോറും മാംസങ്ങളും കറികളും പലഹാരങ്ങളും ഭക്ഷിക്കരുത്.

തൈര്, തേന്‍, നെയ്യ്, വെള്ളം, മലര്‍പ്പൊടി, ചൂത്തപ്പുളി, പായസം എന്നിവമാത്രമേ ബാക്കിവയ്ക്കാതെ കഴിക്കാവൂ. (അല്ലാതെയുള്ളവ വിളമ്പിയതത്രയും കഴിക്കാതെ അല്പം ശേഷിപ്പിച്ചെഴുക്കേല്ക്കണം. അമിതവണ്ണം കുറയ്ക്കുകയാവാം ലക്ഷ്യം).

വളരെ സാവധാനത്തിലും എന്നാല്‍ വളരെ വേഗത്തിലുമല്ലാത്തവണ്ണം ഭക്ഷിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ അധികം സംസാരിക്കരുത്. വീണ്ടും ചൂടാക്കിയതും ചൂടധികമുള്ളതും കരിഞ്ഞതും കഴിക്കരുത്. സ്നിഗ്ദ്ധവും ലഘുവും അല്പം ചൂടുള്ളതും മമധുരരസം അല്പം അധികരിച്ചതും എന്നാല്‍ മറ്റ് അഞ്ചുരസങ്ങളും ഉള്‍പ്പെട്ടതുമായ ഭക്ഷണം അഭികാമ്യമാണ്. ഒരിക്കല്‍ കഴിച്ച ഭക്ഷണം ദഹിക്കുന്നതിനുമുമ്പ് വീണ്ടും കഴിക്കരുത്.

നിലത്ത് പായയിലോ, കുരണ്ടിയിലോ ഇരുന്നു ഭക്ഷണം കഴിക്കാം. അതല്ല കസേരയിലിരുന്നാണെങ്കില്‍ മേശപ്പുറത്തു ഭക്ഷണംവച്ചു കൊണ്ടു കഴിക്കുകയുമാവാം. വലതത്തുഭാഗത്തു കറികള്‍ വയ്ക്കണം. ഇടതുഭാഗത്തു കുടിക്കാനുള്ള വെള്ളം, പാത്രമോ ഇലയോ നനക്കാനുള്ളതോ, മുഖം തുടക്കാനുള്ളതോ ആയ വെള്ളം കിണ്ടിയിലോ ഉചിതമായ പാത്രത്തില്‍ നിറച്ചതും വയ്ക്കണം. ചോറ് നിറച്ച പാത്രമോ ഇലയോ മദ്ധ്യത്തായി വയ്ക്കണം. അല്പം ദ്രവരൂപത്തിലുള്ളതോ കറി ഒഴിച്ചു പുരട്ടി അല്പം ദ്രവരൂപത്തിലാക്കിയോ ആദ്യം ഭക്ഷിക്കണം. ദ്രവപായമാകാതെയുള്ളത് ശീലിച്ചവര്‍ക്ക് ആദ്യം തന്നെ അങ്ങനെയുമാകാം. ഗുരുവായിട്ടുള്ളതും (ദഹിക്കാന്‍ സമയമെടുക്കുന്നത്) സ്നിഗ്ധമായതും (മയപ്പെടുത്തിയത്) മധുരരസമുള്ളതും- ഇവയൊക്കെ ആദ്യം തന്നെ കഴിക്കണം. പുളിരസവും, ഉപ്പുരസവുമുള്ളതു മധ്യത്തില്‍ കഴിക്കണം, രൂക്ഷമായുള്ളവയും, കയ്പ്പ്, ചവര്‍പ്പ്, എരിവ് എന്നീ രസങ്ങളുള്ളവയും അവസാനം കഴിക്കണം.

പ്രകൃത്യാദികളായി ഇതേവരെപ്പറഞ്ഞ ഏഴുവിധികളെയും പാലിച്ച് ആഹാരം കഴിക്കുന്നവനാണ് ഉപയോക്താവ്. തനിക്ക് സാത്മ്യമായ ആഹാരമെന്ത് എന്നറിയാവുന്ന ഒരേഒരാള്‍ ഉപയോഗിക്കുന്നയാള്‍ മാത്രമാണല്ലോ. ആഹാരത്തെ ആശ്രയിച്ചിട്ടുള്ള ഉപയോക്താവിന്റെ സാത്മ്യത്തെ ‘ഓകസാത്മ്യം’ എന്നു പറയുന്നു. ഓരോരുത്തരും അവരവരുടെ ഓകസാത്മ്യം അറിഞ്ഞുമാത്രമേ ഭക്ഷിക്കാവൂ. ഹിതമായ ആഹാരം ഭക്ഷിക്കണം എന്നു തീരുമാനിക്കുന്നയാള്‍ ഉപയോക്താവായതിനാല്‍ ആഹാരവിധി അയാളെ ആശ്രയിച്ചാണിരിക്കുന്നത്.

തേരുപോലെ, നഗരംപോലെ, ദീപംപോലെ ശരീരം
തേരാളി തേരിനെ ചക്രങ്ങളില്‍ എണ്ണയിട്ടും പൊടിപടലങ്ങള്‍ തുടച്ചുമാറ്റിയും സംരക്ഷിക്കുന്നതിനാല്‍ തേര് ദീര്‍ഘനാള്‍ ഉരുളുവാന്‍ പ്രാപ്തമായിരിക്കും. ഒരു നഗരം സൂക്ഷിക്കുന്നതു നഗരാധിപനാണ്. നഗരത്തിന്റെ മുക്കും മൂലയും വൃത്തിയാക്കണം. പാതകള്‍ സഞ്ചാരയോഗ്യമാക്കണം. നഗരവാസികള്‍ക്കു ശാന്തമായും സ്വസ്ഥമായും തങ്ങളുടെ ദൈനംദിനപ്രവര്‍ത്തികള്‍ നിര്‍വഹിക്കാന്‍ കഴിയുംവണ്ണം ആക്രമികളുടെയോ ആഭാസന്മാരുടെയോ അഴിഞ്ഞാട്ടമുണ്ടാകാതിരിക്കണം. ഇങ്ങനെയുള്ള നഗരം കൂടുതല്‍ പുരോഗതിയാര്‍ജിക്കും. പുറമേ നിന്നുമുള്ളവരെയും അങ്ങോട്ടാകര്‍ഷിക്കും. വൃത്തിയുള്ള എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ച ദീപം പ്രാണികളുടെയും കാറ്റിന്റെയും ഉപദ്രവമില്ലാതിരുന്നാല്‍, അതിലുളള എണ്ണവറ്റുംവരെ തെളിഞ്ഞുകത്തി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും. ഇതുപോലെ ഹിതാഹാര- വിഹാരശീലികളായിക്കൊണ്ട് തങ്ങളുടെ ശരീരത്തെ രക്ഷിച്ചാല്‍ ആയുഷ്ക്കാലത്തോളം ഓരോരുത്തരും ആരോഗ്യമുള്ളവരായി (വ്യാധിക്ഷമത്വം ന്യൂനമാകാതെ) ജീവിക്കുക തന്നെചെയ്യും. ബുദ്ധിയുള്ളവര്‍ അവന്റെ ശരീരത്തിന്റെ കൃത്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവനായിരിക്കണം. അല്ലാതെയുള്ളവരെ എല്ലാക്കാലത്തും രോഗങ്ങളും ആക്രമിക്കും.

(തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് റിട്ടയഡ് പ്രൊഫസറാണ് ലേഖകന്‍)

Leave a Reply