കോഴിക്കോട് : കേന്ദ്രീകൃത ഐ.സി.യു.വും തിയേറ്റര്‍ സൗകര്യങ്ങളും അത്യാഹിത വിഭാഗവും ഉള്‍പ്പെട്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി സര്‍ജിക്കല്‍ കെട്ടിടത്തിന്റെ നിര്‍മാണം മെഡിക്കല്‍ കോളേജില്‍ ഉടന്‍ ആരംഭിക്കും.
195.9 കോടിയുടെ വന്‍ പദ്ധതിയാണ് ഇതിനായി രൂപകല്പന ചെയ്തിരിക്കുന്നത്.
ഏഴുനിലയിലുള്ള കെട്ടിടത്തില്‍ അത്യാഹിത മെഡിക്കല്‍ വിഭാഗം, കാര്‍ഡിയാക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ സര്‍ജറി, യൂറോളജി, അനസ്തേഷ്യ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുക.
ഏറ്റവും താഴത്തെ നില അത്യാഹിത വിഭാഗത്തിനുള്ളതാണ്. എക്സ് റേ, സ്കാന്‍, സി.ടി. സ്കാന്‍, എം.ആര്.എ., അള്‍ട്രാ സൗണ്ട് തുടങ്ങിയ റേഡിയോളജി സൗകര്യങ്ങള്‍ അത്യാഹിത വിഭാഗവുമായി ചേര്‍ന്ന് ഉണ്ടാകും. മുപ്പതിനായിരം സ്ക്വയര്‍ ഫീറ്റ് വരുന്ന അത്യാഹിത വിഭാഗത്തില്‍ ഒരു ദിവസം 500-നും 700-നും ഇടയില്‍ രോഗികള്‍ക്ക് ചികിത്സ തേടാനാവും. ഒരേസമയം 60 രോഗികളെവരെ പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്.
5 എമര്‍ജന്‍സി ഓപ്പറേഷന് തിയേറ്ററുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്കുവേണ്ടി 14 പ്രത്യേക തിയേറ്ററുകള്‍ എന്നിങ്ങനെ 19 തിയേറ്ററുകളാണ് പുതിയ ബ്ലോക്കില്‍ ഉണ്ടാവുക. 450 കട്ടിലുകള്‍ ഇവിടെ സജ്ജമാക്കും. ഓരോ നിലയിലായി മുഴുവനായും ഐ.സി.യു.വും തിയേറ്ററും സജ്ജീകരിക്കും.
ഓരോ സ്പെഷ്യാലിറ്റി വിഭാഗത്തിനും വേണ്ട പുരുഷ-വനിതാ വാര്‍ഡുകള്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് – സെമി ഐ.സി.യു., കിടക്കകള്‍, ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള മുറികള്‍, എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികള്‍, സെമിനാര്‍ ഹാളുകള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കും. ഇതുകൂടാതെ പി.ജി. പരീക്ഷകള്‍ക്കും മറ്റുമായി എട്ട് കിടക്കകള്‍ ഉള്ള എല്ലാവര്ക്കും ഉപയോഗിക്കാവുന്ന പൊതുപരീക്ഷാ ഹാളും ഉണ്ടായിരിക്കും. അത്യാവശ്യ സര്‍വീസുകള്‍ക്കായി സര്‍വീസ് ബ്ലോക്കും ഇതിനൊപ്പം ഒരുങ്ങുന്നുണ്ട്.
പുതിയ ബ്ലോക്ക് വരുന്നതോടെ നിലവിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടം മുഴുവനായി മെഡിക്കല്‍ സൂപ്പര്‍സ്പെഷ്യാലിറ്റിയായി മാറും. അതില്‍ നെഫ്രോളജി, മെഡിക്കല്‍ ഗ്യാസ്ട്രോ, കാര്‍ഡിയാക്, ന്യൂറോളജി എന്നീ വിഭാഗങ്ങളാണ് അതില്‍ ഉണ്ടാവുക. എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെയും ഒ.പി. പഴയ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തില്‍ ആയിരിക്കും.
പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. മലിനജലം ഒഴിവാക്കുന്നതിനായി പ്രത്യേകം പൈപ്പുകള്‍ സ്ഥാപിക്കും.
ആസ്പത്രി നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്ക് ആവശ്യമായ ജീവനക്കാര്‍ ഉണ്ടായിരിക്കും എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗം പുനഃക്രമീകരിച്ച് അഞ്ചുനിലയില്‍ 150 കോടിയുടെ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തത്. പദ്ധതി മാറിയതോടെ 45 കോടി രൂപയാണ് അധികം കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് 120 കോടിയേ അനുവദിക്കൂ. ആദ്യം തീരുമാനിച്ച 30 കോടിക്കു പുറമെ കാബിനറ്റ് യോഗത്തില്‍ 45.9 കോടി രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയതോടെ പ്രധാന കടമ്പ നീങ്ങി പദ്ധതി പുനര്‍ജീവിക്കുകയായിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാത്തിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ തിയ്യതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും.